ആരെയും കൊതിപ്പിക്കും നീലൂരിന്റെ കുന്പിളപ്പം
Friday, August 2, 2024 11:15 AM IST
നല്ല മധുരമുള്ള വരിക്ക ചക്കപ്പഴം അരിപ്പൊടിയും ശർക്കരയും ചേർത്തു കുഴച്ചെടുത്തു മേന്പൊടിയായി അല്പം തേങ്ങയും നെയ്യും ഏലയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇടന ഇലയുടെ കുന്പിളിൽ പുഴുങ്ങിയെടുക്കുന്ന കുന്പിളപ്പം കഴിക്കാത്തവരും ഇഷ്ടപ്പെടാത്തവരും വിരളം.
ചക്കയുടെ സീസണിൽ മധ്യ കേരളത്തിലെ നാട്ടിൻ പുറങ്ങളിലെ പ്രധാന പലഹാരമാണു കുന്പിളപ്പം. സംസ്ഥാന ഫലമായ ചക്കയിൽ നിന്നുണ്ടാക്കുന്ന ഈ അപ്പം ഇപ്പോൾ വിദേശത്തേക്കും പറന്നു തുടങ്ങി.
കോട്ടയം ജില്ലയിലെ മലയോര ഗ്രാമമായ നീലൂരിലെ കർഷകരുടെ ഉടമസ്ഥതയിലുള്ള നീലൂർ പ്രൊഡ്യൂസർ കന്പനിയാണ് കുന്പിളപ്പം വിദേശത്തേക്കു കയറ്റി അയക്കുന്നത്. പേരിനു മാത്രമല്ല കയറ്റുമതി. പ്രതിമാസം 50000 എണ്ണത്തിനു മുകളിലാണു വിമാനം കയറുന്നത്.
കർഷകരുടെ അധ്വാനഫലം ഇടനിലക്കാരും കുത്തകകളും കവർന്നെടുക്കുന്നതു കണ്ടു മനംമടുത്ത് കാർഷിക വൃത്തി ഉപേക്ഷിക്കുന്നവർക്കു പുത്തനുണർവ് പകരാൻ ആവിഷ്കരിച്ച പദ്ധതിയാണ് നീലൂർ പ്രൊഡ്യൂസർ കന്പനി.
2016ൽ നീലൂർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നബാർഡിന്റെ ഫാർമേഴ്സ് പ്രൊഡക്ഷൻ ഓർഗനൈസേഷന്റെ സഹകരണത്തോടെയാണു കന്പനി തുടങ്ങിയത്.
കർഷകരുടെ മൂലധനത്തിലും ഉടമസ്ഥതയിലും പ്രവർത്തിക്കുന്ന കന്പനി ഏതാനും മാസങ്ങൾക്കു മുന്പാണു കുന്പിളപ്പം യുകെ, അമേരിക്ക, കാനഡ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് അയച്ചു തുടങ്ങിയത്.
ഇന്നിപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കുന്പിളപ്പം ഉത്പാദിപ്പിക്കുന്ന കന്പനിയാണിത്. പ്രതിദിനം അയ്യായിരത്തിനടത്തു കുന്പിളപ്പം പ്രാദേശികമായും വിൽക്കുന്നുണ്ട്.
കർഷക മലയോര ഗ്രാമമായ നീലൂരിലെ 650 കർഷകരുടെ കൂട്ടായ്മയായ കന്പനിയുടെ ഓഹരി ഉടമകളിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും കുന്പിളപ്പ നിർമാണം 10 സ്ത്രീകളുടെ മേൽനോട്ടത്തിലാണു നടക്കുന്നത്.
രാവും പകലും വ്യത്യാസമില്ലാതെയാണ് കുന്പിളപ്പ നിർമാണം. ചക്കവെട്ടും ഒരുക്കലും പീസ് വർക്കായി ചെയ്യാൻ പത്തോളം സ്ത്രീകൾ വേറെയുമുണ്ട്. ഇതു കൂടാതെ ചക്ക ഒരുക്കി വീടുകളിൽ നിന്നു വാങ്ങുന്നുണ്ട്.
