വിപണിയുമായി ബന്ധപ്പെട്ടു റിട്ടേണ്‍ നിശ്ചയിക്കുന്നവ:
വിപണിയുമായി ബന്ധപ്പെട്ടു  റിട്ടേണ്‍ നിശ്ചയിക്കുന്നവ:
Tuesday, July 14, 2020 2:10 PM IST
ഇഎൽഎസ്എസ്:

ഓഹരിയിൽ നിക്ഷേപം നടത്തി നികുതി ലാഭിക്കുവാൻ സാധിക്കുന്ന ഏക ഉപകരണമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം ( യുലിപ്പിലും എൻപിഎസിലും ഭാഗിക ഓഹരി നിക്ഷേപം സാധ്യമാണ്). ഇഎൽഎസ്എസ് എന്നറിയപ്പെടുന്ന ഈ പദ്ധതി വിപണിയുമായി ബന്ധപ്പിച്ചുകൊണ്ടുള്ള റിട്ടേണ്‍ നൽകുന്നു. ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ( മൂന്നു വർഷം) ഉള്ള നികുതി ലാഭ ഉപകരണവും കൂടിയാണ്.

2018-19 കേന്ദ്ര ബജറ്റുവരെ ഇഎൽഎസ്എസിന്‍റെ റിട്ടേണിനു നികുതിയുണ്ടായിരുന്നില്ല. 2018 ഏപ്രിൽ ഒന്നു മുതൽ ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ദീർഘകാല മൂലധന വളർച്ചയ്ക്ക് 10 ശതമാനം നികുതി നൽകണം.

എൻപിഎസ്:

പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) ചുമതലയിൽ ഭാരത് സർക്കാർ നടപ്പാക്കിവരുന്ന സാർവത്രിക പെൻഷൻ പദ്ധതിയാണ് നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്). ഇതിൽ നടത്തുന്ന നിക്ഷേപത്തിന് 80 സിയിൽ ഉൾപ്പെടുത്തി 1.5 ലക്ഷം രൂപവരെ നികുതിയിളവു ലഭിക്കും. ഇക്വിറ്റി, ഡെറ്റ് നിക്ഷേപം ഇവയിലുണ്ട്. ഇക്വിറ്റി നിക്ഷേപം വിപണിയുമായി ബന്ധപ്പെടുത്തിയുള്ള റിട്ടേണ്‍ ആണ് നൽകുന്നത്. റിട്ടേണ്‍ 12 ശതമാനം മുതൽ 14 ശതമാനം വരെ പ്രതീക്ഷിക്കാം.

യുലിപ്:

ഇൻഷുറൻസ്, നിക്ഷേപം, നികുതി ലാഭം എന്നീ മൂന്നു കാര്യങ്ങൾ ഒരേ സമയം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ ഉപകരണമാണ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ അഥവാ യുലിപ്. ഇതോടൊപ്പം ഓഹരിയിൽ ഒരു ഭാഗം നിക്ഷേപം നടത്തി മെച്ചപ്പെട്ട റിട്ടേണും നേടാൻ സഹായിക്കുന്നു. പരന്പരാഗത ഇൻഷുറൻസ് പോളിസിയിൽനിന്നു യുലിപ്പിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. റിട്ടേണിന് നികുതി നൽകേണ്ടതുമില്ല. അഞ്ചു വർഷമാണ് യുലിപിന്‍റെ ലോക്ക് ഇൻ പിരീഡ്. ഇഎൽഎസ്എസ് കഴിഞ്ഞാൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള നികുതി ലാഭ ഉപകരണംകൂടിയാണിത്.

ചെലവുകളുമായി ബന്ധപ്പെട്ടവ

ചില ചെലവുകൾക്ക് ആദ്യനികുതി നിയമത്തിൽ നികുതിയിളവ് നൽകിയിട്ടുണ്ട്. ജീവിതത്തിൽ അത്യാവശ്യമാണെങ്കിലും അതു നിർവഹിക്കാൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ചെലവുകൾക്കു ആദായനികുതിയിളവു ഗവണ്‍മെന്‍റ് നൽകുന്നത്. ഇൻഷുറൻസ്, വീട്, കുട്ടികളുടെ ട്യൂഷൻ ഫീസ് തുടങ്ങിയവയൊക്കെ ചെലവുകളാണ്. അത്തരത്തിൽ നികുതിയിളവു ലഭിക്കുന്ന ഏതാനും ചെലവുകൾ ചുവടെ നൽകുകയാണ്.

