ചേനകൃഷിയിൽ മികവ് തെളിയിച്ച് ശ്യാം കുമാർ
Monday, September 4, 2023 5:10 PM IST
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലെ ശ്യാം കുമാർ ചേനകൃഷിയിൽ മികവ് തെളിയിച്ച കിഴങ്ങ് വർഗ കർഷകനാണ്. ഒരോ തവണയും അദ്ദേഹത്തിന്റെ തോട്ടത്തിൽ നിന്നു വിളവെടുക്കുന്ന വന്പൻ ചേനകൾ അതിന് ഉദാഹരണമാണ്.
കാർഷിക മേളകളിലും മൽസരങ്ങളിലും ശ്യാം കുമാറിന്റെ ചേനകൾ നിത്യസാന്നിധ്യമാണു താനും. ഡിംസബറിൽ വിളവെടുപ്പ് ലക്ഷ്യമിട്ട് കൃഷി ചെയ്തിരിക്കുന്ന ഗജേന്ദ്ര ചേനകൾ വന്പൻ വിളവ് നൽകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ഇല വരിച്ചു കരുത്തോടെ വളരുന്ന ചേനച്ചെടിക്ക് ഇപ്പോൾ 122 ഇഞ്ച് നീളവും 22 ഇഞ്ച് തടവണ്ണവുമുണ്ട്. വിളവെടുക്കുന്പോൾ ചേനയ്ക്ക് 50 മുതൽ 100 കിലോ വരെ തൂക്കമുണ്ടാകുമെന്നാണ് ശ്യാംകുമാറിന്റെ പ്രതീക്ഷ.
കഴിഞ്ഞ കൃഷിയിൽ 63 കിലോ വരെ തൂക്കമുള്ള ചേന കിട്ടി. അതിനു മുന്പു നട്ട ശ്രീപത്മ ഇനം ചേന 74 കിലോ വരെയുണ്ടായിരുന്നു. പ്രധാനമായും നാലിനം ചേനകളാണ് ശ്യാംകുമാർ കൃഷി ചെയ്യുന്നത്.
ശ്രീപത്മ, ഗജേന്ദ്ര, മലഞ്ചേന, ആദിവാസികളിൽ നിന്നു കിട്ടിയ പെരുഞ്ചേന. ചേന്പ്, കാച്ചിൽ, നനകിഴങ്ങ് മുക്കെഴങ്ങ് എന്നിവയും പുരാതന മരച്ചീനി ഇനങ്ങളായ കയ്യാല ചാടി, ആനക്കൊന്പൻ ആന്പക്കാടൻ തുടങ്ങിയവയും അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.
തിരുവനന്തപുരത്തെ ശ്രീകാര്യം കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രം, വെള്ളായണി കാർഷിക കോളജിലെ മൈക്രോബയോളജി വിഭാഗം എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ ഉപദേശങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ചാണ് അദ്ദേഹം കൃഷി ചെയ്യുന്നത്.
ഇതിനൊപ്പം സ്വന്തമായി നിർമിക്കുന്ന നാട്ടുഗവ്യം എന്ന സസ്യടോണിക്കും ഉപയോഗിക്കുന്നു.
ഫോണ്: 9497491803