ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസും അത്യാവശമാണ്
ഗ്ലോബൽ ഹെൽത്ത്  ഇൻഷുറൻസും  അത്യാവശമാണ്
Thursday, September 12, 2019 4:53 PM IST
ഇന്നത്തെ കാലത്ത് വിദേശ യാത്ര നടത്തുന്നത് അത്ര അതിശയകരമോ ആഡംബരമോ അല്ല. ബിസിനസ് ആവശ്യങ്ങൾക്കും പ്രഫഷൻ സംബന്ധമായും വിനോദയാത്രയ്ക്കായുമൊക്കെ മിക്കവരും തന്നെ വിദേശ യാത്രകൾ നടത്താറുണ്ട്. പലരുടെയും ജീവിതത്തിന്‍റെ ഭാഗം തന്നെയാണ് ഇന്ന് വിദേശ യാത്രകൾ.

ഇടയ്ക്കിടയ്ക്ക് വിദേശ യാത്ര നടത്തുന്നവർ ഒരു ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് എടുത്ത് സുരക്ഷയെ ഒന്നു കൂടി ഉറപ്പിക്കുന്നത് ജീവിതത്തിലെ മികച്ച ഒരു തീരുമാനമായിരിക്കും.

ഗ്ലോബൽ ഇൻഷുറൻസ് എടുക്കുന്നതിനു മുന്പ്

നിരവധി ഇൻഷുറൻസ് കന്പനികൾ ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കുന്നുണ്ട്. സാധാരണയായി 50 ലക്ഷം മുതൽ ഒരു കോടി രൂപയുടെ കവറേജാണ് ലഭിക്കാറ്. ഗ്ലോബൽ ഇൻഷുറൻസ് കവറേജ് എടുക്കുക എന്നത് അൽപ്പം ചെലവേറിയ കാര്യവുമാണ്. സാധാരണ ഇൻഷുറൻസ് പോളിസികളെക്കാൾ സ്ട്രിക്റ്റാണ് ഗ്ലോബൽ ഇൻഷുറൻസ് കവറേജിന്‍റെ നിബന്ധനകൾ.

പലപ്പോഴും ഗ്ലോബൽ ഇൻഷുറൻസ് കവറേജുണ്ടെങ്കിലും ആ തുക ചികിത്സയ്ക്ക ് തികയാതെ സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു ചികിത്സ നേടേണ്ടിവരും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിനുശേഷം ഉണ്ടാകുന്ന ചെലവുകളും സ്വയം വഹിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഗ്ലോബൽ ഇൻഷുറൻസ ് പോളിസി എടുക്കും മുന്പ് സൂക്ഷമായി പരിശോധിക്കേണ്ടതുണ്ട്. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം വെറുതെ കളയാൻ ആരും ഇഷ്ടപ്പെടില്ലല്ലോ. അതുകൊണ്ടു തന്നെ ചുവടെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽവയ്ക്കാം.
* രോഗി ആശുപത്രിയിലായിരിക്കുന്പോഴത്തെ ചികിത്സച്ചെലവുകൾ മാത്രമേ ഗ്ലോബൽ ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുകയുള്ളു. ആശുപത്രയിൽ അഡ്മിറ്റാകുന്നതിനു മുന്പോ അതിനുശേഷമോ ഉള്ള മറ്റു ചെലവുകൾ ഉൾപ്പെടില്ല.
* സാധാരണയായി യുഎസ്എ, കാനഡ എന്നിവിടങ്ങളിലെ ചികിത്സ ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസിൽ ഉൾപ്പെടാറില്ല. ആ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തണമെങ്കിൽ അധിക പണം നൽകേണ്ടി വരും.
* നിലവിലുള്ള രോഗങ്ങൾ കവറേജിൽ ഉൾപ്പെടുത്തണമെങ്കിൽ രണ്ടു മുതൽ നാലു വർഷം വരെ കാത്തിരിക്കണം.
* ആഭ്യന്തര ഹെൽത്ത് ഇൻഷുറൻസിനെക്കാൾ മൂന്നു മുതൽ നാല് ഇരട്ടി വരെ ചെലവേറിയതാണ് ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ്.

