ദാമ്പത്യ വിജയത്തിന് 10 മന്ത്രങ്ങള്‍
Tuesday, January 14, 2020 3:38 PM IST
വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഏറ്റവും മധുരമുള്ള കാലഘട്ടമായി പലരും കരുതുന്നത് മധുവിധുകാലത്തെയാണ്. ഇതുപോലൊരു മാധുര്യമുള്ള ജീവിതം ഇനിയും ലഭിക്കുകയില്ലെന്നുണ്ടോ? തീര്‍ച്ചയായും ഇല്ല. എല്ലാവരുടെയും ജീവിതം പല രീതിയിലുള്ളതായിരിക്കും. ബുദ്ധിമുട്ടുള്ള കാലഘട്ടങ്ങള്‍ എല്ലാവര്‍ക്കും അനുഭവിക്കാനാകും. എന്നാല്‍ ഈ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് വിജയിക്കുന്നവര്‍ക്കാണ് നല്ല ദാമ്പത്യം ലഭിക്കുന്നത്. ഇതിനായി ഭാര്യയും ഭര്‍ത്താവും ഒരുപോലെ പ്രയത്‌നിക്കണം. മക്കള്‍ക്ക് നല്ലജീവിതം കിട്ടാന്‍ മാതാപിതാക്കളും സഹകരിക്കണം.
1. പങ്കാളി ചങ്കാണ്
ഇത് വെറും പ്രഹസനമാക്കാതെ, സ്‌നേഹം ഉള്ളില്‍നിന്നു വരട്ടെ. വിവാഹജീവിതത്തില്‍ എത്രവര്‍ഷം പിന്നിട്ടാലും നിങ്ങളുടെ പങ്കാളിയെ ഉമ്മവയ്ക്കുന്നതിനോ കവിളത്ത് ഒന്നു നുള്ളുന്നതിനോ മടികാണിക്കരുത്. ഇത് വൈകാരികമായ ഒരു അടുപ്പം സൃഷ്ടിക്കും. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയുള്ള വ്യക്തി നിങ്ങളുടെ ഭാര്യ/ഭര്‍ത്താവാണെന്നു തിരിച്ചറിയുക. മറ്റുള്ളവര്‍ എന്തു കരുതും എന്നു ചിന്തിച്ച് അവരോടു സ്‌നേഹം പ്രകടിപ്പിക്കാതിരിക്കേണ്ടതില്ല. നിങ്ങളുടെ മുറിയില്‍വച്ച് (എന്തും) നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിച്ചാല്‍ നിങ്ങളുടെ ദാമ്പത്യത്തിലെ ഊഷ്മളത കാത്തുസൂക്ഷിക്കാനാകും. ഇടയ്ക്ക് ചില അപ്രതീക്ഷിത സമ്മാനങ്ങളും കൊടുക്കണം.
2. നന്ദി പറയാന്‍ മടിക്കേണ്ട
നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്കു ചെയ്തുതരുന്ന ചെറിയ കാര്യങ്ങള്‍പോലും നന്ദിയര്‍ഹിക്കുന്നു. എല്ലാ കാര്യങ്ങളിലും കൃത്യമായി തുല്യത പാലിക്കാനാവില്ല. നിങ്ങള്‍ക്കായി പങ്കാളി ചെയ്യുന്ന നല്ലകാര്യങ്ങളെല്ലാം ഓര്‍ത്തുവച്ചിട്ട് നന്ദിപറയുക. തിരിച്ച് ഇതിലുമപ്പുറം ചെയ്തുകൊടുക്കാന്‍ ഉത്സാഹിക്കണം. അവര്‍ നിങ്ങളോടു ചെയ്ത കുറ്റങ്ങളുടെ കണക്കും ചെയ്യാമായിരുന്ന നന്മകളുടെ കണക്കും എടുക്കാതിരിക്കുക. ഞാന്‍ ഒരു പണി ചെയ്താല്‍ നീയും ഒരു പണി ചെയ്യണം എന്നുള്ള വാശി ഒഴിവാക്കണം. ലഭിക്കുന്നതിലുമുപരിയായി നല്‍കാന്‍ ശ്രമിക്കുക.
