ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
ഒരുക്കാം  കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
Saturday, January 22, 2022 9:54 AM IST
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങുന്നത്, വായിക്കുന്നത്, സ്വപ്നങ്ങൾ കാണുന്നത് എല്ലാം ആ മുറിയിലാണല്ലോ. കുട്ടികൾക്കായി തിരഞ്ഞെടുക്കുന്ന ഓരോ വസ്തുക്കളും അവരെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് കൊറോണയുടെ ഈ നാളുകളിൽ അവർക്ക് ദിവസം മുഴുവനും അവിടെ തന്നെ ചെലവഴിണ്ടേക്കി വരുന്നു.

പ്രാധാന്യം സുരക്ഷയ്ക്കാകട്ടെ

കുട്ടികളുടെ മുറികൾ എപ്പോഴും മാതാപിതാക്കളുടെ ശ്രദ്ധകിട്ടുന്ന ഇടങ്ങിളിലാകണം ഒരുക്കേണ്ടത്. അവരുടെ മുറികളിൽ ഗ്ലാസുകളോ കൂർത്തവസ്തുക്കളോ കൊണ്ടുളള ഫിറ്റിംഗു കൾ ഒഴിവാക്കുക. വാതിലുകളിലും കബോർഡിലും അലമാരകളുടെ ഇടകളിലും കൈകൾപെട്ട് അപകടം ഉണ്ടാവാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാം. മുതിർന്നവരുടെ മുറിയിൽ ഒരുക്കുന്ന ഫർണിച്ചറുകളല്ല കുട്ടികൾക്കുളള മുറികളിൽ വേണ്ടത്. ഉയരം കുറഞ്ഞതും കുട്ടികൾക്കു സൗകര്യപ്രദമായി ഇരിക്കാവുന്നതും എന്നാൽ ബോഡി സ്ട്രക്ച്ചറും നട്ടെല്ലും കേടുകൂടാതെ സൂക്ഷിക്കുന്നതുമായിരിക്കണം. നൈറ്റ് ലൈറ്റോ സെൻസർ ലൈറ്റോ ഘടിപ്പിച്ചാൽ രാത്രിയിൽ കുട്ടികൾ ടോയ്ലറ്റിൽ പോകുന്പോൾ തട്ടിവീഴാതിരിക്കാൻ സഹായിക്കും.

നിറങ്ങൾക്ക് പിന്നിലെ രഹസ്യങ്ങൾ

നിറങ്ങൾക്ക് കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയെ സ്വാധീനിക്കാൻ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനാൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നത് അവരുടെ സ്വഭാവവും പ്രായവുമൊക്കെ പരിഗണിച്ചായിരിക്കണം.

ചുവപ്പ്

എനർജെറ്റിക്കായ നിറമാണ് ചുവപ്പ്. ചുറുചുറുക്കുള്ള കുട്ടികളുടെ മുറികളിൽ ചുവപ്പ് നൽകിയാൽ അത് അവരെ കൂടുതൽ എനർജറ്റിക്കാക്കും. പക്ഷേ, ഈ നിറം അവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാൻ ഇടയുണ്ട്. അതുപോലെത്തന്നെ ഉത്ക്കണ്ഠ കൂടുതലുളള കുട്ടികളുടെ മുറിയിൽ ചുവപ്പ് നിറം വന്നാൽ അത് അവരെ കൂടുതൽ സമ്മർദത്തിലാക്കും.

മഞ്ഞ

ഇളംമഞ്ഞ നിറം ഓർമശക്തിയെ പ്രചോദിപ്പിക്കും. ഏകാഗ്രതയും സന്തോഷവും പകരുന്ന നിറമാണിത്. എന്നാൽ കടുംമഞ്ഞ നിറം ടെൻഷനും ദേഷ്യവും വർധിപ്പിക്കാൻ ഇടയാക്കുന്നു.

