മാടിവിളിക്കണം വീട്
Monday, November 25, 2019 3:45 PM IST
2008 ലാണ് ഞാന്‍ ഈ വീട് നിര്‍മിക്കുന്നത്. ഈ വീട് കാണാനും വീടിന്റെ നിര്മിതിയെക്കുറിച്ചറിയാനും ഇന്നും പലരും ഇവിടെ വരാറുണ്ട്. ചെലവു കുറച്ച്, പ്രകൃതിയോട് ചേര്‍ന്ന് ഒരു വീട് എന്ന എന്റെ സ്വപ്നമാണ് എന്റെ വീട്.
സ്വന്തമായി ഒരു വീട് വേണമെന്ന് തോന്നിയ നിമിഷം തന്നെ എന്നില്‍ ആ വീടിനെക്കുറിച്ചുള്ള ചിത്രവും തെളിഞ്ഞുവന്നിരുന്നു. വീട് എങ്ങനെയായിരിക്കണം എന്നതിനപ്പുറം, വീട് എവിടെയായിരിക്കണം എന്ന ചിന്തയാണ് എന്നില്‍ ആദ്യം ഉണ്ടായത്. എന്നെ സംബന്ധിച്ച് പുഴയുടെ തീരത്തോ കുന്നിന് ചെരുവിലോ വീട് വേണമെന്ന ആഗ്രഹമായിരുന്നു. മൂന്ന് കാര്യങ്ങളാണ് അതില്‍ പ്രധാനമായും ഞാന്‍ കണ്ടിരുന്നത്. ശുദ്ധവായു, നല്ല വെള്ളം, നല്ല മണ്ണ് എന്നിവയാണ് അവ. വീട് വയ്ക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഞാന്‍ പ്രാധാന്യം കൊടുത്തത് ഈ മൂന്ന് ഘടകങ്ങള്‍ക്കുമാണ്. ആ അന്വേഷണം അവസാനിച്ചത് കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് ചെറുതാഴം എന്ന ഗ്രാമത്തിലാണ്. അവിടെ ഉച്ചൂളിക്കുന്ന് എന്ന കുന്നിന് ചെരുവില്‍ തന്നെ എനിക്ക് 26 സെന്റ് സ്ഥലം വാങ്ങാന്‍ സാധിച്ചു. കുന്നിന് ചെരുവിലായതിനാല്‍ നല്ല രീതിയില്‍ വൃക്ഷസമൃദ്ധമായ ഇടമായിരുന്നു ഈ സ്ഥലം. നല്ല വെള്ളവും ശുദ്ധവായുവും നല്ല മണ്ണും എന്ന എന്റെ ആഗ്രഹം ഈ പ്രദേശം സ്വന്തമാക്കിയതിലൂടെ നിറവേറ്റാനായി.
വീടൊരുക്കം
രണ്ടാമത്തെ ഘട്ടമെന്ന നിലയില്‍ വീട് എങ്ങനെയായിരിക്കണം എന്നതായി എന്റെ ചിന്ത. വെങ്ങര എന്ന സ്ഥലത്തെ പഴയ ഒരു തറവാട്ടില്‍ ജനിച്ചുവളര്‍ന്ന എനിക്ക് കേരളീയ വാസ്തുവിനോട് ഏറെ അടുപ്പമുണ്ടായിരുന്നു. അതിനാല്‍ വീട് നമ്മുടെ പരമ്പരാഗത വാസ്തു മാതൃകകളോട് അടുത്ത് നില്ക്കുന്ന ഒന്നായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. കാരണം പഴയ വീടുകളില്‍ കടുത്ത ചൂടുകാലത്തും ഫാന്‍ ഉപയോഗിക്കാതെ കഴിയാന്‍ സാധിക്കും. നമ്മുടെ വീട് നിര്‍മാണത്തില്‍ അത്തരം വാസ്തു വിദ്യകള്‍ ധാരാളം ഉണ്ടായിരുന്നു. അവ ഉപയോഗപ്പെടുത്തണം.