കുന്പിളാക്കിയ ഇടനയിലയിൽ അരിക്കൂട്ടും ചക്കപ്പഴവും ചേർത്തു നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുന്നതാണ് രീതി. ശർക്കരയും തേങ്ങയും ഏലയ്ക്കയും ജീരകവും റവ അല്ലെങ്കിൽ അരിപ്പൊടി എന്നിവയാണു മറ്റു ചേരുവകൾ. കുന്പിളപ്പത്തിന്റെ സ്വാദും രുചിയും മണവും കുന്പിളിലയാണ്.
ഇലകൾ പ്രദേശികമായിട്ടാണ് ശേഖരിക്കുന്നത്. കോട്ടയം ജില്ലയ്ക്കു പുറമേ പാലക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിൽ നിന്നും വലിയ തോതിൽ ഇല ശേഖരിക്കുന്നുണ്ട്. ഒരിലയ്ക്ക് ഒരു രൂപ നൽകും. കേടുള്ളതോ പഴകിയതോ ആയ ഇലകൾ ഉപയോഗിക്കാറില്ല.
വീടുകളിൽ കുന്പിളപ്പം ഉണ്ടാക്കാൻ ചക്കപ്പഴം ഉടനടി ഉപയോഗിക്കുന്പോൾ വാണിജ്യാടിസ്ഥാനത്തിൽ ചക്കപ്പഴം പൾപ്പാക്കിയാണ് ഉപയോഗിക്കുന്നത്. ഇതിനായി വ്യത്യസ്ത സമയങ്ങളിൽ ചക്ക ശേഖരിച്ചു പഴുപ്പിച്ചു പൾപ്പാക്കി ശീതീകരിച്ചു സൂക്ഷിക്കും.
പ്രാദേശിക കർഷകരിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുമൊക്കെ ചക്ക ശേഖരിക്കുന്നുണ്ട്.
ഒരു മണിക്കൂറിനുള്ളിൽ 1250 അപ്പം പുഴുങ്ങാവുന്ന സ്റ്റീമറിലാണ് അപ്പം തയാറാക്കുന്നത്. ഓർഡർ അനുസരിച്ചാണു നിർമാണം. 365 ദിവസവും മുടങ്ങാതെ അപ്പം ഉണ്ടാക്കാവുന്ന വിധത്തിൽ പൾപ്പ് ശേഖരിച്ചു വച്ചിട്ടുണ്ട്.
ഒരു കുന്പിളപ്പത്തിന് 80-85 ഗ്രാം തൂക്കം വരും. 12 രൂപയാണ് മൊത്ത വില. പ്രാദേശിക വിപണയിൽ 18 രൂപയ്ക്ക് കിട്ടുന്ന കുന്പിളപ്പം വിദേശ വിപണിയിൽ 35 രൂപയ്ക്കാണ് വിൽപന.
കുന്പിളപ്പത്തിനൊപ്പം ചക്ക, കപ്പ എന്നിവയിൽ നിന്നും വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ കന്പനി ഉണ്ടാക്കുന്നുണ്ട്. നീലൂർ ഹണി, നീലൂർ സ്പെസസ് മസാലകൾ എന്നിവയ്ക്കു നല്ല ഡിമാൻഡാണ്. കയറ്റുമതി ബിസിനസ് ത്വരിതപ്പെടുത്തുന്നതിനായി 100 എംടി കോൾഡ് സ്റ്റോറേജ് യൂണിറ്റ് ഉടൻ പ്രവർത്തനം തുടങ്ങും.
താമസിയാതെ റെഡി ടു ഈറ്റ് ചക്ക വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പും കടവന്തറയിൽ റൂറൽ മാർട്ട് ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് കന്പനി ചെയർമാൻ മാത്യു സിറിയക്കും സിഇഒ ഷാജി ജോസഫും പറഞ്ഞു.
ഫോണ് : 9447121510.