കലയെ കുപ്പിയിലാക്കി ക്യൂപ്പി
കലയെ കുപ്പിയിലാക്കി ക്യൂപ്പി
Friday, September 20, 2019 5:14 PM IST
കോളജിലേക്കു പോകുമ്പോഴും വരുമ്പോഴും ഒരു പെണ്‍കുട്ടി വഴിവക്കില്‍ കാണുന്ന കുപ്പികള്‍ പെറുക്കി ബാഗിലിടുന്നു. ബാഗു നിറഞ്ഞാല്‍ കുപ്പിയും കൈയില്‍ പിടിച്ച് സന്തോഷത്തോടെ വീട്ടിലേക്കു നടക്കും. ബിഎഡിന് പഠിക്കുന്ന കുട്ടിയാണ്. ചിലപ്പോള്‍ കുട്ടികളെ പഠിപ്പിക്കാനാവും കുപ്പി എന്നു നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. കുട്ടികളെ പഠിപ്പിക്കാനെന്തിനാ മദ്യക്കുപ്പിയെന്നായി മറ്റുചിലര്‍. നാട്ടുകാരുടെ അടക്കം പറച്ചിലുകള്‍ക്കു ചെവികൊടുക്കാതെ അവള്‍ കുപ്പിപെറുക്കല്‍ തുടര്‍ന്നു. പതിയെപ്പതിയെ ആ കൗതുകക്കാഴ്ച്ച കൊല്ലം മണ്‍റോത്തുരുത്ത് ശിങ്കാരപ്പള്ളിയിലെ നാട്ടുകാര്‍ക്ക് പതിവു കാഴ്ചയായി.

ഇപ്പോള്‍ എല്ലാവരുടേയും ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിക്കൊണ്ട് ഒരു നാടിന്റെ മുഴുവന്‍ അഭിമാനമായി മാറിയിരിക്കുകയാണ് അപര്‍ണ. അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കുന്നതിനുള്ള 'അഷ്ടമുടി ഇഷ്ടമുടി' എന്ന കാമ്പയിന് നേതൃത്വം നല്‍കിയത് ഈ ഇരുപത്തിമൂന്നുകാരിയാണ്.കായലില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരേയുള്ള പോരാത്തിനൊപ്പം തന്നെ മാലിന്യങ്ങളില്‍ നിന്ന് വരുമാനം നേടാം എന്ന ആശയവും അപര്‍ണ മുന്നോു വയ്ക്കുന്നു.

വെളിച്ചിക്കാല ബതരിയ ബിഎഡ് ട്രെയിംഗ് സെന്ററിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് എസ്.അപര്‍ണ. അധ്യാപികയാകാനിറങ്ങി ക്യുപ്പി എന്ന സംരംഭത്തിലെത്തിയതിനേക്കുറിച്ച് അപര്‍ണ പറയുന്നു.

ടീച്ചറേ... കുപ്പി പെറുക്കുവാണോ?

പച്ച നിറമുള്ള ഒരു വൈന്‍ ബോട്ടിലില്‍ നിന്നാണ് ക്യുപ്പി യുടെ തുടക്കം. അവിടെ നിന്നുതന്നെയാണ് അധ്യാപികയാകാന്‍ വേണ്ടി ബിഎഡിന് ചേര്‍ന്ന അപര്‍ണയ്ക്ക് കുപ്പി പെറുക്കി എന്ന പേരും വീണത്. അതേക്കുറിച്ച് അപര്‍ണ പറയുന്നത് ഇങ്ങനെ:

