റബറിനു പകരം കുരുമുളകിലേക്ക് തിരിഞ്ഞ് ബിബിൻ
Monday, September 16, 2024 5:13 PM IST
മൂന്നേക്കറിലെ റബർ വെട്ടിമാറ്റി പകരം കുരുമുളക് പരീക്ഷിക്കുകയാണ് പാലാ - കടനാട് പഞ്ചായത്തിലെ മറ്റത്തിപ്പാറ തുന്പമറ്റത്തിൽ ബിബിൻ ടി. ജോസ്. റബറിന്റെ വിലയിടിവും താങ്ങാനാവാത്ത കൂലിച്ചെലവുമാണ് കുരുമുളക് കൃഷിയിലേക്ക് മാറാൻ ബിബിനെ പ്രേരിപ്പിച്ചത്.
1700 കൊടികളാണ് നട്ടിരിക്കുന്നത്. അധികവും കരിമുണ്ടയിനമാണെങ്കിലും കുന്പുക്കൽ, അഗളി, കുതിരവാലി തുടങ്ങി 25 ൽ പരം ഇനങ്ങളുമുണ്ട്. 18 മാസം വളർച്ചയെത്തിയ ചെടികൾ 10-15 അടിവരെ ഉയരത്തിൽ എത്തി. വേപ്പിൻ പിണ്ണാക്കാണ് കുരുമുളക് കൊടിക്ക് അടിസ്ഥാനവളം.
താങ്ങു കാലായി വളർത്തുന്ന വെള്ള മുള്ള് മുരിക്ക് ഹൈറേഞ്ചിൽ നിന്നു വാങ്ങിയതാണ്. 15 ദിവസം കൂടുന്പോൾ താങ്ങ് കാലിന് മരുന്നടിക്കും. ചാണകപ്പൊടി, ട്രൈക്കോഡർമ, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്.
വേനലായാൽ ചുവട്ടിൽ പുതയിട്ടും. 15 ദിവസം കൂടുന്പോൾ നനച്ചുകൊടുക്കും. തോട്ടത്തിന്റെ പടിഞ്ഞാറു വശത്ത് സൂര്യപ്രകാശം കൂടുതൽ അടിക്കുന്നതിനാൽ ചെടികൾക്ക് കൂടുതൽ പരിരക്ഷ കൊടുക്കേണ്ടി വരുന്നുണ്ട്.
കൃഷിയിടത്തിൽ കളകൾ കയറാൻ സമ്മതിക്കാറില്ല. എപ്പോഴും തെളിച്ചുകൊടുക്കും. ചോല കേറാതെ കൊടി താങ്ങ് മരത്തിൽ കയറുന്നതുവരെ മുരിക്കിനോട് ചേർത്തു കെട്ടിവയ്ക്കണം. ഈ വർഷം ഏകദേശം 120 കിലോ ഉണക്ക കുരുമുളക് ലഭിച്ചു.
ഇത് കൂടാതെ വിയറ്റ്നം ഏർലി ഇനത്തിൽപെട്ട 12 പ്ലാവുകളുമുണ്ട്. 300 കമുകും 35 ജാതികളും 100 വാനിലകളും ബിബിന് അധിക വരുമാനത്തിനുള്ള മാർഗങ്ങളാണ്.
തീറ്റപുൽകൃഷി, ചെറുതേനീച്ച വളർത്തൽ, പശു, കോഴി, മീൻ കൃഷി (പടുതാകുളം) എന്നിവയും ബിബിനുണ്ട്. 700 മൂട് മരച്ചീനി കൃഷി ചെയ്തിട്ടുണ്ട്.മാതാപിതാക്കളായ ജോസും സാലിയും മികച്ച കർഷകരാണ്.
ഭാര്യ: മഞ്ചു നഴ്സാണ്. രണ്ടു മക്കൾ.
ഫോണ്: 8547355215