പൂ പറിക്കാം, പൂക്കളമിടാം... ഓണം വരവായി
Friday, September 13, 2024 3:13 PM IST
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സഹജമായ പാരസ്പര്യത്തിന്റെ മഹോത്സവമായി വീണ്ടുമൊരു ഓണക്കാലം. കാർഷിക വിളകൾക്ക് പൊന്നിനോളം മൂല്യവും ദൈവത്തോളം ദിവ്യത്വവും കൈവരുന്ന ഉത്സവമേള.
കാർഷിക നന്മയുടെ ഗൃഹാതുരത ഉണർത്തുന്ന വൈവിധ്യമാർന്ന ഓർമകളാണ് ഓരോ ഓണക്കാലത്തിന്റെയും പ്രത്യേകത. മലയാളികൾക്ക് ഓണം ഒരാഘോഷം മാത്രമല്ല അതൊരു പാരന്പര്യമാണ്, സംസ്കാരമാണ്, ജീവിതശൈലിയാണ്, ആനുഷ്ഠാനമാണ് പൈതൃകവും മനോഭാവവുമാണ്.
ഓണം മലയാളികളുടെ ദേശിയോത്സവമാകുന്നത് ഒരർഥത്തിൽ അതിന്റെ കാർഷിക പരിപ്രേക്ഷ്യത്തിലാണ്. ചിങ്ങമാണ് കേരളത്തിലെ വിളവെടുപ്പുകാലം. മകരക്കൊയ്ത്ത് കഴിഞ്ഞാൽ കുംഭം, മീനം, മേടം എന്നീ വേനൽമാസങ്ങളിൽ കൃഷിയിറക്കുകയും ഇടവം, മിഥുനം, കർക്കടകം എന്നീ മഴക്കാലങ്ങളിൽ അവ തളിർത്തു വളർന്ന് പാകമാകുകയും ചെയ്യുന്നു.
തുടർന്നു തെളിഞ്ഞ കാലാവസ്ഥയുള്ള ചിങ്ങത്തിൽ വിളവെടുപ്പ്. പച്ചപ്പരവതാനി വിരിച്ച പാടശേഖരങ്ങൾ മുതൽ വീട്ടുതൊടിയിൽ വളരുന്ന കായ്കനികളിൽ വരെ ഈ ഹരിതസമൃദ്ധിയുടെ മിന്നലാട്ടങ്ങൾ കാണാം.
പൊൻതിളക്കമുള്ള ചിങ്ങം
മലയാളക്കരയിലെ പുതുവർഷാരംഭമാണ് ചിങ്ങപ്പുലരി. പൊന്ന് എന്ന പദം ഒരു മലയാള മാസത്തോടു ചേർക്കുന്നത് ചിങ്ങത്തോട് മാത്രം. പഞ്ഞക്കർക്കിടകത്തിന്റെ കാറും കോളും മാറി പുതുവർഷപ്പുലരിയുമായി വന്നെത്തുന്ന ചിങ്ങമാസം ഒരു കാലത്ത് സമൃദ്ധിയുടെ വിളവെടുപ്പുകാലമായിരുന്നു.
ചിങ്ങം പുലരുന്നതോടെയാണ് വയലേലകളിൽ കൊയ്ത്താരംഭിക്കുക. ഓണം എത്തും മുന്പേ കൊയ്ത്തും മെതീം തീരണം. ഓണക്കൊയ്ത്തിനോടനുബന്ധിച്ചു കർഷകർ അനുഷ്ഠിച്ചുപോരുന്ന വിവിധ ചടങ്ങുകളും കാർഷിക മാസമായ ചിങ്ങത്തിനു മാത്രം അവകാശപ്പെട്ടതാണ്. ഇവ ചുരുക്കിപ്പറയാം.
പൊലി
വയലിൽ നിന്നു കൊണ്ടുവരുന്ന നെല്ല് കളത്തിലിട്ട് മെതിക്കുന്നു. മെതി കഴിഞ്ഞ ഈ നെല്ലാണ് പൊലി. പാട്ടുപാടി കിഴക്കോട്ടു തിരിഞ്ഞിരുന്നാണ് പൊലി അളക്കുക.
വാ പൊലി ഒന്നേ, വാ പൊലി രണ്ടേ എന്നിങ്ങനെ ആവശ്യമായ എണ്ണം തികഞ്ഞാൽ വാ പൊലി പതന്പേ എന്നു പാടി അവസാനിപ്പിക്കും.