ഒരു ദിവസം കോളജില്‍ നിന്നു വരുമ്പോള്‍ വഴിയില്‍ പച്ചനിറത്തിലുള്ള എന്തോ ഒന്നു കണ്ടു. വൈകുന്നേരത്തെ വെയില്‍ അതിലേക്ക് പതിച്ചിട്ട് നല്ല തിളക്കമായിരുന്നു. എന്താണെന്നു നോക്കിച്ചെന്നപ്പോഴാണ് മനോഹരമായ ഒരു കുപ്പി കണ്ടത്. സംഗതി വൈന്‍ ബോട്ടിലാണെന്ന് ആദ്യം തന്നെ മനസിലായി. പിന്നെ അത് എങ്ങനെയെങ്കിലും എടുക്കണം എന്നായി. പക്ഷേ ചുറ്റും ആളുകളുണ്ടായിരുന്നതുകൊണ്ട് എടുക്കാന്‍ നല്ല ചമ്മലായിരുന്നു. അന്ന് ആ കുപ്പിയെടുക്കാന്‍ രണ്ടോ മൂന്നോ പ്രാവശ്യം ഒരു കാര്യോം ഇല്ലാതെ ഞാന്‍ ആ വഴി നടന്നു. ഒടുവില്‍ ആള്‍ക്കാ രൊക്കെ മാറിയപ്പോള്‍ പെട്ടെന്ന് അതെടുത്ത് ബാഗിലാക്കി വീട്ടിലേക്ക് ഓടി. ആ പച്ച നിറത്തിലുള്ള വൈന്‍ ബോട്ടിലാണ് ഇന്ന് ഒരുപാടു കുപ്പികള്‍ നിറയുന്ന ക്യുപ്പിയിലേക്കുള്ള ആദ്യ പടി.

പിന്നെപ്പിന്നെ ഭംഗിയുള്ള കുപ്പികള്‍ എടുക്കുക എന്നതു സ്ഥിരം പരിപാടിയായി. കോളജിലേക്കു പോകുന്ന വഴി കുപ്പികള്‍ നോക്കിവയ്ക്കും. തിരികെ വരുമ്പോള്‍ അതെടുക്കും. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ തന്നെ കൈയില്‍ പ്ലാസ്റ്റിക് കവര്‍ കരുതും. പിന്നെ എപ്പോള്‍ കുപ്പി കിട്ടിയാലും എടുത്തിടാന്‍ പാകത്തിന് വലിയ ബാഗും കാണും. സത്യം പറഞ്ഞാല്‍ എന്റെ ബാഗിനുള്ളില്‍ പുസ്തകത്തെക്കാള്‍ കൂടുതല്‍ ഉള്ളത് കുപ്പികളാണ്' സ്വകാര്യമെന്നപോലെ പറഞ്ഞ് അപര്‍ണ പൊട്ടിച്ചിരിച്ചു.

ഈ കൊച്ച് എന്താ കാണിക്കണേ?

കുപ്പി പെറുക്കി തുടങ്ങിയ കാലത്ത് ഞാന്‍ ഏറ്റവും അധികം കേിട്ടുള്ള ചോദ്യമാണ് ഈ കൊച്ച് എന്താ കാണിക്കണേ എന്ന്. ഡിഗ്രി കഴിഞ്ഞ് ഡിപ്ലോമ ഇന്‍ എജ്യുക്കേഷന്‍ എന്ന കോഴ്‌സ് പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കുപ്പി പെറുക്കിത്തുടങ്ങുന്നത്. ആദ്യമൊക്കെ വഴിയില്‍ നിന്ന് കുപ്പി എടുക്കാന്‍ വലിയ മടിയായിരുന്നു. പക്ഷേ അതില്ലാതെ വീട്ടിലേക്കു പോകാന്‍ മനസ് അനുവദിക്കാറുമില്ല. ഒപ്പം സുഹൃത്തുക്കളൊക്കെ ഉണ്ടെങ്കില്‍ എന്തെങ്കിലും നമ്പരൊക്കെ കാണിച്ച് കുപ്പി എടുക്കും. ഉദാഹരണത്തിന് ഞാന്‍ കൈയിലുള്ള എന്തെങ്കിലും ഒന്ന് നിലത്തിടും. എന്നിട്ട് സുഹൃത്തുക്കളോട് എന്നെ മറഞ്ഞുനില്‍ക്കാന്‍ പറയും. ആ ഗ്യാപ്പില്‍ ഞാന്‍ കുപ്പി ഇങ്ങെടുക്കും. അതൊക്കെ തുടക്കകാലത്തെ നല്ല രസമുള്ള ഓര്‍മകളാണ്. പക്ഷേ ഇപ്പോള്‍ എനിക്ക് കുപ്പി പെറുക്കലില്‍ ലൈസന്‍സ് കിട്ടിയതുപോലെയായി. ബിവറേജസിനു മുന്നില്‍ നിന്നുപോലും കുപ്പി എടുത്തിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ കുപ്പിയെടുക്കുന്നതു കണ്ട് ഒരൂ എന്നോടു പറഞ്ഞു അവരുടെ വീട്ടിലെ കുട്ടികളും ചെടി വളര്‍ത്താന്‍ കുപ്പി എടുത്തുകൊണ്ട് വരാറുണ്ട്. ഇന്ന സ്ഥലത്തു പോയാല്‍ നല്ല കുപ്പി കിട്ടും എന്ന്. അന്നെനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം മോശം പറയാനും പുച്ഛിക്കാനുമല്ലാതെ നമ്മളെ സപ്പോര്‍ട്ട് ചെയ്യാനും ആളുണ്ടെന്നു തോന്നി.

