ചാഞ്ചാട്ടത്തിൽ പിടിച്ചുനിൽക്കാം വൻനേട്ടമുണ്ടാക്കാം
ചാഞ്ചാട്ടത്തിൽ പിടിച്ചുനിൽക്കാം വൻനേട്ടമുണ്ടാക്കാം
Wednesday, December 5, 2018 3:02 PM IST
തിരുത്തലുകൾ വരുന്പോൾ വിറ്റു മാറേണ്ട ആവശ്യമില്ല. ബെയർ മാർക്കറ്റാണെങ്കിലേ അതു ചെയ്യേണ്ട കാര്യമുള്ളൂ. ഇപ്പോഴത്തേത് ഒരു തിരുത്തൽ മാത്രമാണ്. വിപണി തിരിച്ചുകയറും. ബാലൻസ് ചെയ്തു നിൽക്കുക. തിരിച്ചുകയറുന്പോൾ നല്ല നേട്ടമുണ്ടാകും.

ഒക്ടോബറിലും നവംബറിലും ഡിസംബറിലുമൊക്കെ വിപണിയുടെ ചാഞ്ചാട്ടവും തിരുത്തലും തുടരാതിരിക്കില്ല. സെൻസെക്സ് പി.ഇ 22 എത്തിയതോടെ ഇന്ത്യൻ ഓഹരികൾ ഉയർന്ന വിലനിലവാരത്തിലെത്തിയിരുന്നു. വിദേശഫണ്ട് വരുന്നുണ്ടെങ്കിലും അതു രൂപയുടെ നിലവാരത്തിന് യാതൊരു സപ്പോർട്ടും നൽകുന്നില്ല.

നല്ല ഓഹരികളല്ലെങ്കിൽ നഷ്ടമുണ്ടായിട്ടുണ്ടാകും

ബ്ലൂചിപ് ഓഹരികളിൽ വേണം ദീർഘകാലത്തേക്ക് നിക്ഷേപിക്കുവാൻ എന്ന് പല ആവൃത്തി പറഞ്ഞിട്ടുള്ളതാണല്ലോ. രൂപയുടെ മൂല്യത്തകർച്ച ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വിദേശ കറൻസി ലഭിക്കുന്ന കന്പനികളെയാണ് സഹായിച്ചിട്ടുള്ളത്. മറ്റു ഗണത്തിൽപ്പെടുന്ന, ഇറക്കുമതി കൂടുതലായി നടത്തുന്ന കന്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്.

പലിശനിരക്ക് കൂടാം

വ്യവസായ വളർച്ചയുടെ തകർച്ചയും ഉപഭോക്തൃ സൂചികയിലെ മാറ്റവും പണപ്പെരുപ്പവും പലിശനിരക്ക് കൂട്ടുന്നതിലേക്ക് നയിച്ചേക്കാം. രൂപയുടെ വിലക്കുറവും ഇതിലേക്ക് വഴിവച്ചേക്കാം. ഇപ്രാവശ്യം റിസർവ് ബാങ്ക് അങ്ങനെ ചെയ്തില്ലെങ്കിലും സമീപഭാവിയിൽ പലിശ കൂട്ടേണ്ടതായി വരാം.

നിഫ്റ്റിയും സെൻസെക്സും 11,760ലും 39,000ത്തിനോടടുത്തും എത്തിയതോടെ ഇന്ത്യൻ രൂപയുടെ താഴ്ചയും ആഭ്യന്തര സന്പദ് വ്യവസ്ഥ ദുർബലമായതും മറ്റു അനുകൂല ഘടകങ്ങളെ ഇടിച്ചുതാഴ്ത്തി. പല ഹൗസിംഗ് ഫിനാൻസ് - ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികൾ തകർന്നടിഞ്ഞു.