3. സത്യസന്ധത മസ്റ്റ്
നിങ്ങളുടെ ബന്ധം സുതാര്യമാകട്ടെ. ഒരു കാര്യവും പങ്കാളിയില്‍ നിന്ന് മറച്ചുവയ്ക്കരുത്. നിങ്ങള്‍ പലതും മറച്ചുവച്ചിട്ട് പിടിക്കപ്പെട്ടാല്‍ പിന്നീട് നിങ്ങളുടെ പങ്കാളി നിങ്ങളെ വിശ്വസിക്കുമോ? പണത്തിന്റെ കാര്യത്തില്‍ വിശ്വസ്തത പാലിക്കണം. നിങ്ങള്‍ തെറ്റു ചെയ്താല്‍ പോലും നാണിക്കാതെ അതു തുറന്നു പറയുക. ഇനിയും ഇതു ചെയ്യില്ലെന്നു തീരുമാനവുമെടുക്കണം. ശരിയായി ആശയവിനിമയം നടത്തുക. നിങ്ങള്‍ക്കു പങ്കാളിയില്‍ ഇഷ്ടക്കുറവുണ്ടായ കാര്യങ്ങള്‍ തുറന്നു പറയണം. മിണ്ടാതെയിരിക്കുന്ന മൗന ചികിത്സയ്ക്ക ഒന്നിനും പരിഹാരമല്ല.
4. ആകാരത്തിലുമുണ്ട് കാര്യം
നിങ്ങളുടെ വസ്ത്രധാരണത്തിലും ശാരീരിക ശുചിത്വത്തിലും ശ്രദ്ധിക്കണം. പങ്കാളിയുടെ മുന്നില്‍ കറപുരണ്ടതും കീറിയതുമായ വസ്ത്രങ്ങള്‍ ധരിച്ച്, മുടി ചീകാതെയും കുളിക്കാതെയും നടക്കുന്ന ഒരുവനെ/ ഒരുവളെ മറ്റേയാള്‍ക്ക് ഉള്ളുതുറന്നു സ്‌നേഹിക്കാന്‍ ബുദ്ധിമുട്ടാകും.
വിയര്‍പ്പുനാറ്റമകറ്റി എപ്പോഴും നല്ല പ്രസരിപ്പോടെ ചെറുപുഞ്ചിരിയോടെ പങ്കാളിയെ സമീപിക്കണം. ഇടയ്ക്കു ജിമ്മില്‍ പോകുന്നതിനും വണ്ണം കുറയ്ക്കുന്നതിനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം.
നിങ്ങളുടെ പങ്കാളി ഒരു നല്ല വസ്ത്രം ധരിച്ച് ഒരുങ്ങി വരുമ്പോള്‍ 'നന്നായിരിക്കുന്നു' എന്നൊരു വാക്കു പറയുവാന്‍ മടിക്കരുത്.
5. കൂട്ടിന് കൂട്ടുകാരും വേണം
ഏറ്റവും നല്ല ബന്ധം ഭാര്യാ ഭര്‍തൃബന്ധമാണെങ്കിലും നിങ്ങള്‍ക്ക് നല്ല സുഹൃത്തുക്കളുണ്ടാകണം. ഇടയ്‌ക്കൊക്കെ കൂട്ടുകാരെ കാണുകയും അവരുമായി യാത്ര പോകുകയും ചെയ്യണം. ഇടയ്ക്ക് അല്പം വിട്ടിരിക്കുന്നത് പങ്കാളിയുമായുള്ള ബന്ധത്തില്‍ ഊഷ്മളത വളര്‍ത്തും. നിങ്ങള്‍ ജോലി സ്ഥലത്താണെങ്കിലും യാത്രയിലാണെങ്കിലും ഇടയ്ക്ക് നിങ്ങളുടെ പങ്കാളിയ്ക്ക് ഫോണില്‍ സന്ദേശമയയ്ക്കുകയോ വിളിക്കുകയോ ചെയ്യാം.