കുപ്പിയില്‍ വിരിഞ്ഞ വരകള്‍

റോഡില്‍ നിന്ന് പെറുക്കിയെടുക്കുന്നതും സുഹൃത്തുക്കള്‍ കൊടുക്കുന്നതുമൊക്കെയായി അപര്‍ണയുടെ വീട്ടിലെ സ്‌റ്റോര്‍ റൂം നിറഞ്ഞപ്പോഴാണ് കക്ഷിയുടെ തലയ്ക്കു മുകളില്‍ പല നിറങ്ങളിലുള്ള ബള്‍ബുകള്‍ തെളിഞ്ഞത്. ഭംഗി കണ്ട് എടുക്കുന്നതാണെങ്കിലും വെറുതേ കൂട്ടിയിടുന്നതില്‍ കാര്യമില്ലല്ലോ? അങ്ങനെ പെയിന്റും ബ്രഷുമായി അപര്‍ണ കുപ്പികള്‍ക്കു പിന്നാലെ പോയി.

'ഡെക്കോപേജ് ബോട്ടിലുകള്‍ എന്ന ആശയം മനസിലുണ്ടായിരുന്നെങ്കിലും എവിടെ തുടങ്ങണം എന്നു കൃത്യമായ ധാരണയുണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ് അല്ലേ കൈയിലുള്ളത്. നേരെ പിന്‍ട്രസ്റ്റിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ കേറി ഡെക്കോ പേജിനെക്കുറിച്ചു പഠിച്ചു. അവര്‍ ചെയ്യുന്നതു നോക്കി ചെയ്തു തുടങ്ങി. പിന്നെപ്പിന്നെ എന്റെ ആശയങ്ങള്‍ ഞാന്‍ കുപ്പിയിലേക്കു പകര്‍ത്തി. ഇതിനുപിന്നാലെ പോയി പഠനം ഉഴപ്പിയാല്‍ അ എന്നെ ഓടിക്കും. അതുകൊണ്ട് രാത്രി പത്തു മുതല്‍ വെളുപ്പിന് രണ്ടു വരെയാണ് എന്റെ ജോലി സമയം. ഓര്‍ഡറുകള്‍ അനുസരിച്ച് സമയം കൂടും.

എന്റെ സന്തോഷം, നാടിന്റെ നന്മ

കുപ്പികള്‍ക്കൊപ്പമുള്ള യാത്ര തുടങ്ങുമ്പോള്‍ തന്റെയുള്ളില്‍ സ്വന്തം സന്തോഷം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്യുപ്പി സമൂഹനന്മകളിലേക്കുള്ള ചൂണ്ടുപലകയാകുന്നതു കാണുമ്പോള്‍ സന്തോഷത്തേക്കാളേറെ സംതൃപ്തിയാണ് തനിക്ക് അനുഭവപ്പെടുന്നതെന്ന് അപര്‍ണ പറഞ്ഞു.