ഓർമിയിലുണ്ടായിരിക്കേണ്ടത്

1. ഉന്നത നിലവാരമുള്ള ബിസിനസിൽ നിക്ഷേപിക്കാനുള്ള സമയംകഴിഞ്ഞു എന്നു വിചാരിക്കേണ്ട, എണ്ണായിരത്തിലൊക്കെ വ്യാപാരം ചെയ്യുന്ന മാരുതി ഇപ്പോഴും നിക്ഷേപയോഗ്യമായ ഓഹരിയാണ്.
2. വാങ്ങാൻ ഏറ്റവും കുറഞ്ഞ വിലയും വിൽക്കാൻ ഏറ്റവും ഉയർന്ന വിലയും നോക്കിയിരിക്കേണ്ട ആവശ്യമില്ല. അതെപ്പോഴായിരിക്കുമെന്ന് ആർക്കും അറിയില്ല, പ്രവചിക്കാനും ആവില്ല.
തിരുത്തലുകളിൽ വാങ്ങാനും കയറ്റങ്ങളിൽ വിൽക്കാനും ശ്രദ്ധിച്ചാൽ മതി. ഒറ്റ പ്രാവശ്യം നിക്ഷേപിക്കുന്നതിനു പകരം എസ്ഐപിയിലൂടെ ആകുന്പോൾ വില ശരാശരി ആയിക്കൊള്ളും. കയ്യിലുള്ള പണം മൊത്തം ഒരൊറ്റ പ്രാവശ്യമായി, ഒരു ഓഹരിയിൽ നിക്ഷേപിക്കുന്നത് അഭികാമ്യമല്ല. ഓരോ മാസത്തിലും കുറേശെയായി നിക്ഷേപിക്കുന്നതാണ് കരണീയം.

3. ഇടത്തരം ഓഹരി കുറഞ്ഞവിലയ്ക്ക് വാങ്ങുന്നതിനേക്കാൾ നല്ലത് നല്ലൊരു ഓഹരി പ്രീമിയം വിലയ്ക്ക് വാങ്ങുന്നതാണ്.
4. വിപണിയുടെ അടിയൊഴുക്കകളെക്കുറിച്ച് അറിഞ്ഞുകൂടാത്തവർ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് അഭികാമ്യം.

ഉയർന്ന റിട്ടേണും താഴ്ന്ന റിസ്കുമുള്ള ഒരു നിക്ഷേപമാർഗം

ഓഹരി നിക്ഷേപമാണ് ഈ ഗണത്തിൽ പ്രധാനം. ഹ്രസ്വകാലത്തിൽ ഓഹരികളിൽ നഷ്ടസാധ്യതയുണ്ടെങ്കിലും ദീർഘകാലയളവിൽ മറ്റു നിക്ഷേപമാർഗങ്ങളെ അപേക്ഷിച്ച് ഓഹരികൾ മികച്ച വരുമാനം നൽകും.

നേരിട്ടും മ്യൂച്വൽ ഫണ്ട് വഴിയും നിക്ഷേപിക്കാം. ഓഹരിയിൽ ആദ്യമായിട്ടാണ് നിക്ഷേപിക്കുന്നതെങ്കിൽ തക്കതായ ഒരു മ്യൂച്വൽ ഫണ്ട് തെരഞ്ഞെടുക്കാം. പല മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്കും നിയന്ത്രിത ആനുകൂല്യം ലഭ്യമാണ്.

രൂപയുടെ മൂല്യത്തകർച്ചയും സന്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങളും വഴിമുടക്കികളാണെങ്കിലും കയറ്റുമതി കൂടുന്നതു ഗുണം ചെയ്യും. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലയിടിവ് പ്രശ്നമാക്കേണ്ടെന്നാണ് വിദഗ്ധ വിലയിരുത്തൽ. കരുത്തുറ്റ അടിത്തറയുള്ള കന്പനികൾ തിരിച്ചുവരും. വീണ്ടും ഉയരത്തിലേക്ക് കുതിക്കും.

അസ്ഥിരതയുണ്ട്, പക്ഷേ...

ആഗോള സന്പദ് വ്യവസ്ഥയിൽ അസ്ഥിരത നിലനിൽക്കുന്നുണ്ട്. പക്ഷേ, അതൊരു ആഗോള സാന്പത്തിക തകർച്ചയിലേക്ക് നയിക്കില്ലത്രേ. ഓഹരികൾ വീണ്ടും ഉയരാം. മാന്ദ്യം പ്രവചനാതീത മാണല്ലോ.

ചെറുകിട ഓഹരി നിക്ഷേപകരുടെ പ്രശ്നം

ബഹുഭൂരിപക്ഷത്തിനും നിലവാരമുള്ള ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാനാ വുന്നില്ല. ആരെങ്കിലും പറഞ്ഞ്, ചില ഓഹരികളുടെ ഹ്രസ്വകാല കുതിപ്പുകണ്ട്, നിക്ഷേപിച്ച് കൈപൊള്ളുന്നു. അവർ സ്മോൾ, മീഡിയം കാപ് ഓഹരികളിലാണ് നിക്ഷേപിക്കുക. വിലക്കുറവാണ് പ്രധാന ആകർഷകം. ഈ രീതി ശരിയല്ല. ബ്ലൂചിപ്, ലാർജ് കാപ് ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കണം.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: [email protected]
മൊബൈൽ: 9895471704