പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
Wednesday, February 17, 2021 3:38 PM IST
ദാമ്പത്യം ഒരു കുടുംബത്തിന്‍റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്‍ക്കുന്നു. പരസ്പരം മനസിലാക്കാനും ബഹുമാനിക്കാനും തുറന്നു സംസാരിക്കാനും കഴിയുക എന്നതുതന്നെയാണ് ഏതൊരു വിജയകരമായ ദാമ്പത്യത്തിന്റെയും രഹസ്യം.

വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ തന്നെ പരസ്പരമുള്ള ധാരണയില്‍ വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം തുറന്നുപറയേണ്ടതും അനിവാര്യം തന്നെ. പലപ്പോഴും ആദ്യനാളുകളില്‍ പ്രീതി നേടിയെടുക്കാന്‍ അനിഷ്ടങ്ങള്‍ മറച്ചുവയ്ക്കുന്ന പ്രവണത പിന്നീട് വലിയ പ്രശ്‌നങ്ങില്‍ ചെന്നെത്തിക്കുന്നു. ഭാര്യാഭര്‍ത്തൃ ബന്ധത്തിനിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് സര്‍വസാധാരണമാണ്. അത്തരം പ്രശ്‌നങ്ങളുടെ കാരണം മനസിലാക്കി പരിഹാരം കാണണം. സോഷ്യല്‍ മീഡിയയില്‍ കാണുന്ന എളുപ്പവഴികള്‍ തേടിപ്പോയി പരാജയപ്പെടുമ്പോള്‍ തന്റെ പങ്കാളിക്കു തന്നോടു സ്‌നേഹമില്ലെന്ന തീരുമാനിത്തിലേക്ക് എത്തുന്നതു ശരിയല്ല."Perfect Matching' അല്ലെങ്കില്‍ "Perfect Couple' എന്ന ആശയം തന്നെ ശരിയല്ല. സന്തോഷവും സങ്കടവും സ്‌നേഹവും വഴക്കും ശാസനയും ക്ഷമയും എല്ലാം സംയോജിച്ചതാണ് ഏതൊരു വിവാഹ ജീവിതവും. കുടുംബത്തിലെ സമാധാനവും സന്തോഷവും ആ കുടുംബത്തിലെ ദമ്പതികളില്‍ നിന്നുതന്നെയാണ് തുടങ്ങുന്നത്. ഒരു നല്ല വീട് എന്നു പറയുന്നത് ആ വീടിന്റെ പുറമേയുള്ള ഭംഗിയിലല്ല പകരം ആ വീട്ടിലുള്ളവര്‍ എത്ര സമാധാനത്തോടെ ജീവിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മനസ് തുറന്നുള്ള സംസാരം

