റബർ കേരളത്തിൽ എത്തിയ വഴി?
Thursday, September 5, 2024 2:27 PM IST
1876ൽ ബ്രസീലിലെ ആമസോണ്‍ വനാന്തരങ്ങളിൽ നിന്നു ശേഖരിച്ച് ഏഷ്യയിലെ റബർ കൃഷിയുടെ ഈറ്റില്ലമെന്നു കരുതാവുന്ന ഇംഗ്ലണ്ടിലെ ക്യൂ ഗാർഡൻസിൽ എത്തിച്ച ഏതാണ്ട് എഴുപതിനായിരം റബർ വിത്തുകൾ അവിടത്തെ വലിയ ഗ്ലാസ് ഹൗസുകളിൽ പാകിയതിൽ കിളർത്തു കിട്ടിയ രണ്ടായിരത്തോളം തൈകളിൽ കുറെയെണ്ണം സിലോണ്‍ (ശ്രീലങ്ക) വഴി ഇന്ത്യയിൽ എത്തിച്ചെന്നാണു കരുതപ്പെടുന്നത്.
അന്ന് ക്യൂ ഗാർഡൻസിന്റെ ഡയറക്ടറായിരുന്ന സർ ജോസഫ് ഹുക്കറും സർ ഹെൻട്രി വിക്ഹാമുമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ലണ്ടനിലെ ഒൗഷധ ഗവേഷകനായിരുന്ന നതാനിയൽ വാർഡ് 1830കളിൽ കണ്ടുപിടിച്ച വാർഡിയൻ കേയ്സുകളിലാണു ക്യൂ ഗാർഡൻസിലെ വലിയ ഗ്ലാസ് ഹൗസുകളിൽ നിന്നു റബർ തൈകൾ സിലോണിൽ എത്തിച്ചത്.
മുറുക്കി അടയ്ക്കാവുന്ന ഒരുതരം സ്ഫടിക പാത്രങ്ങളാണ് വാർഡിയൻ കേയ്സുകൾ ഇവയെ സൂഷ്മാകാരങ്ങളായ ഗ്ലാസ് ഹൗസുകൾ (ഗ്രീൻ ഹൗസുകൾ) എന്നു വേണമെങ്കിൽ പറയാം.
1878 മുതൽ 1886 വരെ സിലോണ്‍ വഴി ഇന്ത്യയിൽ എത്തിച്ച റബർ തൈകൾ നിലന്പൂരിലെ തേക്കിൻ തോട്ടങ്ങൾ, ആൻഡമാൻ ദ്വീപുകൾ, നീലഗിരിയിലെ ബുറളിയാർ, കോഴിക്കോട്ട് പൂനൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു.
എന്നാൽ, വ്യവസായികാടിസ്ഥാനത്തിൽ ആദ്യമായി കൃഷി തുടങ്ങിയത് 1902 ൽ ആലുവായ്ക്കടുത്ത് തട്ടേക്കാട് എന്ന സ്ഥലത്താണ്. ഇംഗ്ലീഷുകാരായ വൻകിട കൃഷിക്കാരാണ് ഇതിനായി പെരിയാർ സിൻഡിക്കറ്റ് രൂപീകരിച്ചത്.
1904 മുതൽ 1911 വരെയുള്ള കാലയളവിൽ അന്നത്തെ ട്രാവൻകൂർ കൊച്ചി, മദ്രാസ്, മൈസൂർ എന്നീ ഗവണ്മെന്റുകൾ കൃഷിക്കുവേണ്ട സ്ഥലം അനുവദിച്ചും മറ്റും റബർ കൃഷിയെ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
ഇതിന്റെ ഫലമായി അക്കലയളവിൽ മുണ്ടക്കയത്ത് ഏന്തയാർ, എൽഡെറാഡോ, മുണ്ടക്കയം എന്നീ തോട്ടങ്ങളും തൃശൂരിനടുത്ത് പാലപ്പള്ളി, പുതുക്കാട് എന്നീ തോട്ടങ്ങളും മലങ്കര റബർ ആൻഡ് പ്രൊഡ്യൂസ് കന്പനി, വാണിയന്പാറ റബർ കന്പനി എന്നിവയും നിലവിൽ വന്നു.
ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ കൃഷി ചെയ്ത സ്ഥലം മുണ്ടക്കയമാണ്. 1910ൽ മുണ്ടക്കയത്ത് ഏതാണ്ട് നാലായിരം ഹെക്ടറിൽ റബർ കൃഷി ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഈ കാലയളവിൽ യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സതേണ്‍ ഇന്ത്യ റബർ കൃഷി നവീകരിക്കുന്നതിനുവേണ്ടി നടത്തിയ ഗവേഷണ പ്രവർത്തനങ്ങൾ ഈ കൃഷി കേരളത്തിൽ വളർന്ന് വികസിക്കുന്നതിന് വളരെയേറെ സഹായിക്കുകയുണ്ടായി.
വൻകിട കൃഷി വിജയകരമായതോടുകൂടി അനവധി ചെറുകൃഷിക്കാരും ഈ രംഗത്തേയ്ക്കു കടന്നുവന്നു.
ഫോണ്‍: 82814 36960