പണ്ടൊക്കെ കുപ്പിയുമെടുത്ത് വീട്ടിലേക്ക് ഓടുമ്പോള്‍ എന്തോ നിധി കിട്ടിയ സന്തോഷമായിരുന്നു. എന്നാലിപ്പോള്‍ ഒരുപാടുപേര്‍ കുപ്പിയെക്കുറിച്ച് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ അവരും കുപ്പികള്‍ ശേഖരിച്ചു തുടങ്ങി എന്നു പറയുമ്പോള്‍ ആ സന്തോഷത്തിന് ഇരട്ടിത്തിളക്കമാണ്. അതില്‍ രണ്ടു കാര്യങ്ങളാണ് എനിക്കു തോന്നിയിുള്ളത്. ഒന്ന് എന്നിലെ കലാകാരിയെ ജനം അംഗീകരിക്കുന്നു. രണ്ട് ഞാന്‍ എന്റെ ഹാപ്പിനസ് സോണ്‍ ആയി തുടങ്ങിയ ഒരു കാര്യം ഒരുപാടുപേര്‍ക്കു മാതൃകയാകുന്നു. കേരളത്തില്‍ നമ്മള്‍ പൊതുവായി കാണുന്ന ഒരു വികാരമാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ വലിച്ചെറിയുക എന്നത്. അതൊന്നു മാറ്റിയിടാന്‍ പോലും ആരും തയാറാകാറില്ല. എന്നാല്‍ ഞാന്‍ ഈ മാലിന്യങ്ങള്‍ക്കുള്ളില്‍ നിന്ന് കുപ്പികളൊക്കെയും പെറുക്കിയിട്ടും എനിക്ക് ഇതുവരെ യാതൊരുവിധ രോഗങ്ങളും പിടിപ്പെിട്ടില്ല. ഞങ്ങളെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ സംരക്ഷണവുമില്ലാതെ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചെങ്കില്‍ അധികൃതര്‍ക്കും ഇതൊക്കെ സാധിക്കില്ലേ? അപര്‍ണ ചോദിക്കുന്നു.

ഓണ്‍ലൈന്‍ വിപണന സാധ്യതകള്‍

ടെറാക്കോ ജ്വല്ലറിയിലൂടെയാണ് ഞാന്‍ ഓണ്‍ലൈന്‍ സെയില്‍ ആരംഭിക്കുന്നത്. അതുപക്ഷേ ഇത്ര വിപുലമായിരുന്നില്ല. പിന്നെ കുപ്പി വന്നപ്പോഴാണ് ഓണ്‍ലൈന്‍ സെയിലിന്റെ സാധ്യതകളെക്കുറിച്ച് മനസിലാക്കിയത്. ആദ്യം സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായിരുന്നു കസ്റ്റമേഴ്‌സ്. വളരെ തുച്ഛമായ വിലയ്ക്കാണ് തുടക്കത്തില്‍ കുപ്പി വിറ്റിരുന്നത്. വര്‍ക്കിന്റെ സ്വഭാവമനുസരിച്ച് കുപ്പിയുടെ വിലയില്‍ വ്യത്യാസം വരും. സാധാരണ കുപ്പികള്‍ക്കു പുറമേ പേഴ്‌സണലൈസ്ഡ് കുപ്പികള്‍ക്കും കലണ്ടര്‍ കുപ്പികള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതല്‍. ആവശ്യം വരുമ്പോള്‍ നമുക്ക് ഓരോ കാര്യങ്ങളെക്കുറിച്ച് പഠിക്കാന്‍ താത്പര്യം തോന്നുമല്ലോ. അതുകൊണ്ട് ഞാന്‍ ബോട്ടില്‍ ആര്‍ട്ടിനേക്കുറിച്ച് കൂടുതല്‍ റെഫര്‍ ചെയ്യുകയും അപ്‌ഡേറ്റഡ് ആണെന്ന് സ്വയം ഉറപ്പുവരുത്തുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ ക്യുപ്പിയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയതോടെ ഫോളോവേഴ്‌സിന്റെ എണ്ണവും ഓര്‍ഡറുകളും കൂടി. പലരും പേജില്‍ കണ്ടും സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞുമാണ് വിളിക്കുന്നത്. തുടക്കത്തില്‍ ബൈ ഹാന്‍ഡ് ഡെലിവറിയായിരുന്നു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ ഓര്‍ഡറുകള്‍ വന്നു തുടങ്ങിയതോടെ കൊറിയറായും ബോട്ടിലുകള്‍ എത്തിച്ചുകൊടുക്കാറുണ്ട്. ചില ഹോട്ടലുകളില്‍ നിന്നും ഇവന്റ് ഗ്രൂപ്പുകളില്‍ നിന്നുമൊക്കെ ബള്‍ക്ക് ഓര്‍ഡറുകളും കിട്ടും. ഇപ്പോള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്.