വിവാഹത്തിനു മുമ്പുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നതും പറയാതിരിക്കുന്നതും അവരവരുടെ താല്‍പര്യമാണ്. എന്നാല്‍, ഒന്നിച്ചുജീവിക്കാന്‍ തുടങ്ങിയതിനുശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ പരസ്പരം പങ്കുവയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. നമ്മുടെ സന്തോഷം പങ്കുവയ്ക്കുന്നപോലെ തന്നെ സങ്കടവും പങ്കാളിയെ അറിയിക്കാന്‍ ശ്രദ്ധിക്കണം. വിഷമവും ദേഷ്യവും മറച്ചുവച്ച് മനസില്‍ കുറേനാള്‍ കൊണ്ടുനടന്നാല്‍ പിന്നീട് നിസാരമായ ഒരു കാര്യത്തിന്റെ പേരില്‍ പൊട്ടിത്തെറിക്കാനുള്ള സാധ്യത ഏറും. അതിനാല്‍ മനസില്‍ തോന്നുന്ന കാര്യവും അനുഭവിച്ച വിഷമവും പങ്കാളിയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കണം. തുറന്നുപറച്ചിലുകളില്‍ ശ്രദ്ധിക്കേണ്ട കാര്യം പങ്കാളിയുടെ കുഴപ്പം കൊണ്ടാണുപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്ന് അര്‍ഥം വരുന്ന രീതിയിലുള്ള സംസാരം ഒഴിവാക്കുക എന്നതാണ്. സ്വയം അനുഭവിക്കുന്ന മാനസികാവസ്ഥയും അതില്‍നിന്ന് എങ്ങനെ കരകയറണമെന്നുള്ള തുറന്ന ചര്‍ച്ചയും നടത്തുക. എന്തിനും ഏതിനും പരാതി പറയുന്ന ഒരു ജീവിതപങ്കാളിയെ ആര്‍ക്കും ഇഷ്ടമാവില്ല. എന്നാല്‍, പക്വമായ രീതിയില്‍ സമയവും സാഹചര്യവും നോക്കി പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്ന പങ്കാളി പറയുന്നതു കേള്‍ക്കാനും മനസിലാക്കാനും അവര്‍ തയാറാകും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ പറയുന്നതു ക്ഷമയോടെ കേള്‍ക്കുന്ന ഒരു പങ്കാളിയെയാണ് അവര്‍ ആഗ്രഹിക്കുന്നത്. കുറ്റപ്പെടുത്താതെ നല്ല രീതിയില്‍ പ്രചോദനം നല്‍കുന്ന ഭര്‍ത്താവിനെ അവര്‍ ഇഷ്ടപ്പെടും. അതുവഴി സ്വയം തീരുമാനത്തിലെത്താന്‍ ഭാര്യയ്ക്കു കഴിയുന്നു. ഇതില്‍നിന്നു വ്യത്യസ്തമായ രീതിയാണ് പുരുഷന്മാരുടേത്. സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന പുരുഷന്മാര്‍ കൂടുതലും ഉള്‍വലിയാറാണ് പതിവ്. അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ പുറകെ നടന്ന് വിഷമത്തിന്റെ കാരണമറിയാന്‍ ശ്രമിക്കരുത്. അതവരെ ക്ഷുബ്ധരാക്കുന്നു. അവരുടെ മൗനത്തെ മനസിലാക്കി ക്ഷമയോടെ കാത്തിരിക്കുക. പ്രശ്‌നപരിഹാരത്തിനുശേഷം അവര്‍ സ്വയം പങ്കാളിയുടെ അടുത്തേക്കു മടങ്ങിവന്നു തുറന്നു പറയുന്നതായിരിക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്നു തുറന്നുസംസാരിക്കുന്നതു തെറ്റിധാരണകള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.

പരസ്പര ബഹുമാനം

ഒരാള്‍ മറ്റൊരാളേക്കാന്‍ വലുതാണെന്നോ ചെറുതാണെന്നോ ചിന്തിക്കുന്ന ആളുകള്‍ക്കിടയില്‍ പരസ്പര ബഹുമാനത്തിന് സാധ്യത വളരെ കുറവാണ്. വൈവാഹിക ജീവിതത്തില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനുമുളള ഉത്തരവാദിത്തം തുല്യമാണ്. ഒരു പങ്കാളി മറ്റൊരു പങ്കാളിയുടെമേല്‍ ആധിപത്യം സ്ഥാപിക്കുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് ഉതകുന്നതല്ല. പങ്കാളിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളെയും സ്വാതന്ത്ര്യത്തേയും അംഗീകരിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ഇഷ്ടങ്ങളും സ്വാതന്ത്ര്യവും അതിരുകള്‍ ലംഘിക്കുന്നുവെന്നു തോന്നിയാല്‍ അതു തുറന്നു സംസാരിച്ചു വ്യക്തത വരുത്തണം. തുല്യമായ അവകാശത്തിന്റെ പേരില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം വേണമെന്നു വാശിപിടിക്കുന്നതു ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കും. ജീവിതത്തിലെ പ്രധാനപ്പെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പങ്കാളിയുടെ അഭിപ്രായവും ആഗ്രഹവും കണക്കിലെടുക്കേണ്ടതാണ്. പങ്കാളിയെ ഭയപ്പെടുത്തി വൈകാരികമായി അവരെ തളര്‍ത്തി അവരുടെമേല്‍ ആധിപത്യം സ്ഥാപിച്ച് അവര്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതു കുറ്റകൃത്യമാണ്. പങ്കാളിയെപ്പറ്റിയുള്ള കുറ്റങ്ങളോ കുറവുകളോ മറ്റൊരാളുടെ മുന്നില്‍വച്ചു പറയാതിരിക്കുക. അതൊരു അപമാനമായി മനസില്‍ കിടക്കും. എന്നാല്‍ അവരുടെ നന്മകളേയും കഴിവുകളേയും പ്രശംസിക്കാന്‍ മറക്കരുത്. പരസ്പരമുള്ള ബഹുമാനം കൂട്ടാനും അതിലൂടെ പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹം ഊിയുറപ്പിക്കാനും അതു സഹായിക്കും.


