കളകളെ ചെറുക്കാൻ തവിട്ട് വളം
Sunday, September 10, 2023 4:44 PM IST
കാർഷികവിളകളുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്ന ഒന്നാണു കൃഷിയിടങ്ങളിലെ കളകൾ. വിളകൾക്കു കൊടുക്കുന്ന ജലവും മൂലകങ്ങളും കവർന്നെടുക്കുന്ന കളകൾ വിളകളെക്കാൾ പെട്ടെന്നു വളർന്നു പൊന്തും.
വിളകളുടെ സംരക്ഷണത്തിന് ഈ അപകടകാരികളായ കളകളെ നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വിളകൾക്ക് ആവശ്യമായ വളങ്ങളുടെ ഉയർന്ന നിരക്കും, അവയുടെ ലഭ്യതക്കുറവും മറ്റൊരു പ്രശ്നമാണ്.
മികച്ച വിളവെടുപ്പിനു വളങ്ങൾ ആവശ്യമായതുകൊണ്ടുകർഷകർ എത്ര വിലകൊടുത്തും അത് കന്പോളത്തിൽ നിന്നു വാങ്ങി ഉപയോഗിക്കും. ഇതുവഴി ചെലവ് വർധിക്കുകയും ലാഭം കുത്തനെ ഇടിയുകയും ചെയ്യും.
രാസവളങ്ങൾ മാത്രം മണ്ണിൽ പ്രയോഗിക്കുന്നതുവഴി വിളകളുടെ ഉത്പാദനം കൂടുമെന്നതിലുപരി മണ്ണിന്റെ ഗുണങ്ങൾ നശിക്കുന്നതിനും മണ്ണിലുള്ള സൂക്ഷ്മാണുക്കൾ ഇല്ലാതാവുന്നതിനും കാരണമാകും. ഇവിടെയാണ് തവിട്ട് വളപ്രയോഗത്തിന്റെ പ്രസക്തി.
1996 ൽ ഓസ്ട്രേലിയയിൽ ഗൂഡൻസ് എന്ന ശാസ്ത്രജ്ഞനാണ് തവിട്ട് വളപ്രയോഗം എന്ന ആശയം കൊണ്ടുവന്നത്. പച്ചിലവളപ്രയോഗത്തിൽ നിന്നു വികസിപ്പിച്ചെടുത്ത നൂതന വളപ്രയോഗ മാർഗമാണിത്.
പച്ചില വളങ്ങളായ സെസ്ബാനിയ, സണ്ഹെന്പ് തുടങ്ങിയ വിളകൾ പ്രധാന വിളയുടെ ഇടവിളകളായി വളർത്തിയശേഷം അവയെ കളനാശിനി ഉപയോഗിച്ച് നശിപ്പിച്ചു വിളകൾക്ക് തന്നെ വളമായി നൽകുന്ന രീതിയാണു തവിട്ടു വളപ്രയോഗം.
മണ്ണിളക്കിയാണു പച്ചില വളപ്രയോഗം നടത്തുന്നതെങ്കിൽ തവിട്ട് വളപ്രയോഗത്തിൽ മണ്ണിളക്കാതെ കളനാശിനി ഉപയോഗിക്കുകയാണു ചെയ്യുന്നത്. തവിട്ടു വിളകൾ പൂക്കുന്നതിനു മുന്പ് കളനാശിനി ഉപയോഗിച്ചു നശിപ്പിച്ചു മണ്ണിലേക്കു വളമായി കൊടുക്കുകയാണു ചെയ്യുന്നത്.
കളനാശിനി പ്രയോഗിക്കുന്നതു വഴി ചെടികളുടെ ഇലയിലുള്ള ക്ലോറോഫിൽ നശിക്കുകയും ഇലകൾക്കു തവിട്ട് നിറം ആവുകയും ചെയ്യും. ഈ ഇലകൾ മണ്ണിൽ വീണു പ്രധാനവിളയ്ക്ക് വളങ്ങളായി മാറും.
നെല്ലിലെ തവിട്ടുവള രീതി
സാധാരണ നെൽവയലുകളിൽ ഉപയോഗിച്ചുവരുന്ന തവിട്ടുവളം സെസ്ബാനിയ വിഭാഗത്തിൽ പെടുന്ന ചെടികളാണ്. ഇവയെ നെൽ വിത്തുകൾക്കൊപ്പം തന്നെ വയലുകളിൽ പാകുന്നു.
