ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
ജെയിസ് വാട്ടപ്പിള്ളിൽ
Tuesday, April 23, 2024 5:18 PM IST
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലും കൃഷി ചെയ്യാനാകുമെന്നു തെളിയിച്ചിരിക്കുകയാണ് മൂവർ സംഘം.
ഇടുക്കി ജില്ലയിൽ തൊടുപുഴ പള്ളിക്കാമുറി സ്വദേശികളായ ഷിബു ജോസഫ് പറയിടത്തിൽ, ടി.വി.മാത്യു തെങ്ങുംപിള്ളിൽ, ജെഫിൻ അഗസ്റ്റിൻ കൊടുവേലിൽ എന്നിവരാണു കാർഷിക രംഗത്ത് മാറ്റത്തിനു കാരണമായേക്കാവുന്ന പരീക്ഷണം നടത്തി വിജയിച്ചത്.
ഷിബു ജോസഫിന്റെ രണ്ടേക്കർ പാടത്താണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. ജലസേചന സൗകര്യമുള്ളതിനാൽ ആദ്യം ഏത്തവാഴയാണ് നട്ടത്. ഇതിനായി തമിഴ്നാട്ടിലെ ചിന്നമന്നൂരിലെ തോട്ടത്തിൽ നിന്നു നേരിട്ട് വിത്തുകൾ എത്തിക്കുകയായിരുന്നു.
ആറാംമാസം കുലച്ച് ഒന്പതാം മാസം വിളവെടുക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരു കുലയ്ക്കു ശരാശരി 15കിലോ വരെ തൂക്കം ലഭിക്കും. എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, ചാണക സ്ലറി, കോഴിവളം തുടങ്ങിയവയാണ് പ്രധാന വളം.
കൃത്യമായി നന കൊടുക്കുന്നതിനാൽ ചൂടിന്റെ കാഠിന്യം തെല്ലും ഏൽക്കാതെ തൈകൾ തഴച്ചു വളരുന്നു. ആയിരത്തോളം വാഴയുണ്ട്. ഓണത്തിനു വിളവെടുക്കാൻ കഴിയുമെന്നാണു പ്രതീക്ഷ.
തോട്ടം നനയ്ക്കുന്നതിനാൽ വാഴകൾക്കിടയിൽ ഇടതൂർന്നു വളരുന്ന പച്ചപ്പുല്ല് പശുക്കൾക്ക് തീറ്റയായി നൽകാനും സാധിക്കുന്നു.
ഇടവിള
ഏത്തവാഴത്തോട്ടത്തിൽ ഇടവിളയായി ചോളവും നിലക്കടലയും നട്ടു. ഒപ്പം വള്ളിപ്പയർ, തടപ്പയർ, ചുരയ്ക്ക, പീച്ചിൽ, വഴുതന, വെണ്ട തുടങ്ങിയവയും. ഇതിൽ ആദ്യം വിളവെടുത്തത് തടപ്പയറായിരുന്നു. അറുന്നൂറ് ചുവട് തടപ്പയറിൽ നിന്നു മികച്ച വരുമാനം ലഭിച്ചു.
പ്രാദേശിക കാർഷിക വിപണികളിലും പച്ചക്കറി കടകളിലുമായിരുന്നു വിപണനം. വിഷരഹിതമായതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. തോട്ടത്തിനോടു ചേർന്നുള്ള കാനകളിലാണ് പന്തലിന്റെ കാലുകൾ നാട്ടിയത്. അതിനാൽ സ്ഥല നഷ്ടം ഒഴിവാക്കി കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാനായി.
നിലക്കടലയും ചോളവും നട്ട് 90-ാം ദിവസം വിളവെടുത്തു. ഇവയ്ക്കും ജൈവ വളമാണ് പ്രധാനമായും നൽകിയത്. കടയിൽ നിന്നു വാങ്ങിയ നിലക്കടല കുതിർത്ത് മുളപ്പിച്ച ശേഷം തടമെടുത്ത് ഒരടിയോളം അകലത്തിൽ നടുകയായിരുന്നു.
ചുവട്ടിൽ നിന്നു ഒന്നരയടി അകലത്തിൽ വരെ തൈകൾ വളരും. വളർന്നു വരുന്നതനുസരിച്ച് ചുവട് ഭാഗത്ത് മണ്ണ്വിതറി കൊടുക്കും. ഒന്നോ രണ്ടോ തവണ മാത്രമാണ് വളം നൽകിയത്. പരീക്ഷണം വിജയമായതോടെ അടുത്ത സീസണിൽ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനുള്ള തീരുമാനത്തിലാണ് ഇവർ.
ചോളം മുന്നൂറോളം ചുവടുണ്ടായിരുന്നു. ഇതിന്റെ വിളവെടുപ്പും കഴിഞ്ഞ ദിവസം നടത്തി. വേനൽ മഴ കുറഞ്ഞതു നിലക്കടല, ചോളം കൃഷികൾക്ക് ഗുണകരമായി. കരിമണ്ണൂർ കൃഷി ഓഫീസർ റാണി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു.
കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി, കൃഷി ഓഫീസർ റാണി ജേക്കബ് വാർഡ് അംഗം സാൻസൻ അക്കക്കാട്ട്, കൃഷി അസിസ്റ്റുമാരായ സി.എ.സുമയ്യ, ബിനോയി ജോസഫ്, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിളവെടുപ്പ്.
ഫോണ്: 99478 65115