നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും
Friday, September 6, 2024 5:10 PM IST
വിത്ത് വിതയ്ക്കാൻ നിലം ഒരുക്കിക്കഴിഞ്ഞാൽ കർഷകൻ ഏറ്റവും കൂടുതൽ ചിന്തിക്കുന്നതു വിത്തിനെക്കുറിച്ചും കൂലിച്ചെലവിനെക്കുറിച്ചുമാണ്. എത്രമാത്രം വിത്ത് കരുതണം? വിതച്ചു തീരാൻ എത്ര സമയമെടുക്കും? അതിനു കൂലിച്ചെലവ് എത്രവരും?
കൂട്ടിയും കിഴിച്ചും പാടവരന്പിൽ ദിവസങ്ങൾ തള്ളി നീക്കുന്ന കർഷകരെയാണ് ഇത്രയും നാൾ നമ്മൾ കണ്ടിരുന്നത്. വിത്തും സമയവും കൂലിച്ചെലവും ലാഭകരമായാൽ അതിൽപ്പരം സന്തോഷം കർഷകനുണ്ടാകാനുമില്ല. അതിനുള്ള നൂതന മാർഗം കണ്ടെത്തിയിരിക്കുകയാണ് കേരള കാർഷിക സർവകലാശാല.
നെല്ലിനു വളമിടാൻ മാത്രമല്ല, പൂട്ടി ഒരുക്കിയ പാടശേഖരങ്ങളിൽ വിത്ത് വിതയ്ക്കാനും ഡ്രോണുകൾ അനുയോജ്യമെന്നുള്ള കാർഷിക സർവകലാശാലയുടെ കണ്ടെത്തലാണു കർഷകർക്ക് സന്തോഷം പകരുന്നത്.
ഡ്രോണ്‍ ഉപയോഗിച്ചു നെൽവിത്ത് വിതയ്ക്കാനായി ആലപ്പുഴ, ചന്പക്കുളം കൃഷിഭവൻ പരിധിയിലെ ചക്കൻകരി പാടശേഖരത്തിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. കാർഷിക ഡ്രോണിൽ സീഡ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റ് ഘടിപ്പിച്ചാണ് ഡ്രോണ്‍ സീഡർ രൂപകല്പന ചെയ്തത്.
മങ്കൊന്പിലെ ഡോ.എം.എസ് സ്വാമിനാഥൻ നെല്ലു ഗവേഷണ കേന്ദ്രവും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി ചേർന്നു ചക്കൻകരി പാടശേഖരത്തിലെ എം.കെ.വർഗീസ് മണ്ണുപറന്പിലിന്റെ ഒരേക്കർ കൃഷിയിടത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഡ്രോണ്‍ ഉപയോഗിച്ചു വിത നടത്തിയത്.
കുട്ടനാട്ടിലെ കൂടുതൽ വിസ്തൃതിയുള്ള പാടശേഖരങ്ങളിൽ ഫലപ്രദമായി വിതയ്ക്കാൻ സഹായിക്കുന്ന ഡ്രോണ്‍ സീഡർ ഉപയോഗിക്കുന്നതു വഴി കുറഞ്ഞ സമയംകൊണ്ടു വിതച്ച് തീർക്കാൻ സാധിക്കും.
എന്നു മാത്രമല്ല, കൃത്യമായ വിത്ത് വിതരണവും കുറഞ്ഞ വിത്തളവും ഉറപ്പാക്കും. കുട്ടനാടൻ പാടശേഖരങ്ങളിൽ ഒരേക്കറിന് 50 കിലോ വിത്താണ് സാധാരണയായി ശുപാർശ ചെയ്യാറുള്ളത്.
എന്നാൽ ഡ്രോണ്‍ സീഡർ ഉപയോഗിക്കുന്പോൾ ഏക്കറിന് 30 കിലോ വിത്ത് മതിയാകും. പത്തു കിലോ വിത്ത് സംവഹന ശേഷിയുള്ള സീഡറിൽ മൂന്നു തവണകളിലായി 30 കിലോ വിത്ത് ചക്കൻകരി പാടശേഖരത്തിലെ ഒരേക്കറിൽ വിതയ്ക്കാൻ 25 മിനിറ്റു മാത്രമാണു വേണ്ടിവന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് വളങ്ങളും മൈക്രോ ന്യൂട്രിയെന്റ്സും തളിക്കാറുണ്ടെങ്കിലും വിത നടത്തിയത് ആദ്യമാണ്. കേരളത്തിൽ തന്നെ ആദ്യമായാണു വിത്ത് വിതയ്ക്കാൻ ഡ്രോണുകൾ ഉപയോഗിക്കുന്നത്.
സമയലാഭവും സാന്പത്തിക ലാഭവും മാത്രമല്ല കൈകൊണ്ടുള്ള വിതയെ അപേക്ഷിച്ച് ഡ്രോണ്‍ ഉപയോഗിച്ചുള്ള വിതയിൽ വിത്ത് ചവിട്ടി താഴുന്നില്ല എന്നുള്ളതും മണ്ണിലെ പുളിരസം ഇളക്കാതെ വിതയ്ക്കാം എന്നതും നേട്ടമാണ്.
കൃത്യമായ അകലത്തിൽ വിതയ്ക്കാൻ കഴിയുന്നതിനാൽ നെൽച്ചെടികൾ തിങ്ങി നിറഞ്ഞു വിളവ് കുറയുന്ന അവസ്ഥയും ഇല്ലാതാകും. രോഗ കീടനിയന്ത്രണം സ്വാഭാവികമായിത്തന്നെ നടപ്പാകുകയും ചെയ്യും. തൊഴിലാളിക്ഷാമം മൂലം കൃഷി മുടങ്ങുന്നതും ഒഴിവാക്കാം.
നൂതന സാങ്കേതികവിദ്യകളും യന്ത്രവത്കരണവും നടപ്പാക്കാൻ കാർഷിക സർവകലാശാല നടത്തുന്ന പ്രയത്നങ്ങൾക്ക് ഡ്രോണ്‍ സീഡർ ഒരു പുത്തനുണർവ് നൽകുമെന്ന് നെല്ല് ഗവേഷണ കേന്ദ്രം മേധാവി ഡോ. എം. സുരേന്ദ്രൻ പറഞ്ഞു.
മങ്കൊന്പ് നെല്ല് ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. ജോബി ബാസ്റ്റിൻ, ഡോ. നിമ്മി ജോസ്, ഡോ. ബിന്ധു പി എസ്, കുമരകം കെവികെ മേധാവി ഡോ. ജയലക്ഷ്മി, ഡോ.മാനുവൽ അലക്സ്, ഡോ. ആശാ പിള്ള എന്നിവരാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.
കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ന്ധഡ്രോണ് സീഡർന്ധ കൂടുതൽ കർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.