"സെൻസെക്സ് 2025-ൽ ഒരു ലക്ഷം പോയിന്‍റിലെത്തിയേക്കും’
കാർവി പ്രൈവറ്റ് വെൽത്തിന്‍റെ കേരളത്തിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കേരളത്തിലെത്തിയ കാർവി പ്രൈവറ്റ് വെൽത്ത് സിഇഒ അഭിജിത് ഭാവെ ഇന്ത്യൻ വിപണിയെക്കുറിച്ചും മറ്റ് നിക്ഷേപാവസരങ്ങളെക്കുറിച്ചും വിലയിരുത്തുന്നു.

ഇന്ത്യൻ ഓഹരി വിപണിയുടെ ബഞ്ച് മാർക്ക് സൂചികയായ സെൻസെക്സ് 2025-ഓടെ ഒരു ലക്ഷം പോയിന്‍റിൽ എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.’’ അഭിജിത് ഭാവെ അഭിപ്രായപ്പെടുന്നു. ഉയർന്ന റിസ്കുണ്ടെങ്കിലും ഓഹരിയിൽ തങ്ങൾ പോസീറ്റീവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സ്വർണത്തിലും പോസിറ്റീവാണ്. നിക്ഷേപകർ നിക്ഷേപാസ്തിയുടെ പത്തു ശതമാനം സ്വർണത്തിൽ നിക്ഷേപിക്കണം. കൂടുതൽ വേണ്ട. നടപ്പുവർഷം സ്വർണം ഒൗണ്‍സിന് 1670 ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് (ഇപ്പോൾ 1488 ഡോളറാണ്).

അതേസമയം റിയൽ എസ്റ്റേറ്റിൽ ഭാഗികമായി പോസീറ്റീവ് മനോഭാവം വച്ചു പുലർത്തുന്നു. റിയൽ എസ്റ്റേറ്റിന്‍റെ ചില മേഖലകളിൽ വളർച്ച പ്രതീക്ഷിക്കുന്നു. സ്റ്റുഡന്‍റ് ഹൗസിംഗ് വളരുന്ന വിപണിയാണ്. വേർ ഹൗസിംഗ്, കോ- വർക്കിംഗ് ഇടങ്ങൾ എന്നിവയിലും മികച്ച വളർച്ചയാണ് പ്രതീക്ഷിക്കാം. എന്നാൽ റെസിഡൻഷ്യൽ ഹൗസിംഗ് വിഭാഗത്തിൽ ഒട്ടുംതന്നെ പ്രതീക്ഷയില്ല.

സന്പത്ത് സൃഷ്ടിയുടെ നല്ല വർഷങ്ങൾ

സന്പത്ത് സൃഷ്ടിക്കുവാനുള്ള ഏറ്റവും മികച്ച അവസരങ്ങളാണ് വരും വർഷങ്ങൾ. ഇപ്പോൾ ഇരുപതുകളിലുള്ളവർക്ക് സന്പന്നരാകാനുള്ള അവസരങ്ങളാണ് വരും വർഷങ്ങളിൽ ലഭിക്കുവാൻ പോകുന്നത്. യുവാക്കൾ ഈ അവസരം പാഴാക്കരുത്. അവരുടെ നിക്ഷേപത്തിൽ ഇക്വിറ്റിക്കു മുൻതൂക്കമുണ്ടാകണം. ഇക്വിറ്റി നിക്ഷേപത്തോടൊപ്പം തന്നെ ശുദ്ധമായ ഇൻഷുറൻസും ( ടേം ഇൻഷുറൻസ്) യുവജനങ്ങൾ എടുക്കണം. അതിനപ്പുറമുള്ള ഇൻഷുറൻസിന്‍റെ ആവശ്യമില്ല.

എത്ര ഇക്വിറ്റിയിൽ നിക്ഷേപമുണ്ടായിരിക്കണം. സാധാരണ പറയുന്ന കണക്കനുസരിച്ച് നൂറിൽനിന്ന് വയസ് കുറയ്ക്കുന്പോൾ ലഭിക്കുന്ന സംഖ്യയുടെ അത്ര ശതമാനം ഇക്വിറ്റിയിലായിരിക്കണമെന്നാണ്. എന്നാൽ അതിൽ അഞ്ചു ശതമാനം കൂടി വർധന വേണമെന്നാണ് ഞങ്ങളുടെ ഉപദേശം.

