ബോൾട്ടൻ: ബോൾട്ടണിൽ ഒഐസിസി ഓഫിസും അതിനോടനുബന്ധിച്ച് ഇന്ദിര പ്രിയദർശിനി ലൈബ്രറിയും ആരംഭിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയാണ് ആസ്ഥാന മന്ദിരവും ലൈബ്രറിയും ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ പ്രോഗ്രാം കോഓർഡിനേറ്ററും ഒഐസിസി യുകെ വക്താവുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫിസും ലൈബ്രറിയും യുകെയിൽ സാക്ഷാത്കരിച്ച ഒഐസിസി നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.
ഒഐസിസി യുകെ വർക്കിംഗ് പ്രസി. ബേബിക്കുട്ടി ജോർജ്, മണികണ്ഠൻ ഐക്കാട്, ജനറൽ സെക്രട്ടറി അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണൽ ട്രഷറർ ബിജു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധി ഫിലിപ്പ് കൊച്ചിട്ടിന് നൽകി രാഹുൽ വിതരണോദ്ഘാടനം നിർവഹിച്ചു.
ഒഐസിസി യുകെ പുതിയതായി രൂപീകരിച്ച ബോൾട്ടൻ, ആക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ, ലിവർപൂൾ, ബ്ലാക്ക്പൂൾ യൂണിറ്റുകളുടെ ചുമതലാപത്രവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും രാഹുൽ നിർവഹിച്ചു. ഒഐസിസി യുകെ നാഷനൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, നാഷനൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.
പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതകൾ, കുട്ടികൾക്കായുള്ള പുസ്തകങ്ങൾ, പ്ലേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്.