6. വാക്കുകള്‍ കനലാക്കേണ്ട
ചിന്തിക്കാതെ പലതും പറഞ്ഞ് പങ്കാളിയില്‍ നിഷേധാകമായ വികാരങ്ങളുണര്‍ത്തും. നമ്മുടെ പുതിയ അയല്‍ക്കാരി തികച്ചും സുന്ദരിയും ആകര്‍ഷണീയയുമാണല്ലേ? എന്ന് ഒരു ഭര്‍ത്താവ് ഭാര്യയോടു പറയുന്നു. ഇതു ഭാര്യയെ ഒട്ടും പ്രശംസിക്കാതെ, നേരെ പറയുകയാണെങ്കില്‍ അവിടെ ഒരു കലഹത്തിനു സാധ്യതയില്ലേ?.
അല്ലേലും ഇതൊക്കെ നിന്റെ കുറ്റമാ.. എന്നു തുടങ്ങി ഒരു സംഭാഷണം ആരംഭിച്ചാല്‍ പിന്നെ പറയുന്നതൊന്നും പങ്കാളി കേള്‍ക്കില്ല. കുറ്റം പറയാതെ, വിധിക്കാതെ, പങ്കാളിയുടെ വീട്ടുകാരെ താഴ്ത്തിക്കൊതെ നമുക്കു സംസാരിച്ചുകൂടെ?
ചില തെറ്റുകള്‍ തിരുത്തുവാന്‍ സ്‌നേഹത്തോടെയുള്ള ശാസനയാണ് ആവശ്യം. എത്രവേണമെങ്കിലും ചര്‍ച്ച ചെയ്യാം. എന്നാല്‍ ശബ്ദമുയര്‍ത്തി ആക്രോശിച്ച് പങ്കാളിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലാവരുത്. ഒരു തര്‍ക്കത്തില്‍ ജയിക്കുകയല്ല നിങ്ങളുടെ സ്വന്തം പങ്കാളിയുമായി ഒരു സ്‌നേഹബന്ധം കാത്തു സൂക്ഷിക്കുകയാണ് ലക്ഷ്യം. എന്തും സംസാരിക്കുന്നതിനു മുന്‍പ് ഒരു നിമിഷം ചിന്തിക്കുക. മറ്റേയാളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യാത്ത രീതിയില്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയാം. നീയല്ലേലും ഇങ്ങനെയാ.. എന്നു തുടങ്ങി മുന്‍വിധി പറയാതിരിക്കുക. ഏതു തീരുമാനവും രണ്ടുപേരും നന്നായി ചര്‍ച്ച ചെയ്ത് എടുക്കണം.

7. കൊച്ചു കാര്യത്തിലും വേണം വലിയ ശ്രദ്ധ
നിങ്ങളുടെ പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയുക. അവരെ അലോസരപ്പെടുത്തുന്ന ചെറിയ കാര്യങ്ങള്‍ പോലും ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടുകാരുടെ അഭിപ്രായത്തെക്കാളുപരിയായി നിങ്ങള്‍ രണ്ടുപേരുടേയും തീരുമാനത്തെ മാനിക്കണം.
8. ക്ഷമിക്കാന്‍ പഠിക്കാം
ചില കാര്യങ്ങളില്‍ നിങ്ങളുടെ അഭിപ്രായം പറയാതെ നിശബ്ദമായി പ്രതികരിച്ചാലും സാരമില്ല. പലതും വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഓര്‍ക്കുക. വിട്ടുവീഴ്ച ചെയ്യുന്നവരാണ് വിജയിക്കുന്നത്. ജീവിതത്തില്‍ പ്രശ്‌നങ്ങളുടെ തിരമാല ആഞ്ഞടിക്കുമ്പോള്‍ നിങ്ങള്‍ക്കു നിങ്ങളുടെ മനസമാധാനം കൈവിടാതെ പിടിച്ചുനില്‍ക്കണമെങ്കില്‍ ക്ഷമിക്കാന്‍ പഠിക്കണം. പലതും പാടെ മറക്കണം.