ഇല്ലം നിറ
കർക്കടക മാസത്തിലെ വിരിപ്പ് കൊയ്താൽ നടത്തുന്ന ഒരു കാർഷികോത്സവം. പുതുവർഷപ്പിറവിക്കു ശേഷം വിതച്ചു കൊയ്തെടുത്ത വിളവ് തറവാട്ടിലേക്ക് കൊണ്ടു വരുന്ന ചടങ്ങാണിത്. ഇല്ലം നിറ, നിറ, നിറപൂജ തുടങ്ങിയ പേരുകളുമുണ്ട്.
പൊട്ടി പുറത്ത്, ശീപോതി അകത്ത്
വറുതിയുടെ പര്യായമെന്ന് വിശേഷിപ്പിക്കാവുന്ന കള്ളക്കർക്കടകത്തെ ആട്ടിപ്പായിച്ച് ചിങ്ങത്തെ വരവേൽക്കുന്ന ഉർവരതാച്ചടങ്ങാണ് ചിങ്ങസംക്രമത്തിൻ നാൾ പ്രഭാതത്തിൽ ആചരിക്കുന്ന ചേട്ടയെ ഉച്ചാടനം ചെയ്യുന്ന ചടങ്ങ്.
പൊട്ടി പുറത്ത് ശീപോതി അകത്ത് എന്ന ഇടശേരിക്കവിത ഈ അനുഷ്ഠാനത്തെ ഓർമിപ്പിക്കുന്നു. ചേട്ടയെ ഓടിച്ച് ലക്ഷ്മീദേവിയെ സ്വാഗതം ചെയ്യുന്ന ഈ അനുഷ്ഠാനം പൊന്നിൻ ചിങ്ങകാലത്തെ സവിശേഷതയാണ്.
ദേശകാലഭേദമനുസരിച്ച് ചിങ്ങക്കൊയ്ത്ത് കാലത്ത് ഓണവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം വിവിധ അനുഷ്ഠനങ്ങളും ആചാരങ്ങളും വിനോദങ്ങളും കലാരൂപങ്ങളും നിലനിന്നിരുന്നതായി കാണാം.
ഉദാഹരണത്തിന് വടക്കൻ കേരളത്തിൽ നിലവിലുണ്ടായിരുന്ന ആട്ടക്കളം; നെൽക്കറ്റകൾ സൂക്ഷിക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്ന മെതിക്കളത്തിലാണ് ഇത് അരങ്ങേറുന്നത്.
വയൽക്കരയിലൂടെ സഞ്ചരിച്ച് പുള്ളുവൻമാർ പാടുന്ന കറ്റപ്പാട്ട്, തൃശൂർ ജില്ലയിൽ ഓണക്കാലത്തിറങ്ങുന്ന കുമ്മാട്ടിക്കളി, പടപ്പാട്ട്, കണ്ണൂർ, കാസർഗോഡ് ഭാഗങ്ങളിൽ ഓണവില്ലും കൈമണിയുമായി വീടുകൾ തോറും വന്ന് മഹാബലിയുടെ അപദാനങ്ങൾ പാടി നൃത്തം ചെയ്യുന്ന ഓണത്താർ തുടങ്ങി ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്.
ആദ്യ വിളവ് കൊയ്തെടുക്കുന്നതിനുമുണ്ട് ചില ആചാരച്ചടങ്ങുകൾ. പൊലി വിളിച്ചാണ് വിളവെടുക്കുക. ആദ്യ വിളവെടുപ്പിനു ശേഷം പുന്നെല്ലരി കഴിച്ചു തുടങ്ങുന്ന ചടങ്ങിന് പൂത്തരിയൂണ് എന്നു പേരുണ്ട്.
പുത്തരിയൂണ് വിഭവസമൃദ്ധമാണ്. സദ്യയ്ക്കു മുൻപ് പുന്നെല്ലരിയും തേങ്ങയും ശർക്കരയും തേനും മറ്റും ചേർത്തുണ്ടാക്കിയ പുത്തരിയുണ്ട ചിലയിടങ്ങളിൽ കഴിക്കുന്ന പതിവുണ്ട്.
അത്തം പത്തിന് ഓണം
ഓണം തുടങ്ങുന്നത് അത്തത്തിലാണ്. അത്തം നാളിൽ പൂക്കളം ഇടുന്നതോടെ ഓണാഘോഷത്തിന് തുടക്കമാകും. പൂവിടാൻ നിലം മെഴുകി കളം ഒരുക്കും. ഓണമൊരുക്കാൻ വേണ്ടി മാത്രം നമുക്കു ചുറ്റും ധാരാളം കുഞ്ഞു പൂക്കൾ വിരിയാറുണ്ട്.