നീല

ശാന്തതയും സമാധാനവും സ്വസ്ഥതയുമൊക്കെ പകരുന്ന നിറമാണ് നീല. വളരെയധികം ചുറുചുറുക്കുള്ള കുട്ടികളെ ശാന്തരാക്കി ഇരുത്താൻ ഈ നിറം സഹായിക്കും.

പച്ച

സമ്മർദവും ടെൻഷനും കുറയ്ക്കാൻ സഹായിക്കുന്ന നിറമാണിത്. പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികളുടെ മുറികളിൽ ഇവ അനുയോജ്യമായിരിക്കും.

പർപ്പിൾ

കുട്ടികളിലെ ക്രിയാത്മകത ഉത്തേജിപ്പിക്കാനും അവരെ ശാന്തരാക്കാനും കഴിവുളള നിറമാണ് പർപ്പിൾ. നഴ്സറി കുട്ടികൾക്ക് അനുയോജ്യമായ നിറമാണിത്.

പിങ്ക്

അന്തർമുഖരും നാണക്കാരുമായ കുട്ടികളുടെ മുറിക്ക് ഒട്ടും ചേരാത്ത നിറമാണിത്. അവരെ കൂടുതൽ അന്തർമുഖരാക്കാനേ ഇത് ഉപകരിക്കൂ. എന്നാൽ ആക്ടീവായ കുട്ടികളുടെ ചുവരുകൾക്ക് ധൈര്യപൂർവം ഈ നിറം നൽകാം.

ഇഷ്ടകഥാപാത്രങ്ങൾക്കനുസരിച്ച് മുറികൾ

കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾ അവരുടെ പ്രായത്തിന് അനുസരിച്ച് വളരെപ്പെട്ടെന്ന് മാറും. അതിനാൽ കുട്ടികളുടെ ഇഷ്ടകഥാപാത്രങ്ങൾ തീം ആക്കി മുറികൾ ഡിസൈൻ ചെയ്യാതിരിക്കുന്നതാകും നല്ലത്. ചെറുപ്പത്തിൽ മിക്കിമൗസിനെയും ഡോറയെയും ഇഷ്ടപ്പെടുന്ന അവർ, കുറച്ച് കഴിയുന്പോൾ സൂപ്പർമാന്‍റെയും സ്പൈഡർമാന്‍റെയും ആരാധകരാകും. അതിനാൽ ഫ്ളക്സിബിളായിട്ടുളള തീം തെരഞ്ഞടുക്കുന്നതാണ് നല്ലത്.

പ്രകൃതിയുമായി ഇണങ്ങാം

എപ്പോഴും സൂര്യപ്രകാശവും കാറ്റും കടന്നുവരുന്ന രീതിയിലായിരിക്കണം മുറികൾ നിർമ്മിക്കേണ്ടത്. ഇരുണ്ട മുറികൾ അവരുടെ വളർച്ചയെത്തന്നെ ബാധിക്കും. ജനാലകളിൽ കൂടി പുറത്തെ പച്ചപ്പും പ്രകൃതിയുമൊക്കെ കാണാവുന്ന രീതിയിൽ മുറികൾ നിർമിക്കുന്നത് നന്നായിരിക്കും.

കുട്ടികളുടെ പങ്കാളിത്തം

കുട്ടികൾക്കുളള മുറികൾ പണിയുന്ന ഓരോഘട്ടത്തിലും അവരുടെ അഭിപ്രായങ്ങൾ ആരായണം. അവരുടെ ഇഷ്ടങ്ങൾക്കുകൂടി പരിഗണന ലഭിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. കുട്ടികളുടെ വ്യക്തിത്വവും ക്രിയാത്മകതയും വളർത്തുക മാത്രമല്ല അവരുടെ മുറികൾ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുക എന്ന ഉത്തരവാദിത്വം കൂടിയാണ് ഇത് നല്കുന്നത്.