ക്ഷമിക്കുക/ വിട്ടുകൊടുക്കുക

ഞാന്‍ എന്ന ഭാവം അഥവാ ഈഗോ പലപ്പോഴും ക്ഷമിക്കാനും വിട്ടുവീഴ്ച ചെയ്യാനും വിലങ്ങുതടിയാകുന്നു. ഒരുമിച്ചു ജീവിക്കുമ്പോള്‍ തെറ്റിധാരണകളും പിണക്കവും ഉണ്ടാകാറുണ്ട്. പിണക്കങ്ങള്‍ ഒരുപരിധിവരെ നമ്മുടെ അനിഷ്ടങ്ങള്‍ പറയാതെ പറയാന്‍ ഉപകരിക്കുന്നു. പക്ഷേ ഒരാളെ മാനസികമായി സര്‍ദത്തിലാക്കുന്ന രീതിയിലുള്ള പിണക്കങ്ങള്‍ ഒഴിവാക്കണം. സ്വന്തം ഭാഗത്തുനിന്നു തെറ്റ് സംഭവിച്ചുവെന്ന് മനസിലായാല്‍ യാതൊരു മടിയും കൂടാതെ ക്ഷമ പറയാനുള്ള മനസ് ഭാര്യയ്ക്കും ഭര്‍ത്താവിനും ഉണ്ടാകണം. എപ്പോഴും സ്വന്തം ഇഷ്ടങ്ങള്‍ക്കുമാത്രം പ്രാധാന്യം നല്‍കാതെ പങ്കാളിയുടെ താല്‍പര്യം കണക്കിലെടുത്ത് വിട്ടുവീഴ്ച ചെയ്യാന്‍ മടി കാണിക്കരുത്. എന്നാല്‍, എപ്പോഴും ഒരാളില്‍ നിന്നുള്ള മാത്രം വിട്ടുവീഴ്ച ഉണ്ടാകുന്നതും ശരിയല്ല. സ്വാഭിമാനം നഷ്ടപ്പെടുത്തുന്ന വിട്ടുവീഴ്ചകള്‍ ഒരിക്കലും ചെയ്യാതിരിക്കുക. വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ ദേഷ്യം വരുന്നതു സാധാരണയായി കണ്ടുവരുന്നു. എന്നാല്‍, ദേഷ്യത്തിന്റെ പുറത്ത് തര്‍ക്കം ജയിക്കാനായി പങ്കാളിയെ വേദനിപ്പിക്കുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കുക. കോപം കൈവിട്ടു പോകുമെന്നു സ്വയം തിരിച്ചറിഞ്ഞ് അത്തരം സന്ദര്‍ഭങ്ങളില്‍ മൗനം പാലിക്കുന്നതാണ് സാമര്‍ഥ്യം. എന്തൊക്കെ പിണക്കം ഉണ്ടായാലും ഉറങ്ങുന്നതിനുമുമ്പ് അതെല്ലാം പറഞ്ഞു തീര്‍ക്കണം. ഒരു രാത്രിയില്‍ കൂടുതല്‍ പിണക്കം നീണ്ടുപോകുന്നത് മനസു തമ്മില്‍ അകലുന്നതിനു കാരണമായേക്കാം.


