മലങ്കര ജലാശയത്തിന് അഴക് പകരും ഫലവൃക്ഷത്തോട്ടം
Friday, May 26, 2023 5:27 PM IST
ജലസമൃദ്ധവും പ്രകൃതി രമണീയവുമായ മലങ്കര ജലാശയത്തിന് അഴക് കൂട്ടുന്ന ഫലവൃക്ഷത്തോട്ടം കണ്ണിനും മനസിനും കുളിർമ പകരും. ഇടുക്കി ജില്ലയിലെ തൊടുപുഴ-പുളിയ·ല സംസ്ഥാന പാതയോടു ചേർന്നു കുടയത്തൂർ പഞ്ചായത്തിലാണു റിട്ട. അധ്യാപകരായ ചെളിക്കണ്ടത്തിൽ രാജു സി. ഗോപാൽ -അജിത കുമാരി ദന്പതികളുടെ പഴത്തോട്ടം.
മൂന്നു പതിറ്റാണ്ടോളം വിദ്യാർഥികളുടെ പ്രിയ അധ്യാപകരായി പ്രവർത്തിച്ച ഇരുവരും 2013 ലാണ് കൃഷിയിലേക്കു തിരിഞ്ഞത്. കോളപ്രയിലും വയനക്കാവിലുമായി ആറേക്കറോളം വരുന്ന റംബൂട്ടാൻ തോട്ടം.
രണ്ടേക്കറിൽ ഹൈ ബ്രീഡ് തെങ്ങ്, മാവ്, പ്ലാവ്, മരമുന്തിരി, ഫുലാസാൻ, പേര, ചാന്പ തുടങ്ങിയവയും അടങ്ങുന്നതാണു തോട്ടം. കോളപ്രയിലേതു നിരപ്പുള്ള ഭൂമിയാണ്. വയനക്കാവിലേതു ചരിവുള്ളതും.
ചരിഞ്ഞ സ്ഥലത്ത് കോണ്ടൂർ സർവേ നടത്തി തട്ടുകളായി തിരിച്ച ശേഷമാണു കൃഷി ആരംഭിച്ചത്. കാസർഗോഡ്, വെച്ചൂർ, പൊങ്കാനൂർ ഇനങ്ങളിൽപെട്ട അഞ്ച് നാടൻ പശുക്കളെയും മൂന്നു കിടാക്കളെയും വളർത്തുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റുമുണ്ട്.
ഇവിടെ നിന്നുള്ള സ്ലറിയാണ് പ്രധാന വളം. മണ്ണ് പരിശോധിച്ച ശേഷമാണ് വള പ്രയോഗം. പൂവിടുന്നതിനു തൊട്ടുമുന്പ് സ്പ്രിംഗ്ലർ ഉപയോഗിച്ച് തൈകൾ നനച്ചു കൊടുക്കും. പുലരും മുന്പേ കറവയും മറ്റു വീട്ടുജോലികളും തീർത്ത് എട്ടിനു മുന്പു തന്നെ ഇരുവരും കൃഷിയിടത്തി ലെത്തും.
വൈകുന്നേരം ആറോടെ യാണു മടക്കം. വീട്ടിൽ നിന്ന് കുറച്ചകലെയുള്ള വയനക്കാവിലെ തോട്ട ത്തിലേക്കു പോകുന്പോൾ ഭക്ഷണം കരുതും. ജലാശയത്തിന്റെ സൗന്ദര്യം നുകർന്ന് തണലിൽ ഇരുന്നാണു ഭക്ഷണം കഴിക്കുന്നത്.
അത്യാവശ്യത്തിനു മാത്രമേ തൊഴിലാളികളെ വിളിക്കാറുള്ളൂ. അല്ലാത്തപ്പോഴെല്ലാം ഇരുവരും ചേർന്നാണ് അധ്വാനം.സുഹൃത്തായ വനവകുപ്പ് ഉദ്യോഗസ്ഥൻ സി.പി. സോമൻ നൽകിയ റംബുട്ടാൻ തൈ നട്ടായിരുന്നു കൃഷിയുടെ തുടക്കമെന്ന് രാജു സി. ഗോപാൽ പറഞ്ഞു.
തൊടുപുഴ ഇടവെട്ടി സ്വദേശി ഷാജിയാണ് പഴങ്ങൾ മൊത്തമായി വാങ്ങുന്നത്. കായ്കൾ പഴുക്കും മുന്പേ വലയിട്ട് സുരക്ഷിതമാക്കും. അടുക്കും ചിട്ടയുമുള്ള ശാസ്ത്രീയമായ കൃഷി രീതിയാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്.
മണ്ണിൽ പണിയെടുത്താൽ സ്വസ്ഥതയും സമാധാനവും ആരോഗ്യവും ഉറപ്പാണെന്നാണ് ഇവരുടെ വിലയിരുത്തൽ. കാർഷികവിളകളിൽ നിന്നുള്ള വരുമാനത്തിനൊപ്പം ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരും.
ഇതിന്റെ ഭാഗമായി മലങ്കര ജലാശയ തീരത്തുള്ള വയനക്കാവിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി നിർമിക്കുന്ന മൂന്നുനില കെട്ടിടം അവസാനഘട്ടത്തിലാണ്. നോക്കെത്താ ദൂരത്തോളമുള്ള ജലാശയ കാഴ്ചകളും പ്രകൃതിയുടെ സുന്ദര ദൃശ്യവിരുന്നും ആസ്വദിക്കാൻ കഴിയുന്ന ഇവിടെ ആയുർവേദ ചികിത്സാകേന്ദ്രം ആരംഭിക്കാനാണ് പദ്ധതി.
മകൾ ഡോ.നീതു രാജിന്റെയും ഭർത്താവും ഐടി എൻജിനിയറുമായ മിഥുന്റെയും സഹകരണത്തോടെയാണ് ഹെൽത്ത് ടൂറിസം പ്രോജക്ട് നടപ്പാക്കുന്നത്. ഇപ്പോൾ തന്നെ ധാരാളം പേർ തോട്ടം സന്ദർശിക്കാനും
തീരക്കാഴ്ചകൾ ആസ്വദിക്കാനും എത്തുന്നുണ്ട്. ഫാം ടൂറിസത്തിന്റെയും ഹെൽത്ത് ടൂറിസത്തിന്റെയും അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ഈ ദന്പതികളുടെ ലക്ഷ്യം.
ഫോണ് :97453 12423
ജോയി കിഴക്കേൽ