പ്രധാനമായും ഞാന്‍ ആലോചിച്ചത് ചെലവു കുറഞ്ഞ് പ്രകൃതിയോട് ഇണങ്ങിയ വീടായിരിക്കണം എന്നതാണ്. വീടിന്റെ അകം അനാവശ്യമായ സ്ഥലനിര്മിതിയായി മാറരുത് എന്ന ചിന്തയും ഉണ്ടായിരുന്നു. വെറുതെ കുറെ സ്ഥലം എല്ലാ മുറിയിലും അവശേഷിപ്പിക്കുന്നത് ചെലവ് വര്‍ധിപ്പിക്കാന്‍ പ്രധാന കാരണമാകും. അതിനാല്‍ എന്റെ വീട് എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് മനസില്‍ ഒരു ചിത്രം തയാറാക്കുകയും അക്കാര്യം ഹരി എന്ന യുവ എന്‍ജിനിയറോട് വിശദീകരിക്കുകയും ചെയ്തു. അങ്ങനെ നിരന്തരം നടത്തിയ ചര്‍ച്ചയുടെ ഒടുവിലാണ് ഈ വീടിന്റെ മാതൃക രൂപപ്പെടുത്തിയത്. 1700 സ്ക്വയര്‍ ഫീറ്റിലാണ് എന്റെ ഈ രണ്ടുനില വീട് നിര്‍മിച്ചിരിക്കുന്നത്.
പ്രകൃതിയോട് ഇണങ്ങിയൊരു വീട്
പ്രകൃതിയോട് ഇണങ്ങുന്ന രീതിയിലാണ് വീടിന്റെ ക്രമീകരണം. കേരളീയ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന രീതിയില്‍ ഓട് പാകിയ ചെരിഞ്ഞ മേല്‍ക്കൂരയാണ് നിര്‍മിച്ചിരിക്കുന്നത്. ആറു മാസം മഴ എന്ന നമ്മുടെ കാലാവസ്ഥയ്ക്ക്, വെള്ളം ഊര്‍ന്നു പോകാന്‍ ചെരിഞ്ഞ മേല്‍ക്കൂരയാണ് നല്ലത്. ലാറി ബേക്കറുടെ നിര്‍മിതി ശൈലിയില്‍ മേല്‍ക്കൂരയില്‍ രണ്ട് അട്ടി ഓട് പാകി നേരിയ ലെയര്‍ സിമന്റ് തേച്ച് അതിനു മുകളില്‍ വീണ്ടും ഓട് പാകിയാണ് മേല്‍ക്കൂര തയാറാക്കിയിരിക്കുന്നത്.
വീടിന്റെ ഉള്‍വശത്ത് ഒരു നടുമുറ്റമുണ്ട്. മഴക്കാലത്തൊക്കെ വീടിന്റെ അകത്തിരുന്ന് മഴ ആസ്വദിക്കാന്‍ അതുകൊണ്ട് സാധിക്കും. വെയിലും ശുദ്ധവായുവും യഥേഷ്ടം അകത്ത് കടക്കാനും നടുമുറ്റത്തിന്റെ നിര്‍മാണം സഹായിക്കുന്നു. 10 അടി നീളത്തിലും 10 അടി വീതിയിലുമാണ് നടുമുറ്റം നിര്‍മിച്ചിരിക്കുന്നത്.
മുറികളിലും വൈവിധ്യം
മുറികള്‍ ഏതൊക്കെ ഏത് രീതിയില്‍ വേണമെന്ന് ആദ്യമേ ഒരു കണക്കുകൂട്ടല്‍ നടത്തിയിരുന്നു. എന്നെ സംബന്ധിച്ച് വായിക്കാനും വരയ്ക്കാനും വെേറെ ഇടങ്ങളും ഒരു ലൈബ്രറിയും അനിവാര്യമായിരുന്നു. അതിനാല്‍ ഇവ ഉള്‍ക്കൊള്ളിച്ചുള്ള പ്ലാനാണ് തയാറാക്കിയത്. അവ മുകളിലത്തെ നിലയിലാണ് ഒരുക്കിയിട്ടുള്ളത്. ശില്പങ്ങള് നിര്‍മിക്കാന്‍ വീടിനോട് ചേര്‍ന്ന് ഒരു ഷെഡും നിര്‍മിച്ചു.
ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ചെറിയ കുടുംബമാണ് എന്‍േറത്. അതിനാല്‍ ചെറിയ വീട് തന്നെ ധാരാളമാണ്. അടുക്കളയ്ക്ക് അത്യാവശ്യം വലിപ്പം മാത്രമേ കൊടുത്തിട്ടുള്ളു. പാചകം ചെയ്യാനുള്ള ഇടം എന്നതില്‍ കവിഞ്ഞൊരു പ്രാധാന്യവും അടുക്കളയ്ക്ക് കൊടുത്തിട്ടില്ല. ഡൈനിംഗ് റൂം എന്ന ആശയം പാടെ ഒഴിവാക്കി സ്വീകരണ മുറിയില്‍ തന്നെ ഒരു ഭാഗം തടികൊണ്ട് മറച്ചാണ് നല്ലൊരു ഭക്ഷണമുറി ഒരുക്കിയത്. കിടപ്പുമുറി 10 അടി വീതി 10 അടി നീളം എന്ന ക്രമത്തിലാണുള്ളത്.

ചെലവു ചുരുക്കിയുള്ള നിര്‍മാണം
വീട് പണിയില്‍ ഏറ്റവും അധികം ചെലവു വരുന്നത് മരത്തിലാണ്. എന്നെ സംബന്ധിച്ച് എന്റെ വീട് നിര്‍മാണത്തിന് നിലവിലുള്ള മരങ്ങള്‍ മുറിക്കുന്നത് പരമാവധി ഒഴിവാക്കണം എന്ന ചിന്തയുണ്ടായിരുന്നു. അതിനാല്‍ എവിടെയെങ്കിലും പഴയ വീട് പൊളിക്കുന്നുണ്ടെങ്കില് അവിടെ നിന്ന് മരങ്ങള്‍ വാങ്ങാം എന്നും ആലോചിച്ചു. അങ്ങനെയാണ് കരിവെള്ളൂരിലെ ഹരി എന്നൊരാളെ പരിചയപ്പെടുന്നത്. അയാള്‍ വഴി ചിറക്കല്‍ കോവിലകത്തെ ഒരു തമ്പുരാട്ടിയുടെ പുഴാതിയിലെ 200 വര്‍ഷം പഴക്കമുള്ള വീട് പൊളിക്കുന്ന കാര്യം അറിയാന്‍ കഴിഞ്ഞു. അവിടെ പോയി എന്റെ വീടിന് ആവശ്യമായ മരം ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങി. ഈ ഇനത്തില്‍ വലിയ തുക എന്റെ വീട് നിര്‍മാണത്തില്‍ ലാഭിക്കാന്‍ എനിക്ക് സാധിച്ചു. പ്ലാവിലും തേക്കിലും തീര്‍ത്ത മരഉരുപ്പടികള്‍ വാങ്ങി. അവ ഒരു മാറ്റവും വരുത്താതെ അതുപോലെയാണ് എന്റെ വീട്ടിലും ഉപയോഗിച്ചത്.
മുറിക്കകത്ത് ഉപയോഗിച്ചിരിക്കുന്ന ടൈലുകള്‍ അമിതമായ വിലയില്ലാത്തതാണ്. കിടപ്പുമുറിയിലും അടുക്കളയിലും മാത്രമാണ് ചുമര് തേച്ചിരിക്കുന്നത്. മറ്റ് മുറികളിലും വീടിന് പുറം ചുമരിലും ചെങ്കല്ലില്‍ പോളിഷ് ചെയ്തു.
മുറ്റം ഇന്റര്‍ലോക്ക് ചെയ്യുന്നതിനു പകരം പാതി മുറിച്ച ചെങ്കല്ല് പാകി. മുറ്റവും വളരെ ചെറുതാണ്. മുറ്റത്തിനോട് ചേര്‍ന്ന് മയിലെള്ള് എന്ന കാട്ടുമരമുണ്ട്. അത് മുറിക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് മുറ്റം വീതി കുറച്ചത്. മയിലെള്ള് വീടരികില്‍ ഉള്ളതിനാല്‍ വീട്ടില്‍ നല്ല തണുത്ത അന്തരീക്ഷമാണ് എന്നും. വീടിന് ചുറ്റം നിരവധി വൃക്ഷങ്ങളുണ്ട്. അവയൊന്നും അനാവശ്യമായി മുറിച്ച് മാറ്റിയിട്ടില്ല. അവ അതുപോലെ സംരക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ വീട്ടില്‍ ഒരു കുളിര്‍മ എന്നും അനുഭവപ്പെടും.
ചുമരിലെ ചിത്രചാരുത
വീട് കാഴ്ചയില്‍ സൗന്ദര്യമുള്ളതാവണം എന്നുണ്ടായിരുന്നു. അതിനാല്‍ അവയ്ക്ക് ആവശ്യമായ ചെലവുകുറഞ്ഞ രീതികള്‍ നിര്‍മാണത്തില്‍ പുലര്‍ത്തിയിട്ടുണ്ട്.