ആശ്രിതത്വം അമിതമാകരുത്

ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ആശ്രയിച്ച് ജീവിക്കേണ്ടവര്‍ തന്നെയാണ്. എന്നാല്‍, അമിതമായ ആശ്രിതത്വം ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കും. അമിതമായ വൈകാരിക ആശ്രിതത്വം പങ്കാളിയോടുണ്ടാകുന്നത് വിവാഹജീവിതത്തില്‍ എപ്പോഴും അതൃപ്തിക്കു കാരണമാകുന്നു. എന്തിനും ഏതിനും പങ്കാളിയുടെ സാമീപ്യവും സഹായവും പ്രതീക്ഷിച്ചാല്‍ എപ്പോഴെങ്കിലും അതു ലഭിക്കാതെ വരുമ്പോള്‍ നിരാശയുണ്ടാകുന്നു. എന്റെ സന്തോഷം എന്റെ പങ്കാളിയുടേതല്ല എന്റെ ഉത്തരവാദിത്വമാണെന്നുള്ള തിരിച്ചറിവാണ് വേണ്ടത്. എപ്പോഴും പങ്കാളിയോടൊപ്പം സമയം ചെലവാക്കുന്നതിനു പകരം കൂുകാരോടൊപ്പം ഒത്തുകൂടാനും ആനന്ദിക്കാനും സമയം മാറ്റിവയ്ക്കുക. മനസിനിണങ്ങിയ വിനോദവൃത്തിയില്‍ ഏര്‍പ്പെടുന്നതും സാമൂഹികമായ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും ഒരു ശീലമാക്കണം. സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങള്‍ തനിയെ നിര്‍വഹിക്കാനും പഠിക്കുന്നത് ഒരുപരിധിവരെ വൈകാരികമായ ആശ്രിതത്വത്തെ കുറയ്ക്കുന്നു.

ശാരീരികബന്ധം

ദാമ്പത്യത്തിന്റെ പൂര്‍ണതയ്ക്കു ലൈംഗികബന്ധം അതിപ്രധാനമാണ്. പരസ്പരമുള്ള സ്‌നേഹത്തേയും വിശ്വാസത്തേയും വളര്‍ത്താന്‍ ശാരീരികബന്ധം സഹായിക്കുന്നു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തൊക്കെയാണ് ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാര്യങ്ങള്‍ എന്നു തുറന്നു സംസാരിക്കേണ്ടതുണ്ട്. ദാമ്പത്യത്തിന്റെ തുടക്കത്തില്‍ ലൈംഗികബന്ധത്തിനോടുണ്ടായിരുന്ന താല്‍പര്യം അല്‍പം കഴിഞ്ഞാല്‍ സ്വാഭാവികമായും നഷ്ടപ്പെടും. ജോലിഭാരം, ക്ഷീണം, കുട്ടികള്‍, മാനസിക പിരിമുറുക്കം തുടങ്ങിയവയെല്ലാം അതിനു കാരണമാകുന്നു. അത്തരം അവസരങ്ങളില്‍ പരസ്പരം ചര്‍ച്ച ചെയ്തു പരിഹാരം കണ്ടുപിടിക്കുക. പുതുമയുള്ള കാര്യങ്ങള്‍ പങ്കാളിയുടെ സമ്മതത്തോടുകൂടി ലൈംഗികബന്ധത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധിവരെ വിരസത ഒഴിവാക്കാന്‍ സഹായിക്കും. തൃപ്തികരമായ ലൈംഗികബന്ധത്തിലൂടെ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണ്‍ നമ്മുടെ ഉത്കണ്ഠ കുറക്കുന്നതിനു സഹായകമാകുന്നുവെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതിനാല്‍ സെക്‌സിനായി സമയവും സാഹചര്യവും ഒരുക്കേണ്ടത് ദമ്പതികളുടെ ഉത്തരവാദിത്വമാണ്. ലൈംഗിക സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഒരു തെറാപ്പിസ്റ്റിനേയോ കൗണ്‍സലറേയോ കാണാന്‍ മടിക്കരുത്.

കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരില്ല. തന്റെ പങ്കാളിയുടെ കുറവുകളെ മനസിലാക്കി സ്‌നേഹിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണു ഭാര്യാഭര്‍തൃബന്ധം മനോഹരമാകുന്നത്. നിങ്ങള്‍ നിങ്ങളുടേതായ ശൈലിയില്‍ ജീവിക്കുക. മറ്റു ദമ്പതികളുടെ ജീവിതം കണ്ട് നിരാശ തോന്നുന്നതു നല്ല ശീലമല്ല. ദാമ്പത്യത്തില്‍ ഉത്കണ്ഠകള്‍ ഉണ്ടാകുമ്പോള്‍ തുറന്ന മനസോടുകൂടി ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുക. വിഷമിക്കാന്‍ പല കാരണങ്ങള്‍ ഉണ്ടായാലും വൈവാഹിക ജീവിതത്തില്‍ മുമ്പ് അനുഭവിച്ചിട്ടുള്ള സന്തോഷകരമായ സംഭവങ്ങള്‍ ഓര്‍മയില്‍ നിലനിര്‍ത്തുന്നത് മുന്നോട്ടു പോകാനുള്ള ഊര്‍ജം നല്‍കുന്നു. നമ്മള്‍ ഒന്നാണ് എന്ന ചിന്ത ജീവിതത്തില്‍ നിലനിര്‍ത്തിയാല്‍ തന്നെ ഏതു പ്രശ്‌നവും ഒരുമിച്ചു നിന്നു പൊരുതാനാവും. പ്രശ്‌നങ്ങള്‍ കൈവിു പോകുന്നുവെന്നു തോന്നിയാല്‍ ഒരു മാരിറ്റല്‍ കൗണ്‍സലറെ കാണാന്‍ ഒട്ടും അമാന്തിക്കരുത്.

സിനിമയല്ല ജീവിതം

യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ നിരാശയിലേക്കു വഴിതെളിക്കുന്നു. സിനിമയിലെ പ്രണയരംഗങ്ങളുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നവര്‍ ഒരുപാടുണ്ട്. അമിതമായ പ്രതീക്ഷകള്‍ കാരണം സ്വന്തം പങ്കാളികള്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍പോലും ശ്രദ്ധിക്കാനും അംഗീകരിക്കാനും വിട്ടുപോകുന്നു. ഇതു പലപ്പോഴും ദമ്പതികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നതിന് കാരണമാകും. താന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും അംഗീകരിക്കാതെയും പ്രശംസിക്കാതെയും വരുമ്പോള്‍ പങ്കാളിയോട് അതൃപ്തി തോന്നുകയും വഴക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറുകയും ചെയ്യുന്നു. അതിനാല്‍ പങ്കാളി നിങ്ങള്‍ക്കായി ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അംഗീകരിക്കാനും പ്രശംസിക്കാനും ശ്രദ്ധിക്കുക. പങ്കാളിയുടെ സ്വഭാവവും വളര്‍ന്നുവന്ന രീതിയും ജീവിതസാഹചര്യവും മനസിലാക്കുന്നത് യാഥാര്‍ഥ്യബോധമുള്ള പ്രതീക്ഷകള്‍ ഉണ്ടാക്കിയെടുക്കാന്‍ സഹായകമാകും. എന്നിരുന്നാലും പങ്കാളിയോടുള്ള സ്‌നേഹം വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടിപ്പിക്കാന്‍ പിശുക്കു കാണിക്കരുത്. അത്തരം ശീലങ്ങള്‍ ദമ്പതികള്‍ തിലുള്ള വിശ്വാസ്യത വളര്‍ത്തുന്നതിനൊപ്പം മനസിലെ പ്രണയത്തിന്റെ യൗവനം നിലനിര്‍ത്താന്‍ സഹായിക്കും.

നിഷിത മോഹന്‍ദാസ്
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, പരവൂര്‍, കൊല്ലം