പക്ഷേ എല്ലാത്തിനുംകൂടെ ഇപ്പോള്‍ സമയം കിട്ടാറില്ല എന്നതാണ് പ്രശ്‌നം. ഏപ്രിലില്‍ എന്റെ ബിഎഡ് പഠനം കഴിയും. അതുകഴിഞ്ഞു വേണം സജീവമായി എന്റെ ക്യുപ്പിക്കൊപ്പം ഇരിക്കാന്‍. കുപ്പിപെറുക്കി എന്ന വിളി ഒരുപാടു കേെട്ടങ്കിലും ഇപ്പോള്‍ എനിക്കു വലിയ സന്തോഷമുണ്ട്. കാരണം ഒരു മാസം ഏകദേശം 40000 രൂപ വരെ ക്യുപ്പിയില്‍ നിന്ന് എനിക്ക് വരുമാനം ലഭിക്കുന്നുണ്ട്. അപര്‍ണയുടെ ചിരിയില്‍ അഭിമാനത്തിന്റെ തിളക്കം.

അമ്മ കിടു ആണ്

കലാപരമായ തന്റെ കഴിവുകള്‍ക്കു പിന്നില്‍ അമ്മ സിന്ധുവാണെന്ന് അപര്‍ണ പറയുന്നു. എനിക്ക് ഫാഷന്‍ ഡിസൈനിംഗിനു പോകാനായിരുന്നു ആഗ്രഹം. അപ്പോള്‍ അമ്മയാണ് പറഞ്ഞത്, പഠിച്ചാലും പഠിച്ചില്ലെങ്കിലും നിനക്ക് ഡിസൈനിംഗിനും വരയ്ക്കാനുമൊക്കെയുള്ള കഴിവുണ്ട്, അതുകൊണ്ട് വേറെ ഏതെങ്കിലും കോഴ്‌സിന് ചേരുവെന്ന്. മാത്രമല്ല ഒരു ഗുരുവിനു കീഴില്‍ അഭ്യസിച്ചാല്‍ അദ്ദേഹത്തിന്റെ കഴിവുകളും അറിവുകളുമാകുമല്ലോ നമ്മളിലേക്ക് എത്തുന്നത്. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നതിന്റെയെല്ലാം ക്രെഡിറ്റ് അമ്മയ്ക്കാണ്. ഓര്‍മവച്ചകാലം മുതല്‍ അമ്മയുടെ കലകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അമ്മ മനോഹരമായി വിവാഹ ബൊക്കെകള്‍ ഉണ്ടാക്കുന്നതും കാറുകള്‍ അലങ്കരിക്കുന്നതുമൊക്കെ ഞാന്‍ കൗതുകത്തോടെ നോക്കി ഇരുന്നിട്ടുണ്ട്. നല്ലൊരു തയ്യല്‍ക്കാരി കൂടിയാണ് അമ്മ. ഇപ്പോള്‍ എനിക്ക് കുപ്പിക്ക് ഓര്‍ഡറുകള്‍ കിട്ടുന്നതുപോലെയാണ് അന്ന് അമ്മയ്ക്ക് തയ്യലിന് ഓര്‍ഡര്‍ കിട്ടുന്നത്. അതൊക്കെയായിരുന്നു ഒരു കാലത്ത് ഞങ്ങളുടെ ജീവിതമാര്‍ഗം. ഇപ്പോള്‍ കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലി കിട്ടിയതോടെ അമ്മ അതൊക്കെ നിര്‍ത്തി. ഞാന്‍ ഇതൊക്കെ ചെയ്യുന്നത് ഇഷ്ടമാണെങ്കിലും അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്, നന്നായി പഠിക്കണം, സ്ഥിരവരുമാനമുള്ള ഒരു ജോലി വേണം എന്ന്. കാരണം അതില്ലാതിരുന്നതിന്റെ അരക്ഷിതാവസ്ഥ ഞങ്ങള്‍ അറിഞ്ഞതാണ്.