ലൈഫ് ഇൻഷുറൻസ് പ്രീമിയം:

നികുതിദായകൻ, പങ്കാളി, കുട്ടികൾ എന്നിവരുടെ പേരിൽ എടുക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം അടവിന് 80 സിയിൽ നികുതിയിളവു ലഭിക്കും. പക്ഷേ വാർഷിക പ്രീമിയം സം അഷ്വേഡ് തുകയുടെ 10 ശതമാനത്തിൽ താഴെയായിരിക്കണം. ടേം പ്ലാൻ, യുലിപ്, ലൈഫ് കവറേജ് നൽകുന്ന പാരന്പര്യ ഇൻഷുറൻസ് പോളിസികൾ തുടങ്ങിയവയുടെ പ്രീമിയത്തിനും കിഴിവു ലഭിക്കും.


ട്യൂഷൻ ഫീസ്:

രണ്ടു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകുന്ന ട്യൂഷ്യൻ ഫീസിന് 80 സിയിൽ ഇളവു ലഭിക്കും. ഒന്നര ലക്ഷം രൂപ വരെയുള്ള ഫീസിന് നികുതിയിളവു കിട്ടും. ദത്തെടുത്ത കുട്ടികളുടെ ട്യൂഷൻ ഫീസിനും ഇളവു ലഭിക്കും. ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ പഠനത്തിനുള്ള ഫീസിനാണ് നികുതിയിളവു കിട്ടുക. പഠിക്കുന്ന കോഴ്സ് ഫുൾടൈം ആയിരിക്കണം.

ഭവന വായ്പ തിരിച്ചടവ്:

താമസത്തിനു വീടു വാങ്ങുന്നതിനോ നിർമിക്കുന്നതിനോ എടുത്തിട്ടുള്ള ഭവന വായ്പയുടെ പ്രിൻസിപ്പൽ തിരിച്ചടവിന് 80 സിയിൽ ഉൾപ്പെടുത്തി നികുതിയിളവു കിട്ടും. സ്റ്റാന്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, ട്രാൻസ്ഫർ ചെലവുകൾ എന്നിവയ്ക്കും കിഴിവുണ്ട്.

പാൻ, ആധാർ നൽകിയില്ലെങ്കിൽ ശന്പളം കുറച്ചേ കൈയിൽ കിട്ടൂ

രണ്ടര ലക്ഷം രൂപയ്ക്കു മുകളിൽ ശന്പളമുള്ളവർ തൊഴിൽ ദാതാവിന്‍റെ പക്കൽ പാനോ ആധാറോ നൽകിയില്ലെങ്കിൽ ശന്പളത്തിൽ 20 ശതമാനം കുറേച്ച കൈവശം കിട്ടുകയുള്ളു. ആദായ നികുതി വകുപ്പ് പുറപ്പെടുവിച്ച പുതിയ റൂളിലാണ് ഈ നിർദ്ദേശം. ഇക്കഴിഞ്ഞ ജനുവരി 16 മുതൽ ഇതു ബാധകമാക്കിയിട്ടുണ്ട്.

സ്രോതസിൽ നികുതി കിഴിക്കുന്നത് നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ നിർദ്ദേശം.
ഇതനുസരിച്ച് പാൻ അല്ലെങ്കിൽ ആധാർ നൽകാത്ത ജോലിക്കാർക്ക് ശന്പളം നൽകുന്പോൾ 20 ശതമാനം നികുതി സ്രോതസിൽ തൊഴിൽ ദാതാവ് കിഴിക്കണം. ശന്പളം നികുതി പരിധിക്കു താഴെയാണെങ്കിൽ നികുതി പിടിക്കേണ്ടതില്ല.

നികുതിയാസൂത്രണം വർഷാദ്യം തുടങ്ങാം

ഓരോ ധനകാര്യ വർഷത്തിന്‍റേയും തുടക്കത്തിൽതന്നെ നികുതിയാസൂത്രണം ആരംഭിക്കുന്നതിന് ഒട്ടേറെ മെച്ചങ്ങളുണ്ട്. ഏറ്റവും പ്രധാനമായിട്ടുള്ളത് ഏറ്റവും മികച്ച റിട്ടേണ്‍ നൽകുന്ന ആസ്തികൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം എന്നതാണ്. അതുവഴി വർഷാരംഭം മുതൽതന്നെ നികുതി നൽകേണ്ടാത്ത പലിശയോ റിട്ടേണോ നേടിത്തുടങ്ങാം. ദീർഘകാലത്തിൽഇതു മെച്ചപ്പെട്ട റിട്ടേണിനു വഴിയൊരുക്കുന്നു.