വാമദേവന് അധിക വരുമാനം നൽകുന്ന സമ്മിശ്രകൃഷി
Wednesday, January 15, 2025 4:08 PM IST
തിരുവനന്തപുരം കിളിമാനൂരിൽ നിന്നു 50 വർഷങ്ങൾക്കു മുന്പ് മാതാപിതാക്കൾക്കെപ്പം വയനാട്ടിലെ പുൽപ്പള്ളിയിലെത്തിയതാണ് ചരുവിള വീട്ടിൽ എ. വാമദേവൻ. അധികം വൈകാതെ നാലേക്കർ സ്ഥലം വാങ്ങി കൃഷി തുടങ്ങി.
തെരുവ, കപ്പ, കുരുമുളക് തുടങ്ങിയ പരന്പരാഗത ഇനങ്ങളായിരുന്നു കൃഷി ചെയ്തത്. പിന്നീട് കാപ്പി, കമുക്, ഇഞ്ചി തുടങ്ങിയവയും ഉൾപ്പെടുത്തി. ഇതിനിടയിൽ വാമദേവൻ സ്വന്തമായി മൂന്നേക്കർ സ്ഥലം വാങ്ങി സമ്മിശ്ര കൃഷി ചെയ്യാമെന്നു തീരുമാനിച്ചു.
വയനാട്ടിൽ ഏറെ പ്രശസ്തമായ റോബസ്റ്റ ഇനം കാപ്പി മുഖ്യവിളയായി തെരഞ്ഞെടുത്തു. അതിനായി കാടുതെളിച്ച് നിലമൊരുക്കി. സിഃആർ ഇനം കുരു ശേഖരിച്ച് നഴ്സറിയിൽ പാകി. 40 ദിവസം കൊണ്ട് മുളച്ചു. ഉടൻതന്നെ അവ കൂടുകളിലേക്കു മാറ്റി.
ആറില ആയപ്പോൾ പറിച്ചു നട്ടു. ഇതിനായി 10:10 അടി അകലത്തിൽ ഒന്നര അടി സമചതുരത്തിൽ കുഴികുത്തി മേൽമണ്ണ് നിറച്ച് പാകപ്പെടുത്തി കൂടുകളിൽ വളർത്തിയിരുന്ന ചെടികൾ കവർ പൊട്ടിച്ചു കുഴിയുടെ മധ്യത്തിലായി നട്ടു.
ചാണകം, ജൈവവളം, രാസവളം സുലഭ (18:18:18) എന്നിവ മിതമായി നൽകി. ആവശ്യാനുസരണം നനയും ഉറപ്പാക്കി. ഉറുന്പ്, മുഞ്ഞ തുടങ്ങിയ ശത്രു കീടങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനായി ജീവാമൃതം പ്രയോഗിച്ചു. ശരിയായ സംരക്ഷണവും പ്രൂണിംഗു നടത്തിയതിനാൽ മൂന്നാം വർഷം കാപ്പി പൂത്തു.
കാപ്പി പൂക്കുന്നത് പുതുമഴ പെയ്യുന്ന കുംഭമാസത്തിലാണ്. ജലസേചനത്തിനായി തോട്ടത്തിന്റെ ഉയർന്ന സ്ഥലത്ത് ടാങ്ക് സ്ഥാപിച്ച് അതിൽ നിന്ന് ഹോസ് ഉപയോഗിച്ചാണ് നന. വർഷത്തിൽ മൂന്നു പ്രാവശ്യം കള പറിച്ചു മാറ്റും.
ഡിസംബറിൽ ആരംഭിക്കുന്ന വിളവെടുപ്പ് ഫെബ്രുവരി വരെ നീളും. ചെടിയുടെ ചുവട്ടിൽ ടാർപാളിൻ ഷീറ്റ് വിരിച്ചശേഷം പഴുത്തു പാകമായ കുരു പറിച്ചിട്ടശേഷം ചാക്കുകളിൽ നിറയ്ക്കുന്നതാണ് രീതി.
വിളവെടുത്ത് കാപ്പിക്കുരു അതേ രീതിയിലും ഉണക്കിയും തേടു കളഞ്ഞ് ബീൻസായും വിപണനം നടത്താം. തോട്ടത്തിൽ 3 സ്ത്രികളും 2 പുരുഷന്മാരും സ്ഥിരമായുണ്ട്. ഒരേക്കറിൽ 2500 കിലോ ഉണക്ക കാപ്പിക്കുരു ലഭിക്കുമെന്ന് വാമദേവൻ പറഞ്ഞു. കിലോയ്ക്ക് 225 രൂപ വിലയുണ്ട്.
ആണ്ടിൽ 16,87,500 രൂപ. 100 കിലോ പച്ചകാപ്പിക്കുരു ഉണക്കിയാൽ 42.5 കിലോ ലഭിക്കും. ഇടവിളയായി 450 കമുകുകളുണ്ട്. കർണടകയിൽ നിന്നു ശേഖരിച്ച തീർത്തളി ഇനമാണ് നട്ടിരിക്കുന്നത്. അഞ്ചാം വർഷം വിളവെടുക്കാം.
ശരാശരി 50 കിലോ അടക്ക കിട്ടും. മൂന്നേക്കറിൽ നിന്ന് 67500 കിലോ. ഉണങ്ങിയ അടയ്ക്ക കിലോയ്ക്ക് 50 രൂപ വിലയുണ്ട്. തോട്ടത്തിൽ സൂര്യപ്രകാശം കിട്ടുന്നിടത്ത് 450 കുരുമുളക് ചെടികളും നട്ടിട്ടുണ്ട്. പന്നിയൂർ1, കരിമുണ്ട ഇനങ്ങളാണ് വളർത്തുന്നത്.
മൂന്നാം വർഷം കായ്ച്ചു. ആണ്ടിൽ 2500 കിലോ കുരുമുളക് ലഭിക്കും. ചാണകം ഉൾപ്പെടെയുള്ള ജൈവ വളങ്ങളാണ് നൽകുന്നത്. കുരുമുളകിന് കിലോ 660 രൂപയാണ് വില. ആണ്ടിൽ 16,50000 രൂപ.
സമ്മിശ്ര കൃഷിയിലൂടെ മൂന്നേക്കറിൽ നിന്ന് പ്രതിവർഷം വാമദേവൻ സന്പാദിക്കുന്നത് 45 ലക്ഷത്തിലധികം രൂപയാണ്. വാഴ, പപ്പായ, തേക്ക് തുടങ്ങിയവയും ഇടവിളയായുണ്ട്. ഭാര്യ സുബിത. രണ്ടു മക്കൾ ഹൈയർ സെക്കൻഡറി സ്കൂൾ അധ്യാപകരാണ്. ഒരു മകൻ അയർലണ്ടിലും.
ഫോണ്: 8078018138