വരവൂരിന്റെ വരദാനം കൂർക്ക
Monday, September 9, 2024 1:23 PM IST
മേയ് മാസത്തിൽ മഴ എത്തിയാൽ വരവൂരുകാർക്കു സന്തോഷമാകും. എന്നാൽ, ജൂണിൽ അത് അധികമായാൽ അവരുടെ ഉള്ള് പിടയും. കാരണം കൂർക്ക കൃഷിയുടെ ആരംഭകാലമാണത്. കുർക്ക വള്ളികൾ ബലവത്താകും വരെ പേമാരി പാടില്ല.
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വരവൂർ, കൂർക്ക കൃഷിക്കു പേരുകേട്ട സ്ഥലമാണ്. ഇവിടുത്തെ കുന്നിൻ ചരിവുകളിലെ പാടശേഖരങ്ങളിൽ ജൂണ്‍ മാസത്തിൽ തുടങ്ങി ഒക്ടോബർ മാസത്തിൽ വിളവ് എടുക്കും വിധമാണു കൂർക്ക കൃഷി ചെയ്യുന്നത്.
നൂറ് മുതൽ നൂറ്റിപ്പത്ത് ദിവസം വരെയാണു വിളവെടുപ്പിനുള്ള സമയം. ഒരേക്കറിൽ നിന്ന് 7.5 ടണ്‍ വരെ കൂർക്ക വിളയിച്ചെടുക്കാറുണ്ട്. അപൂർമായി കളനാശിനി പ്രയോഗിക്കുന്നതൊഴിച്ചാൽ മറ്റു വിഷാംശങ്ങൾ ഉപയോഗിക്കാത്തതിനാൽ വരവൂർ കൂർക്കയ്ക്ക് വൻ ഡിമാൻഡാണ്.
വെള്ളം കെട്ടി നിൽക്കാത്ത നിലങ്ങളിൽ തറനിരപ്പിൽ നിന്ന് ഒന്ന്-ഒന്നര അടി ഉയരത്തിൽ വാരം (തവാരണ) തയാറാക്കിയാണ് കൂർക്ക കൃഷി ചെയ്യുന്നത്. കൃഷി തുടങ്ങുന്നതിന് ഒരു മാസം മുന്‍പു വള്ളിത്തലപ്പുകൾക്കു വേണ്ടി കിഴങ്ങ് നടും. തവാരണ തയാറാക്കുന്പോൾ ചാണകവും ഒരേക്കറിന് ഒരു ക്വിന്റൽ എന്ന നിരക്കിൽ കുമ്മായവും മണ്ണിൽ ചേർക്കും.
ഒരു മാസം കൊണ്ട് നടാൻ പ്രായമാകുന്ന വള്ളിത്തലപ്പുകൾ നേരത്തെ തയാറാക്കിയ വാരത്തിൽ 15 രാ അകലത്തിൽ നിരനിരയായി നടും. വാരത്തിൽ പുതയിടാൻ ശീമക്കൊന്നയുടെ ഇലയാണ് ഉപയോഗിക്കുന്നത്.
ഇതു പല കീടങ്ങളേയും കൃഷിയിടത്തിൽ നിന്ന് അകറ്റും. വാരത്തിനിടയിലുള്ള പാത്തികളിൽ അധികം വെള്ളം കെട്ടി നിർത്താറില്ല. വെള്ളം കെട്ടി നിന്നാൽ വള്ളിയും കിഴങ്ങും ചീഞ്ഞു പോകാനിടയാകും. വള്ളികൾക്കിടയിലെ കളകൾ കൈകൊണ്ടാണ് നീക്കം ചെയ്യുന്നത്.
എന്നാൽ വാരത്തിന് വശങ്ങളിലെ കളകൾ നീക്കം ചെയ്യാൻ വളരെ സൂക്ഷമതോടെ കളനാശിനികൾ പ്രയോഗിക്കും. വിള പാകമാകുന്പോൾ വള്ളികൾ ഉണങ്ങും. അതോടെ വിളവെടുപ്പ് തുടങ്ങും. വാരത്തിൽ നിന്നു പറിച്ചെടുത്ത് നേരെ ചാക്കുകളിൽ നിറക്കുന്നതാണ് രീതി. പിന്നെ വിപണികളിലെത്തിക്കും.
മുൻകാലങ്ങളിൽ കർഷകർ നേരിട്ടാണ് നിലങ്ങളിൽ വാരം തയാറാക്കിയിരുന്നത് എന്നാൽ, ഇപ്പോൾ യന്ത്രങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മണ്ണിന്റെ നിലവാരം അനുസരിച്ച് യൂറിയ, പൊട്ടാഷ്, രാജ് ഫോസ് തുടങ്ങിയവയും ഇടവളമായി നൽകാറുണ്ട്.
മൂന്നു മാസക്കാലം ക്രമമായ വളർച്ചയുടെ പച്ചവാരങ്ങളാണ് ഓരോ കൂർക്കപ്പാടവും. ഇക്കാലയളവിൽ സിനിമാ ഷൂട്ടിംഗ് തുടങ്ങി വിവാഹ ഫോട്ടോ ഷൂട്ടിനു വരെ വരവൂരിലെ കൂർക്കപ്പാടങ്ങൾ വേദിയാകാറുണ്ട്. എന്നാൽ, വെള്ളപ്പൊക്കം വലിയ കൂർക്ക കൃഷിക്ക് വലിയ ഭീഷണിയാണ്.