കുട്ടി മുറികൾ സുന്ദരമാക്കാം

ട്രീഹൗസ്

കുട്ടികളുടെ മുറികളിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് തയാറാക്കാവുന്ന ആശയമാണിത്. മുറിയുടെ ഒരു മൂലയിൽ പടികൾ നല്കി അപ്പർ റൂമായി നിർമിക്കാം. ഒരു ജനാലകൂടി പണിതാൽ അവർക്ക് പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. ഒപ്പം കാറ്റും വെളിച്ചവും കടക്കും. അവരുടെ ഭാവനകൾക്കും സർഗാത്മകതയ്ക്കും നമുക്ക് ഒരു പടികൂടി ഉയരം നൽകാം. പുസ്തകൾക്കു കൂടി അവിടെ ഇടം നൽകിയാൽ വായനയും ആകാം.

വാൾപേപ്പർ

പെയിന്‍റിനു പകരം ഭിത്തിയിൽ പരീക്ഷിക്കാവുന്നതാണ് വാൾപേപ്പറുകൾ. കുട്ടികൾക്ക് ഇഷ്ടമുളള കാർട്ടൂണ്‍ കഥാപാത്രങ്ങളും ഗ്രാഫിക്സും ഒക്കെയടങ്ങിയ മനോഹരമായ വാൾപേപ്പറുകൾ ഇപ്പോൾ ലഭ്യമാണ്. ഇതു മുറികളെ കൂടുതൽ ഭംഗിയാക്കും. ഭിത്തികളിൽ കുട്ടികൾ കുത്തിവരക്കുന്നു എന്ന പരാതി മാതാപിതാക്കൾക്ക് എപ്പോഴും ഉളളതാണ്. വാൾപേപ്പറുകളായാൽ ഇത് മായിച്ചുകളാനും മാറ്റിയൊട്ടിക്കാനുമെല്ലാം സാധിക്കും. അവരുടെ കുഞ്ഞു ഭാവനകൾക്കും സന്തോഷങ്ങൾക്കും നമുക്ക് വിലങ്ങുതടിയാവാതിരിക്കാം.

കുട്ടി ആർട്ട്ഗാലറികൾ ഒരുക്കാം

മുതിർന്നവരെപ്പോലെതന്നെ പ്രശംസയും അംഗീകാരവും ആഗ്രഹിക്കുന്നവരാണ് കുട്ടികളും. അവരുടെ കുഞ്ഞു കലാവിരുതുകൾക്കായി പ്രത്യേക ഒരിടം ഒരുക്കാൻ സാധിച്ചാൽ അത് അവരെ എത്രയേറെ ആത്മവിശ്വാസമുളളരാക്കും! ഭിത്തിയിൽ എല്ലാവർക്കും കാണാൻ സാധിക്കുന്ന രീതിയിൽ പ്രത്യേകം ഷെൽഫ് നിർമിക്കാം അല്ലെങ്കിൽ ഫ്രെയിം ചെയ്തിടാനുളള സംവിധാനങ്ങളും ഒരുക്കാം.

ആകാശംകണ്ട് ഉറങ്ങാം

നക്ഷത്രങ്ങളെയും ചന്ദ്രനെയും മേഘങ്ങളെയും പൂക്കളെയും ഒക്കെ കണ്ടുകൊണ്ട് ഉറങ്ങിയൽ അവരുടെ സ്വപ്നങ്ങളും എത്ര മനോഹരമായിരിക്കും! ഇത്തരം പരീക്ഷണങ്ങൾ വളരെ എളുപ്പത്തിൽ സാധ്യമാണ്. അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് വരയ്ക്കുകയോ സീലിംഗ് നടത്തുകയോ ചെറിയ ലൈറ്റുകൾ ഘടിപ്പിക്കുകയോ ആകാം. അതുമല്ലെങ്കിൽ ചെലവുകുറഞ്ഞ രീതിയിൽ തിളങ്ങുന്ന സ്റ്റിക്കറുകൾ ഒട്ടിക്കാം, ഭംഗിയുളള ക്രാഫ്റ്റുകൾ നിർമിച്ചും തൂക്കിയിടാം.

