പശു പരിപാലനം റെജിക്ക് ലഹരി
Thursday, September 28, 2023 1:47 PM IST
പശുക്കളുമായുള്ള ചങ്ങാത്തം റെജി ചെറുപ്പത്തിലെ തുടങ്ങിയതാണ്. അപ്പൻ പശുക്കളുമായി പറന്പിലേക്കു പോകുന്പോൾ കയറിന്റെ അറ്റത്തു പിടിച്ചായിരുന്നു തുടക്കം. റെജി വളർന്നതോടെ പശുക്കളുടെ എണ്ണവും കൂടി.
ഇപ്പോൾ പത്തു പശുക്കളുണ്ട്. ഇനിയും വേണമെന്നാണ് ആഗ്രഹം. ഇടുക്കി ജില്ലയിൽ വണ്ണപ്പുറം ഇളയച്ചാനിക്കൽ കുര്യന്റെ മകൻ റെജിക്കു പശു വളർത്തലും പരിപാലനവും ലഹരിയാണ്.
വളരെ ചെറുപ്പം മുതലേ വീട്ടിൽ പശുക്കളെ വളർത്തുന്നതും പരിപാലിക്കുന്നതും കണ്ടു വളർന്ന റെജി അങ്ങനെ ആയില്ലങ്കിലേ അദ്ഭുതമുള്ളൂ. റെജിക്കൊപ്പം ഭാര്യ ബീനയും ചേർന്നാണു പശുക്കളെയും കിടാക്കളെയും പരിപാലിക്കുന്നത്.
അവധി ദിവസങ്ങളിൽ മക്കളായ ജോയലും ജോവാക്കിയും കൂടും. ഉച്ചകഴിഞ്ഞ് അമ്മ മേരിയുടെ സഹായവും കിട്ടും. പത്തിൽ എട്ടെണ്ണവും കറവയുള്ളതാണ്.
ഒരെണ്ണത്തിൽ നിന്നു ശരാശരി 25 ലിറ്റർ പാൽ ലഭിക്കും. പുലർച്ചെ അഞ്ചിനു ഭാര്യയ്ക്കൊപ്പം തൊഴുത്തിലെത്തുന്ന റെജി, തൊഴുത്ത് വൃത്തിയാക്കി പശുക്കളെ കുളിപ്പിച്ച ശേഷമാണ് കറവ ആരംഭിക്കുന്നത്.
രണ്ടു നേരവും പശുക്കളെ കുളിപ്പിക്കും. യന്ത്രം ഉപയോഗിച്ചാണു കറവ. എല്ലാം എച്ച്എഫ്, ജേഴ്സി ക്രോസ് ഇനങ്ങളാണ്.
വീട് സ്ഥിതി ചെയ്യുന്നതു വെണ്മണി ബ്ലാത്തിക്കവലയിലാണെങ്കിലും വണ്ണപ്പുറത്ത് തൊഴുത്ത് വാടകയ്ക്ക് എടുത്താണു പശു പരിപാലനം. വീടിരിക്കുന്ന സ്ഥലത്തെ നാല് ഏക്കറിൽ റബറും കൊക്കോയുമാണ് കൃഷി.
ഓരോ പശുക്കളെയും കൃത്യമായി നിരീക്ഷിച്ചാണു പരിചരണം നൽകുന്നത്. പശുവിന്റെ നില്പും നടപ്പും ശ്രദ്ധിച്ചാൽ അതിന്റെ ആരോഗ്യ സ്ഥിതി മനസിലാക്കാം.
തല കുനിച്ചും കൂട്ടം തെറ്റിയും നിൽക്കുന്നവയ്ക്കും എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകും. തീറ്റയെടുക്കുന്ന രീതിയും ശ്രദ്ധിക്കണം. ആരോഗ്യമുളളവ ആർത്തിയോടെയാകും തീറ്റയെടുക്കുക.
അവയുടെ കണ്ണുകൾക്കു നല്ല തിളക്കമുണ്ടാകും. അരുമകളായി വളർത്തുന്ന പശുക്കൾക്കൊന്നിനും പേരില്ലെങ്കിലും റെജിയുടെ ശബ്ദം കേട്ടാൽ മതി അവ അടുത്തു വരും.
റബർത്തോട്ടത്തിലാണ് ഫാമെങ്കിലും കൂടുതൽ തണുപ്പിന് ഫാനുകൾ ക്രമീകരിച്ചിട്ടുണ്ട്. കോതമംഗലം രൂപതയുടെ ക്ഷീരസംഘമായ ജീവ മിൽക്കിന്റെ വണ്ണപ്പുറത്തെ പാൽ സംഭരണ കേന്ദ്രത്തിലാണ് പാൽ നൽകുന്നത്.
ജീവയുടെ യൂണിറ്റ് ഭാരവാഹി കൂടിയാണ് റെജി. ലിറ്ററിന് 43 മുതൽ 44 രൂപ വരെ വില ലഭിക്കും. 30 ഓളം വീടുകളിലും പതിവായി പാൽ കൊടുക്കുന്നുണ്ട്.
പ്രൊട്ടീൻഘടകം കൂടുതലുള്ള അമൂൽ കാലിത്തീറ്റയും കന്നാരച്ചെടിയുമാണ് പ്രധാന തീറ്റ. കാലിത്തീറ്റയ്ക്ക് അടിക്കടിയയുണ്ടാകുന്ന വിലവർധന വലിയ പ്രതിസന്ധിയാണെന്നു റെജി പറഞ്ഞു.
ജോണ്സണ് വേങ്ങത്തടം