ഇങ്ങനെ ചെയ്യുന്നതു വഴി നെൽവയലിൽ പ്രത്യക്ഷപ്പെടുന്ന പല കളകൾക്കും പൊട്ടിമുളച്ചു വളരാൻ സ്ഥലം ഇല്ലാതാവുകയും അവ സ്വയം നശിച്ചു പോകുകയും ചെയ്യും.
തവിട്ടു വിളകൾ നട്ടു 25 ദിവസമാകുന്പോൾ 2-4 ഉ എന്ന കളനാശിനി തളിക്കുക. ഇതോടെ ഈ ചെടികൾ അഴുകി മണ്ണിൽ ചേരും. ഇത് വളമായി നെല്ല് ചെടികൾ വിലിച്ചെടുക്കും.
ഗുണങ്ങൾ
1. തവിട്ട് വിളകൾ കൃഷിയിടത്തിലെ കളകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുകയും പ്രധാനവിളയുടെ പ്രാരംഭഘട്ടത്തിലെ കളകളുടെ വളർച്ചയെ തടയുകയും ചെയ്യും.
2. ഈ വളപ്രയോഗം വഴി മണ്ണിലേക്ക് ആവശ്യമായ നൈട്രജൻ എത്തിക്കാൻ കഴിയും. അതുവഴി നൈട്രജൻ വള പ്രയോഗം കുറയ്ക്കാം.
3. വിളകളുടെ ഉത്പാദനം കൂടുകയും കർഷകനു മെച്ചപ്പെട്ട ലാഭമുണ്ടാകുകയും ചെയ്യും.
4. മണ്ണിലുള്ള ഓർഗാനിക് കാർബണിന്റെ അളവ് കൂടും.
5. കളനാശിനിയും തവിട്ടു വിളകളും ഇഴുകി ചേരുന്നതു വഴി ധാന്യങ്ങളിലെ പ്രോട്ടീൻ അളവ് കൂടും.
6. തവിട്ട് വിളകൾ മണ്ണൊലിപ്പ് തടയും.
7. പ്രധാനവിളയ്ക്ക് ഉണ്ടാകുന്ന പല രോഗങ്ങളും ഒരു പരിധിവരെ കുറയ്ക്കാൻ തവിട്ടു വിളകൾ സഹായിക്കുന്നു.
തവിട്ട് വിളകൾക്കു വേണ്ട ഗുണങ്ങൾ
1. ചുരുങ്ങിയ വിലയ്ക്ക് കന്പോളത്തിൽ എളുപ്പത്തിൽ ലഭ്യമാവണം.
2. പ്രധാന വിളയേക്കാൾ പെട്ടെന്നു വളരുന്നവയാവണം.
3. തവിട്ട് വിളകളുടെ ജീവിത കാലയളവ് പ്രധാന വിളയേക്കാൾ കുറഞ്ഞതായിരിക്കണം.
4. മറ്റു കളകളേക്കാൾ ഉയർന്ന വളർച്ചാശേഷി ഉണ്ടാകണം.
തവിട്ട് വിളകൾ രണ്ടുതരം
രണ്ടു തരത്തിലുള്ള തവിട്ടു വിളകളുണ്ട്. 1. മണ്ണിലേക്ക് ജൈവപദാർഥം മാത്രം കൊടുക്കുന്ന പയർ വർഗമല്ലാത്ത വിളകൾ ഉദാ: നൈഗർ, വൈൽഡ് ഇൻഡിഗോ. 2. മണ്ണിലേക്ക് ജൈവപദാർഥവും നൈട്രജനും കൊടുക്കുന്ന പയർ വർഗത്തിൽപ്പെട്ടവ .ഉദാ: സണ് ഹെന്പ്, ഡൈഞ്ച.
ഒരു പരിസ്ഥിതി സൗഹൃദ സമീപനം എന്നതിനൊപ്പം വർധിച്ചുവരുന്ന രാസവളങ്ങളുടെ വിലയെ മറികടക്കാൻ കഴിയുന്ന മാർഗവും കൂടിയാണ് തവിട്ട് വളപ്രയോഗം.
ഫോണ്: 9747402537
ആനന്ദ് ആർ. ദാസ്
കാർഷിക കോളജ്, വെള്ളായണി