ഊഞ്ഞാലുകൾ

മനോഹരമായ ഊഞ്ഞാലുകൾ മുറികളിൽ തൂക്കിയിട്ടാൽ കുട്ടികൾക്ക് ഒരേസമയം കളിക്കാനും ഇരുന്നുപഠിക്കാനും വായിക്കാനും ഉപയോഗപ്പെടുത്താം. അവരെ കൂടുതൽ ഉന്മേഷമുള്ളവരാക്കാൻ ഇതു സഹായിക്കും. ചെറിയ ഉയരത്തിൽ തൂക്കിയാൽ വീഴാനുളള സാഹചര്യവും ഒഴിവാക്കാനാവും.

ടെന്‍റുകൾ

സ്വന്തം മുറിക്കകത്ത് അവരുടേതായ ചെറിയൊരു ലോകം അവരെ എത്രയധികം അതിശയിപ്പിക്കും. അവർക്ക് കളിക്കാനും കിടക്കാനും അലങ്കരിക്കാനുമൊക്കെ മറ്റൊരു കുഞ്ഞു ലോകം. വലിയ ചെലവില്ലാതെ അവരെ സന്തോഷപ്പിക്കാം, അടക്കിയിരുത്താം. സ്വന്തമായി ഇത് നിർമിക്കുകയോ റെഡിമെയ്ഡായി വാങ്ങുകയോ ആകാം.

ചോക്ക് ബോർഡ്

കുട്ടികൾക്ക് അവരുടെ കഴിവുകൾ കാണിക്കാൻ വളരെ ചെലവു കുറഞ്ഞ രീതിയിൽ ഒരുക്കി കൊടുക്കാവുന്നതാണ് ചോക്ക് ബോർഡ്. ഭിത്തിയുടെ ഒരുഭാഗത്ത് വലിയൊരു ബോർഡ് സ്ഥാപിച്ചാൽ അവർക്കു കളിക്കാനും വരയ്ക്കാനും ഒരിടമാകും. മാത്രമല്ല അവരെ രസകരമായി പഠിപ്പിക്കാനും ഇത് ഉപകരിക്കും.

റീഡിംഗ് കോർണർ

വായനശീലം കുട്ടികളിൽ വളർത്താൻ ഏറ്റവും നല്ല വഴിയാണ് റീഡിംഗ് കോർണറുകൾ നിർമ്മിച്ചു നല്കുന്നത്. പഠിക്കാൻ ഇരിക്കുന്ന ഇടത്തിരുന്നു തന്നെ വായിക്കുന്നത് വായന വിരസമാകാനേ ഉപകരിക്കൂ. അതിനാൽ മനോഹരമായ ഒരു റീഡിംഗ് കോർണർ കുട്ടികളെ ആകർഷിക്കുന്ന രീതിയിൽ ഒരുക്കിനല്കാം. മുറിയുടെ കോർണറുകളിൽ തന്നെ ഇതു ക്രമീകരിച്ചാൽ സ്ഥലവും ലാഭിക്കാം.

ഒരുക്കാം വാഡ്രോബുകൾ

കുട്ടികൾക്കായി അലമാരകൾ ഒരുക്കുന്പോൾ ഇൻബിൽറ്റായി പണിയാം. മുറികളെ ഭംഗിയാക്കുക മാത്രമല്ല അപകടങ്ങളും ഒഴിവാക്കാം. അവരുടെ വസ്ത്രങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയെല്ലാം വയ്ക്കാൻ പ്രത്യേകം കബോർഡുകളായി തിരിക്കാം. കുട്ടികളിൽ അടുക്കും ചിട്ടയും ഉത്തവാദിത്വബോധവും വളർത്തിയെടുക്കാൻ ഇത് സഹായിക്കും.

ട്രീസ ജോയി