ആര്‍ട്ട് കഫേയാണ് സ്വപ്‌നം

ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ് ക്യുപ്പിയുടെ കാര്യം നോക്കുന്നത്. ഇതുവരേയും ഞാന്‍ ക്യുപ്പി എന്ന ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബിഎഡ് കഴിഞ്ഞു വേണം അതു ചെയ്യാന്‍. പിന്നെ പഠനം നിര്‍ത്തിയാല്‍ പിടിച്ച് കെട്ടിച്ചു വിടും എന്നുള്ളതു കൊണ്ട് എംഎഡിന് ചേരണം. ക്യുപ്പിയെ സോഷ്യല്‍ മീഡിയ പേജില്‍ തളച്ചിടാതെ പുറത്തേക്കു കൊണ്ടുവരണം എന്നുണ്ട്. ഒരു ആര്‍ട്ട് ഗാലറിയാണ് മനസില്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ആര്‍് ഗാലറി എന്ന സ്വപ്‌നമുണ്ട്. പ്രളയകാലത്ത് ക്യുപ്പിയില്‍ നിന്നു കിട്ടിയ വരുമാനം കൊണ്ട് എന്നാല്‍ കഴിയുന്ന സഹായം ഞാനും ചെയ്തു. ഇനി മുന്നോട്ടും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ദൈവം അനുഗ്രഹിച്ചാല്‍ എല്ലാം സാധിക്കും. സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടും എന്ന ഉറപ്പ് അപര്‍ണയുടെ വാക്കുകളില്‍ നിറഞ്ഞു.

കുപ്പിയുടെ 'ക്യുപ്പി'

കോളജിലെ സുഹൃത്തുക്കള്‍ക്കിടയില്‍ വീണ ഇരട്ടപ്പേരിനെ ബ്രാന്‍ഡ് നെയിം ആക്കി മാറ്റിയ ആളാണ് അപര്‍ണ. ആ കഥ ഇങ്ങനെ:

എന്റെ ഈ കുപ്പി പെറുക്കല്‍ കഥ ഒരുവിധപ്പെട്ട എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാവുന്നതാണ്. അങ്ങനെ അവര്‍ എനിക്ക് കുപ്പി എന്ന് ഇരട്ടപ്പേരുമിട്ടു. ഇരട്ടപ്പേരാണെങ്കിലും ഞാനത് വളരെയധികം എന്‍ജോയ് ചെയ്തിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് ഫേസ്ബുക്ക് പേജിന് ഒരു പേരു വേണമല്ലോ എന്ന് ആലോചിച്ചു തുടങ്ങിയത്. അപ് സൈക്ലിംഗ് ആണല്ലോ ഞാന്‍ ചെയ്യുന്നത്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഒരു പേരിടാം എന്നു പറഞ്ഞ് ഒരുപാട് അന്വേഷിച്ചു. പക്ഷേ ഒന്നിലും തൃപ്തി കിട്ടിയില്ല. ഒരു ദിവസം ഒരു സുഹൃത്ത് കുപ്പിയെ കുറച്ചൂടെ സ്‌റ്റൈലിഷായി ക്യുപ്പി എന്നു വിളിച്ചു. അതെനിക്കങ്ങ് ഇഷ്ടമായി. അങ്ങനെയാണ് ക്യുപ്പി എന്ന പേരില്‍ ഫേസ്ബുക്ക് പേജ് തുടങ്ങുന്നത്. ക്യുപ്പിയുടെ തുടക്കം ഒരു സാധാരണ ഫേസ്ബുക്ക് പേജ് എന്ന നിലയ്ക്കായിരുന്നെങ്കിലും ഇന്നത് ഒരുപാടു പേര്‍ക്ക് പ്രചോദനമാവുകയാണ്. കോളജ് വിദ്യാര്‍ഥികളും വീട്ടമ്മമാരുമൊക്കെ എന്നോടു ബോട്ടില്‍ അപ്‌സൈക്ലിംഗിനെക്കുറിച്ചു ചോദിക്കാറുണ്ട്. നാടിനും സമൂഹത്തിനും വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുക എന്നത് വലിയ കാര്യമല്ലേ. തന്നെയുമല്ല ഇപ്പോള്‍ പതിയെപ്പതിയേ കുപ്പി പെറുക്കി എന്ന വിളി മാറിത്തുടങ്ങിയിട്ടുണ്ട്.' അപര്‍ണ ചിരിച്ചു.

അഷ്ടമുടിയെ ഇഷ്ടമുടിയാക്കിയ മിടുക്കി

അഷ്ടമുടിക്കായലിന്റെ തീരത്താണ് അപര്‍ണയുടെ വീട്. ചെറുപ്പം മുതല്‍ അപര്‍ണ വളര്‍ന്നത് ഈ കായലും അതില്‍ നിറഞ്ഞൊഴുകുന്ന മാലിന്യങ്ങളും കണ്ടാണ്. തനിക്ക് ഏറ്റവുമധികം കുപ്പികള്‍ കിട്ടുന്നതും ഈ കായല്‍ തീരത്തു നിന്നാണെന്ന് അപര്‍ണ പറയുന്നു. ഇതിന് എന്തെങ്കിലുമൊരു പരിഹാരം വേണം എന്ന ചിന്തയാണ് അപര്‍ണയെ അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം എന്ന കാമ്പയിന്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജലദിനത്തോടനുബന്ധിച്ച് അപര്‍ണയും കൂട്ടരും മുന്നിിറങ്ങി.