ഇന്ത്യയുടെ കണ്‍സംപ്ഷൻ കഥയ്ക്ക് ഇനിയും മാറ്റമുണ്ടായിട്ടില്ല. നിക്ഷേപം കൂടുതലായി വരേണ്ടതുണ്ട്. മൂന്നാം ക്വാർട്ടർ മുതൽ ഇതു സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്പനികളുടെ വരുമാന വളർച്ചാനിരക്കിലും ഉയർച്ച ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

വിദേശ നിക്ഷേപകർക്ക് ഇന്ത്യയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളത്. അടുത്ത 5-6 വർഷത്തേക്ക് അവർ പോസീറ്റീവായി ഇന്ത്യയെ കാണുന്നു. അവർ കൂടുതൽ നിക്ഷേപം ഇന്ത്യയിൽ നടത്താനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ബാങ്കിംഗ്- ധനകാര്യ മേഖലയ്ക്കാണ് ഞങ്ങൾ ഇപ്പോൾ മുന്തിയ പരിഗണന നൽകുന്നത്. ഓട്ടോ മേഖലയും നിക്ഷേപത്തിനു യോജിച്ചതാണ്.

നടപ്പുവർഷം രൂപ ഡോളറിനെതിരേ 68-72 റേഞ്ചിൽ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കാർവി പ്രൈവറ്റ് വെൽത്ത് കേരളത്തിൽ 4 ശാഖകൾ കൂടി തുറക്കും

കാർവി ഗ്രൂപ്പിന്‍റെ വെൽത്ത് മാനേജ്മെന്‍റ് ഭാഗമായ കാർവി പ്രൈവറ്റ് വെൽത്ത് കേരളത്തിൽ നാലു പുതിയ ശാഖകൾ കൂടി തുറക്കും. തൃശൂർ, കോട്ടയം പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ശാഖകൾ തുറക്കുക. നിലവിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കന്പനിക്കു ശാഖകളുണ്ട്.

സന്പന്നർ, അതിസന്പന്നർ, വിദേശ ഇന്ത്യക്കാർ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവർക്ക്, അവരവരുടെ ആവശ്യത്തിനനുസരിച്ചുള്ള വൈവിധ്യമാർന്ന നിക്ഷേപ ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് കന്പനിയുടെ ലക്ഷ്യം.

കേരളത്തിൽ 1.69 ലക്ഷം കോടി രൂപയാണ് വിദേശത്തു നിന്നെത്തുന്നത്. ഏതാണ്ട് 4.95 ലക്ഷം കോടി രൂപയാണ് ഡിപ്പോസിറ്റായി ബാങ്കുകളിൽ കിടക്കുന്നത്. ഇക്കഴിഞ്ഞ സാന്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിദേശപ്പണം എത്തിയത് കേരളത്തിലാണ്. പത്തൊന്പതു ശതമാനം. ഈ പണലഭ്യത കൊണ്ടുവരുന്ന സാധ്യത ഉപയോഗപ്പെടുത്തുവാൻ കന്പനി ഉദ്ദേശിക്കുന്നുവെന്ന് സിഇഒ അഭിജിത് ഭാവെ പറഞ്ഞു.

യുഎഇ ആസ്ഥാനമായിട്ടുള്ള വിദേശ ഇന്ത്യക്കാർക്ക് കന്പനിയുടെ ദുബായ്, അബുദാബി ശാഖകളിലൂടെ വെൽത്ത് മാനേജ്മെന്‍റ് സൊലൂഷൻ കന്പനി നൽകി വരുന്നു. ഓരോ ഇടപാടുകാരനും അവന്‍റെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസരിച്ചുള്ള സന്പത്തു സൃഷ്ടിക്കുന്നതിനുള്ള നിക്ഷേപ ഉപകരണങ്ങൾ കാർവി പ്രൈവറ്റ് വെൽത്ത് ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ആസ്തികളിലായി അന്പതിലധികം നിക്ഷേപ ഉപകരണങ്ങളുടെ വൈവിധ്യമായ ശേഖരമാണ് കന്പനി ലഭ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ കേരളത്തിലെ ഏറ്റവും വലിയ വെൽത്ത് മാനേജ്മെന്‍റ് കന്പനിയായി മാറുവാനാണ് കാർവി പ്രൈവറ്റ് വെൽത്ത് ലക്ഷ്യമിടുന്നതെന്ന് കാർവി വൈസ് പ്രസിഡന്‍റ് ദിനേശ് കെ. നായർ പറഞ്ഞു.