കാക്കപ്പൂവും തുന്പപ്പൂവും നെല്ലിപ്പൂവും കാതിൽപ്പൂവും ചേരണിപ്പൂവും കരിംകൂവളപ്പൂക്കളും പുലരിപ്പൂക്കളും മടക്കയും മേന്തോന്നിയും കൊങ്ങിണിയും എന്നു വേണ്ട ഒരു പുഷ്പമേള തന്നെയാണ് പ്രകൃതി ഒരുക്കുന്നത്.
ഇതിൽ തുന്പപ്പൂവാണത്രെ മാവേലിക്ക് ഏറ്റവും പ്രിയങ്കരം. പൂക്കളമൊരുക്കാനുമുണ്ട് ചില നിബന്ധനകൾ. നിലവിളക്കു കൊളു ത്തി ഗണപതിക്കു വച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങുന്നത്. തുന്പപ്പൂ ഇട്ടുവേണം തുടങ്ങാൻ.
ആദ്യ രണ്ടു ദിവസം തുന്പപ്പൂവും തുളസിയും. മൂന്നാം ദിവസം മുതൽ നിറമുള്ള പൂക്കളിടും. അഞ്ചാം ദിവസം മുതൽ കുട കുത്തും. വാഴത്തടയിലോ വാഴപ്പിണ്ടിയിലോ ആണ് കുട കുത്തുന്നത്.
ഈർക്കിലിയിൽ ചെന്പരത്തിപ്പൂവും മറ്റും പൂക്കളും ചേർത്തുവയ്ക്കുന്നതിനാണ് കുട കുത്തുക എന്നു പറയുന്നത്. ആറാം ദിവസം മുതൽ പൂക്കളത്തിന് നാലു ദിക്കിലേക്കും കാലു നീട്ടും. ഉത്രാടനാളിലാണ് ഏറ്റവും വലിയ പൂക്കളം.
ചിങ്ങമാസത്തിലെ തെളിഞ്ഞ കാലാവസ്ഥയിലാണ് പണ്ടു നാം ഓണം ആഘോഷിച്ചിരുന്നത്. എന്നാൽ മനുഷ്യരാശിയെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന കാലാവസ്ഥവ്യതിയാനത്തിന്റെ നീരാളിപ്പിടുത്തം പലപ്പോഴും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്നു.
കൃഷിയിടങ്ങളെയെല്ലാം പ്രളയത്തിൽ മുക്കി അടിച്ചുതകർക്കുന്ന ദുരന്തക്കാഴ്ച്ചകൾ സാധാരണയായിരിക്കുന്നു. കാലം തെറ്റിയുള്ള മഴയും ഭ്രാന്ത് പിടിച്ചതുപോലെ പേമാരിയും തുടർന്നു വരുന്ന പ്രളയവും കൊടും വരൾച്ചയുമൊക്കെ നിത്യ സംഭവങ്ങളായിരിക്കുന്നു.
ഇന്ത്യൻ കാലാവസ്ഥാഗവേഷണ കേന്ദ്രം 2016 മുതൽ നടത്തിയ പഠനത്തിൽ കേരളത്തിൽ തിരി മുറിയാതെ മഴപെയ്യും എന്ന് നാം കരുതുന്ന തിരുവാതിര ഞാറ്റുവേലക്കാലത്തിനു പോലും സ്ഥാനഭ്രംശം വന്നിരിക്കുന്നു.
വർഷപാതം പോലെ തന്നെ വരൾച്ചയും നമ്മുടെ കാർഷിക സ്വപ്നങ്ങളെ കരിച്ചുകളയാറുണ്ട്. ഇവിടെ മഴ വേണ്ടത്ര ലഭിക്കാത്തതാണ് ഭാരതപ്പുഴ പോലുള്ള വലിയ നദികൾ പോലും വറ്റിവരണ്ടുപോകാൻ കാരണം.
നെൽക്കൃഷിയെ മാത്രമല്ല അമിതമഴയും വരൾച്ചയും പ്രതികൂലമായി ബാധിക്കുക. തെങ്ങ്, കുമുക്, വാഴ, സുഗന്ധവ്യഞ്ജന വിളകൾ. കൊക്കോ, കാപ്പി തുടങ്ങി നിരവധി വിളകൾക്ക് ഇത് ദോഷകരമാണ്.