* പോളിസി ഉടമ വിദേശത്ത് ചികിത്സയ്ക്കായി പോകുന്നതിനു മുന്നെ കന്പനിയെ അക്കാര്യം അറിയിച്ചിരിക്കണം. വിദേശ ചികിത്സയ്ക്ക് പോകുന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് സ്വന്തം രാജ്യത്തെ ഡോക്ടറുടെ പക്കൽ നിന്നും വാങ്ങി കന്പനിയിൽ സമർപ്പിച്ചിരിക്കണം.
* അടിയന്തരമായി വിദേശ ചികിത്സ തേടേണ്ടി വന്നാൽ അടിയന്തരമായി ചികിത്സ ആവശ്യമായിരുന്നു എന്നു സാക്ഷ്യപ്പെടുത്തിയ രേഖ ഇൻഷുറൻസ് കന്പനിയിൽ സമർപ്പിക്കണം.
* സാധാരണയായി ഗ്ലോബൽ ഇൻഷുറൻസ് കന്പനികൾ റീപേമെന്‍റ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് അടിസ്ഥാനത്തിലാണ് ക്ലെയിം സെറ്റിൽ ചെയ്യുന്നത്.

ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് അത്യാവശ്യമാണോ?

ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് പലപ്പോഴും അൽപ്പം ചെലവേറിയ ഒന്നാണ്. അത് ഉപയോഗിക്കേണ്ടി വന്നില്ലെങ്കിൽ ആ നഷ്ടം ഒന്നു കൂടി കൂടുകയെയുള്ളു. പക്ഷേ, വിദേശ യാത്രകൾ ചെയ്യുന്നവർക്ക് ഹെൽത്ത് ഇൻഷുറൻസ് കവറേജ് നഷ്ടം എന്നിതെനക്കാളുപരി ഒരു അനുഗ്രഹമാണ്.

ജീവിതം അനിശ്ചിതത്വങ്ങൾ നിറഞ്ഞതായതുകൊണ്ടു തന്നെ എന്ത് എപ്പോൾ സംഭവിക്കുമെന്ന് അറിയാൻ കഴിയില്ല. അധിക ചെലവായി തോന്നുമെങ്കിലും അത് ചിലപ്പോൾ ഒരു അനുഗ്രഹമായി തീരാം. മറ്റൊരു രാജ്യത്തായിരിക്കുന്പോൾ അടിയന്തരമായി ചികിത്സ തേടേണ്ടി വന്നാൽ കൃത്യ സമയത്ത് മികച്ച ചികിത്സ ലഭ്യമാകും. അതോടൊപ്പം അനാവശ്യ ടെൻഷനുകളും ഒഴിവാക്കാം. ചികിത്സച്ചെലവുകളെക്കുറിച്ച് ഓർത്ത് ഭയപ്പെടേണ്ടതുമില്ല.

പോളിസി തെരഞ്ഞെടുക്കും മുന്പ്

സിഗ്ന ഗ്ലോബൽ ഇൻഷുറൻസ്, പ്രീമിയർ ഹെൽത്ത് ഇൻഷുറൻസ് കന്പനി, ഇന്‍റർനാഷണൽ മെഡിക്കൽ ഗ്രൂപ്, ജിയോബ്ലൂ ഗ്ലോബൽ മെഡിക്കൽ എന്നിവരാണ് ഗ്ലോബൽ ഹെൽത്ത് ഇൻഷുറൻസ് ലഭ്യമാക്കുന്ന പ്രമുഖ ഇൻഷുറൻസ് കന്പനികൾ.

ഓരോ ഇൻഷുറൻസ ്കന്പനിക്കും അവരവരുടേതായ പോളിസികളുണ്ടാകും. അതിൽ നിന്നും മികച്ച പോളിസി കണ്ടെത്തുക എന്നത് അൽപ്പം ശ്രമകരമാണ്. അതുകൊണ്ടു തന്നെ ഓരോ കന്പനികളുടേയും നിർദേശങ്ങളും നിയമങ്ങളും കൃത്യമായി വായിച്ചു മനസിലാക്കിയതിനുശേഷം വേണം പോളിസി എടുക്കാൻ. വിവിധ കന്പനികളുടെ പോളിസികളെ ഒന്ന് താരതമ്യം ചെയ്തു നോക്കുകയും ചെയ്യണം.