9. ഒരു ചേയ്ഞ്ച് നല്ലതല്ലേ
നമ്മുടെ ജീവിതത്തിലെ മാറ്റങ്ങളുമായി ഇണങ്ങിച്ചേരാന്‍ പഠിക്കണം. കാലത്തിനനുസരിച്ച് പങ്കാളിയില്‍ മാറ്റങ്ങള്‍ വരാം. ഉദാഹരണത്തിന്, സ്‌നേഹമയിയായ ഭാര്യ അമ്മയായി കഴിയുമ്പോള്‍ ചിലപ്പോള്‍ കൂടുതല്‍ വാല്‍സല്യവും സമയവും കുട്ടികള്‍ക്കും നല്‍കും. അതു മനസിലാക്കാന്‍ ഭര്‍ത്താവിനു കഴിയണം. എന്നാല്‍ രണ്ടുപേരും തിരക്കുകള്‍ക്കിടയിലും ഒരാഴ്ചയില്‍ അരമണിക്കൂറെങ്കിലും നിങ്ങള്‍ക്കു മാത്രമായി മാറ്റിവയ്ക്കാന്‍ സമയം കണ്ടെത്തണം.
10. അല്‍പം കരുണയാകാം
പങ്കാളിയില്‍ നിന്ന് എന്തു കിട്ടും എന്നു നോക്കാതെ, പങ്കാളിയെ എങ്ങനെ സഹായിക്കാം, എന്തു നല്‍കാം എന്നു ചിന്തിക്കണം. നിങ്ങളുടെ ജോലി സമ്മര്‍ദം മുഴുവന്‍ ഭാര്യയുടെമേല്‍ തീര്‍ക്കാതിരിക്കുക.
പങ്കാളിയുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചില ഉത്തരങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ മനസലിവു കാണിക്കുകയും വേണം. സ്വാര്‍ഥതയ്ക്കു ജീവിതത്തില്‍ സ്ഥാനം കൊടുക്കരുത്.
വൈവാഹിക ജീവിതത്തില്‍ ലൈംഗിക ബന്ധത്തിനുള്ള പ്രാധാന്യം മനസിലാക്കണം. സ്‌നേഹിക്കുവാനും കരുതുവാനും പഠിക്കണം. ഇടയ്ക്ക് ഭാര്യയുടെ / ഭര്‍ത്താവിന്റെ കൈ പിടിച്ച് രണ്ടു നിമിഷം നില്‍ക്കുന്നതു ശീലമാക്കുക. പറയാതെ പോയ പലതും ഈ കരസ്പര്‍ശനത്തിലൂടെ പറയാനാകും.
മറ്റുള്ളവരുടെ മുന്നില്‍ വച്ച് കലഹിക്കാതിരിക്കുക. ഇടയ്ക്ക് ചെറിയ തമാശകള്‍ പറയണം. പങ്കാളിയുടെ തമാശകളില്‍ ചിരിക്കുവാനും ശ്രമിക്കണം. പ്രതിസന്ധിയുള്ള വിവാഹബന്ധത്തില്‍ തെറാപ്പിസ്റ്റിനെ കാണുന്നതില്‍ മടിക്കേണ്ട.
ഓര്‍ക്കുക നിങ്ങളുടെ പങ്കാളിയും എന്നും ഒരു ഘടകമായി നില്‍ക്കണം. പങ്കാളിയെ ബഹുമാനിക്കണം. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്നു പറയാന്‍ മടിക്കേണ്ട. നല്ല ദാമ്പത്യം പെട്ടെന്ന് ഒരു ദിവസത്തിനുള്ളില്‍ സംഭവിക്കുന്നതല്ല. എന്നാല്‍, നിങ്ങളുടെ ജീവിതത്തില്‍ പങ്കാളിക്ക് പ്രഥമ സ്ഥാനം നല്‍കുന്നതുവഴി പതുക്കെ നല്ല ജീവിതം സാധ്യമാകും.
ഡോ.നതാലിയ എലിസബത്ത് ചാക്കോ
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്, കിംസ് ഹോസ്പിറ്റല്‍, കോട്ടയം