കൊയ്ത്തുത്സവങ്ങൾ
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും തങ്ങളുടേതായ കൊയ്ത്തുത്സവങ്ങളും കൂടിച്ചേരലുകളുമുണ്ട്. വിവിധ പേരുകളിലാണ് ഇവ അറിയപ്പെടുന്നതെങ്കിലും കർഷകന്റെ അറയും മനവും നിറയുന്ന വിളവെടുപ്പുകാലമാണ് ഇവയുടെയെല്ലാം ആഘോഷ സമയം.
മലയാളക്കരയിൽ ഓണമാണ് കൊയ്ത്തുത്സവമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ ഇങ്ങനെയാണ്.
പൊങ്കൽ
നാലു ദിവസം നീണ്ടു നിൽക്കുന്ന പൊങ്കൽ തമിഴ്നാട്ടിലെ കൊയ്ത്തുത്സവമാണ്. നിറവിളവിന് നന്ദിസൂചകമായാണ് പൊങ്കൽ ആഘോഷിക്കുന്നത്. എല്ലാവർഷവും ജനുവരി മാസമാണ് പൊങ്കൽ ആഘോഷം.
ലോഹറി
പരന്പരാഗത നൃത്ത-സംഗീതങ്ങളുടെ അകന്പടിയോടെ ആഘോഷിക്കുന്ന ലോഹറി പഞ്ചാബിലെ വിളവെടുപ്പുത്സവമാണ്. ശീതകാലം അവസാനിക്കുകയും സൂര്യൻ ഉത്തരധ്രുവത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നതിന്റെ സൂചകം കൂടിയാണ് ലോഹറി.
ധാന്യങ്ങളുടെയും ചോളത്തിന്റെയും കരിന്പിന്റെയുമൊക്കെ വിളവെടുപ്പ് ആഘോഷിക്കുന്ന വേളയാണിത്.
ബൈശാഖി
നിറവിളവു തന്നെ ശക്തിക്ക് നന്ദി പറയാൻ പഞ്ചാബിലും ഹരിയാനയിലും ആഘോഷിക്കുന്ന വിളവെടുപ്പുത്സവമാണ് ബൈശാഖി/വൈശാഖി. കടും നിറമുള്ള വസ്ത്രങ്ങളണിഞ്ഞ് ആട്ടവും പാട്ടുമായി ജനങ്ങൾ ഇതിൽ പങ്കുചേരുന്നു.
പുരുഷൻമാർ ഈയവസരത്തിൽ ഭംഗ്ര നൃത്തം ചവിട്ടുന്പോൾ സ്ത്രീകളാകട്ടെ ജനപ്രിയ നാടോടി നൃത്തമായ ഗിദ്ദയാണ് ചെയ്യുക.
ബോഹഗ് ബിഗു
എല്ലാ വർഷവും ഏപ്രിൽ മാസം ആസാമിലെ ജനങ്ങളാണ് ബോഹഗ് ബിഹു എന്ന വിളവെടുപ്പുത്സവം ആഘോഷിക്കുന്നത്. ആസാമിലെ പുതിയ വർഷത്തിന്റെ തുടക്കം കൂടെയാണിത്.
വൈക്കോലും കൊണ്ട് കെട്ടിപ്പൊക്കുന്ന വൻകൂടാരങ്ങൾക്ക് തീവയ്ക്കുക, ആകർഷകമായ വസ്ത്രങ്ങൾ ധരിച്ച വനിതകൾ ഗാനമാലപിക്കുകയും നൃത്തം ചവിട്ടുകയും ചെയ്യുക, ബിഹു നൃത്തം നടത്തുക, കാളപോരും കോഴിപ്പോരും സംഘടിപ്പിക്കുക, തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ആകർഷണം.
നബന്ന
പശ്ചിമബംഗാളിലെ വിളവെടുപ്പുത്സവം പുതുതായി വിളവെടുക്കുന്ന നെല്ല് അത്യാഹ്ലാദത്തോടെ ആഘോഷപൂർവം വീടുകളിൽ സംഭരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.
വിളവെടുക്കുന്ന ധാന്യം ആദ്യം ലക്ഷമീദേവിക്ക് സമർപ്പിക്കുക ആണ് കർഷകർ ചെയ്യുക. നബാന്ന ഉത്സവവും പുതിയ അരി കൊണ്ട് തയാറാക്കുന്ന പായസത്തിന്റെ വിതരണവുമാണ് പ്രധാനം.