'ഞാന്‍ കുപ്പി ഉപയോഗിച്ച് അലങ്കാര വസ്തുക്കള്‍ നിര്‍മിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഇവിടെ അടുത്തുള്ള പലരും ഇതുചെയ്തു തുടങ്ങി. അപ്പോള്‍ എനിക്കു മനസിലായി ഒരാശയം മുന്നോട്ടുവച്ചാല്‍ അത് ഏറ്റെടുക്കാന്‍ തയാറുള്ള ഒരുപാടുപേര്‍ നമുക്കു ചുറ്റുമുണ്ടെന്ന്. ആളുകളുടെ സമീപനത്തിലെ വ്യത്യാസം നേരിട്ട് മനസിലാക്കിയതില്‍ നിന്നാണ് ഞാനിതു പറയുന്നത്. എങ്കില്‍പ്പിന്നെ എന്നാല്‍ കഴിയുന്നിടത്തോളം ആളുകളെ സംഘടിപ്പിച്ച് അഷ്ടമുടിക്കായലിനെ പുനരുജ്ജീവിപ്പിച്ചുകൂടെ എന്നെനിക്കു തോന്നി. കൊല്ലത്ത് ഒരുപാട് സ്ഥലങ്ങളില്‍ മാലിന്യം കുന്നുകൂടുന്നുണ്ടെങ്കിലും അഷ്ടമുടിക്കായലിനെയാണ് എനിക്ക് അടുത്തറിയാവുന്നത്. കായല്‍ മുഴുവന്‍ ഒരാള്‍ വിചാരിച്ചാല്‍ വൃത്തിയാക്കാന്‍ സാധിക്കില്ലെന്ന് എനിക്കറിയാം. അതേസമയം ഒരു കൂട്ടം ആളുകള്‍ വിചാരിച്ചാല്‍ ചെറിയ മാറ്റങ്ങള്‍ സാധ്യമാകുമല്ലോ. ഇവിടെ നിന്നാണ് അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം എന്ന കാമ്പയിന്‍ ആരംഭിക്കുന്നത്. കാമ്പയിനെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുമ്പോഴും ഇത് ഇത്ര വലിയ വിജയമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ എന്നെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ടാണ് ആളുകള്‍ മുന്നോട്ടുവന്നത്. കൊല്ലം ലിങ്ക് റോഡ് ഭാഗമാണ് ആദ്യം വൃത്തിയാക്കിയത്. ഇവിടുത്തെ മൂന്ന് ആശുപത്രികളില്‍ നിന്നുള്ള ഡ്രെയിനേജ് മാലിന്യങ്ങള്‍ തള്ളുന്നത് കായലിലേക്കാണ്. അതു കൂടാതെ ഹോട്ടലില്‍ നിന്നുള്ള അവശിഷ്ടങ്ങളും ഇറച്ചിക്കടമാലിന്യങ്ങളും ഒക്കെ അടിയുന്നത് ഇവിടെയാണ്. ഇതില്‍ ഞങ്ങള്‍ക്ക് എടുക്കാന്‍ സാധിക്കുന്നത് കുപ്പി, ബള്‍ബ് തുടങ്ങിയ മാലിന്യങ്ങള്‍ മാത്രമാണ്.

അവിടെനിന്നു ശേഖരിച്ച മാലിന്യങ്ങളുപയോഗിച്ച് ഞങ്ങള്‍ മനോഹരമായ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ചു. ഈ വസ്തുക്കളെല്ലാം ഇതേ അഷ്ടമുടിക്കായലിന്റെ തീരത്തുതന്നെ ഞങ്ങള്‍ വില്‍പനയ്ക്കു വച്ചു. ഇനിയും ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്യുപ്പിയിലെ അംഗങ്ങള്‍.

അഞ്ജലി അനില്‍കുമാര്‍