ചുമരുകള്‍ നഗ്നമാക്കി വയ്ക്കരുത് എന്നത് പ്രധാനകാര്യമാണ്. അതിനാല്‍ ചുമരുകള്‍ എന്‍േറതും സുഹൃത്തുക്കളായ ചിത്രകാരന്മാരുടെയും ചിത്രങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്തപ്പോള്‍ ശേഖരിച്ച കൗതുക വസ്തുക്കളും വീട്ടിലെ ചുമരുകളില്‍ ഇടംപിടിച്ചു.
അങ്ങനെ കിണറടക്കം 11 ലക്ഷം രൂപയ്ക്കാണ് അന്ന് ഞാന്‍ വീടുപണി പൂര്‍ത്തിയാക്കിയത്. മേല്‍ക്കൂര, മരം, തേപ്പ്, മുറ്റം ഇങ്ങനെ എല്ലായിടങ്ങളിലും വ്യക്തമായ കാഴ്ചപ്പാടോടെ നടത്തിയ ആസൂത്രണത്തിലാണ് ചെലവ് കുറഞ്ഞത്. വീടിനകത്ത് അനാവശ്യമായ സ്ഥലങ്ങള്‍ ഇല്ല എന്നതും പ്രധാന കാരണമാണ്. മുറികളിലായാലും നടന്നുപോകുന്നയിടങ്ങളിലായാലും വേണ്ട സ്ഥലം മാത്രം എന്ന ചിന്തയോടെയാണ് പ്ലാന്‍ തയാറാക്കിയത്.
ഇന്ന് എന്റെ വീട് കാണാന്‍ പലരും വരാറുണ്ട്. സുഹൃത്തുക്കളും എനിക്ക് പരിചയമില്ലാത്തവരും അതില്‍പ്പെടും. പ്രകൃതിയോട് ഇണങ്ങിയ വീട് എന്നത് അവരുടെ സന്ദര്‍ശനത്തിന്റെ ഒരു കാരണമാണ്. മറ്റൊന്ന്, ചെലവു ചുരുങ്ങിയ വീടിന്റെ നിര്‍മാണം എന്ന രീതിയില്‍ അറിയാന്‍ വരുന്നവരുമുണ്ട്.
നമ്മുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തിയാല്തന്നെ ചെലവു കുറഞ്ഞ ഒരു വീട് നമുക്ക് സ്വന്തമാക്കാം.
എവിടെ പോയാലും നമ്മളെ മാടിവിളിക്കുന്ന ഇടമാകണം വീട്. സ്വസ്ഥത കിട്ടുന്ന ഇടം. അതിന് വീടിരിക്കുന്ന പറമ്പു മുതല്‍ വീടിന്റെ ഓരോ അണുവിലും നള്‍ ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ലോണ്‍ എടുത്ത് ലക്ഷങ്ങള്‍ തിരിച്ചടവോടെ ഒരു വീട് എടുത്താല്‍ ആ വീട്ടില്‍ കഴിയുമ്പോള്‍ എത്രമാത്രം സ്വസ്ഥത നമുക്കുണ്ടാകും എന്നത് ആലോചിക്കണം.
എം. മുകുന്ദന്, പുനത്തില്‍ കുഞ്ഞബ്ദുള്ള, കുരീപ്പുഴ ശ്രീകുമാര്‍, വി.ടി. മുരളി, കെ.കെ. മാരാര്‍, മുത്തുക്കോയ തുടങ്ങി കെ.കെ.ആര്. വെങ്ങരയുടെ സൗഹൃദവലയത്തിലെ പല പ്രമുഖരും ഈ വീട് സന്ദര്‍ശിക്കുകയും ഇവിടെ അന്തിയുറങ്ങുകയും ചെയ്തവരാണ്. എല്ലാവര്ക്കും വീടിനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളുവെന്നതാണ് ഈ ചെറിയ വീടിനെ വലുതാക്കുന്നത്.
കെ.കെ.ആര്. വെങ്ങര
പ്രശസ്ത ശില്പി, ചിത്രകാരന്
തയാറാക്കിയത്: ഷിജു ചെറുതാഴം
ചിത്രങ്ങള്‍: സംഗീത് ചെറുതാഴം