നുവാഖായ്
പുതിയ ഭക്ഷണം എന്നാണ് നുവാഖായ് എന്ന വാക്കിനർഥം. ഒറീസയിലെ വിളവെടുപ്പുത്സവമാണ് നുവാഖായ്. മുട്ടയും അരിപ്പൊടിയും ചേർത്തുണ്ടാക്കുന്ന മധുര പലഹാരമാണ് ആഘോഷത്തിലെ മുഖ്യവിഭവം.
വങ്കാല
മഞ്ഞുകാലത്തിന്റെ വരവ് വിളിച്ചറിയിക്കുന്ന മേഖാലയത്തിലെയും ആസാമിലെയും കൊയ്ത്തുത്സവമാണ് വങ്കാല. തെക്കുകിഴക്കൻ ഇന്ത്യയിലെ ഗാരോ ആദിവാസികൾ 100 ചെണ്ടകൾ കൊട്ടിയാണ് ഇതാഘോഷിക്കുന്നത്.
സാമൂഹിക ബന്ധം
കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും ഒരുമിച്ച് ഒരേ വേദിയിൽ വരാനുള്ള അപൂർവ അവസരമാണ് ഓരോ കൊയ്ത്തുത്സവവും നൽകുന്നത്.
ഇങ്ങനെ ഒത്തുചേരുന്നവർ ഒരുമയോടെ നൃത്ത-സംഗീതങ്ങളിൽ ഏർപ്പെടുകയും സദ്യകൾ നടത്തുകയും പൂജാസംബന്ധിയായ ചടങ്ങുകൾ നടത്തുകയും ചെയ്യുന്നു.
ഇത് ഒരർഥത്തിൽ ഇവരുടെ സാമൂഹിക ബന്ധം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
സാന്പത്തിക സ്വാധീനം
എല്ലാ കൊയ്ത്തുത്സവങ്ങൾക്കും നിർണായകമായ സാന്പത്തിക വിവക്ഷയുമുണ്ട്. കൊയ്ത്തുകാലത്തെ വിളപ്പൊലിമ, ഭക്ഷ്യസുരക്ഷയ്ക്ക് ശക്തി പകരുന്നു എന്നു മാത്രമല്ല, നാടിന്റെ സാന്പത്തികസ്ഥിതിയെ അനുകൂലമായി സ്വാധീനിക്കുകയും ചെയ്യുന്നു.
ഇക്കാലത്ത് വിപണികളും വിപണനവും സജീവമാകുന്നതുകൊണ്ടുതന്നെ സാന്പത്തിക മേന്മയും സുരക്ഷയും ഉറപ്പാക്കാനും സാധിക്കുന്നു.
കാലികമായ പരിവർത്തനം
കൊയ്ത്തുത്സവങ്ങളെല്ലാം തന്നെ കാലികമായ പരിവർത്തനത്തിന്റെ സൂചകങ്ങളാണ്. പ്രത്യേകിച്ച് ശൈത്യകാലത്തു നിന്ന് വസന്തകാലത്തേക്കുള്ള ചുവടുമാറ്റത്തിന്റെ പ്രതീകങ്ങൾ. ഈ പരിവർത്തനത്തിന് കാർഷികവും കാലാവസ്ഥാപരവുമായ സ്വാധീനങ്ങളുണ്ട്.
കൊയ്ത്തുത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ മാറിവരുന്ന കാലത്തെ സ്വാഗതം ചെയ്യാനും അത് മുന്നോട്ടു വയ്ക്കുന്ന പ്രതിസന്ധികളെയും അവസരങ്ങളെയും ഒരേ മനസോടെ അഭിമുഖീകരിക്കാനും അവസരമുണ്ടാകുന്നു.
മതപരമായ പ്രാധാന്യം
ഒട്ടുമിക്ക കൊയ്ത്തുത്സവങ്ങൾക്കും മതപരമായ അർഥങ്ങളുണ്ട്. അതുകൊണ്ടാണ് വിവിധ ജനവിഭാഗങ്ങൾ അവരുടെ പ്രാദേശികമായ വിശ്വാസത്തിനും രീതികൾക്കുമനുസൃതമായി കൃഷിയുമായി ഇതിനെ ബന്ധപ്പെടുത്തിയിരിക്കുന്നത്.
ഫോണ്: 9446306909