ഉദുമ: മുഴുവന്‍ സബ്-രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും സ്വന്തം കെട്ടിടമുള്ള ആദ്യത്തെ ജില്ലയായി കാസര്‍ഗോഡ് മാറിയെന്ന് രജിസ്ട്രേഷന് വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് നിര്‍മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍ കാസര്‍ഗോഡ്, ഉദുമ നിയോജക മണ്ഡലങ്ങളിലെ 13 വില്ലേജ് ഓഫീസുകളാണ് ഉള്‍ക്കൊള്ളുന്നത്. രജിസ്ട്രേഷന്, റവന്യു വകുപ്പുകള്‍ സമന്വയിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ രേഖകള്‍ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകും. ഈ സംവിധാനം നിലവില്‍ വരുന്നതോടുകൂടി രജിസ്ട്രേഷന് സംബന്ധിച്ച വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനം വേഗത്തിലാവുകയും ഏറ്റവും വേഗത്തില്‍ ജനങ്ങള്‍ക്ക് സേവനം ലഭ്യമാവുകയും ചെയ്യും.
സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. കേരള കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് റീജിയണല്‍ മാനേജര്‍ ടി.എം. മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ലക്ഷ്മി, എം. കുമാരന്, എം. ധന്യ, എച്ച്. മുരളി, ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം പുഷ്പ ശ്രീധരന്, വാര്‍ഡ് മെംബര്‍ യാസ്മിന് റഷീദ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ചന്ദ്രന് കൊക്കാല്‍, കെ.ബി.എം. ഷെരീഫ്, രാധാകൃഷ്ണന് പെരുമ്പള, ടി.വി. വിജയന്, തമ്പാന് അച്ചേരി, മുനീര്‍ മുനമ്പം, പി.ടി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
രജിസ്ട്രേഷന് വകുപ്പ് ജോയിന്റ് ഐജി പി.കെ. സാജന്‍കുമാര്‍ സ്വാഗതവും രജിസ്ട്രേഷന് വകുപ്പ് ഉത്തര മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.സി. മധു നന്ദിയും പറഞ്ഞു.
1.16 കോടിരൂപ മുതല്‍ മുടക്കി രണ്ടു നിലകളിലായി 397 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള മുറി, സബ്രജിസ്ട്രാറുടെ മുറി, ഓഫീസ് മുറി, ഡൈനിംഗ് മുറി, ഇന്സ്പെക്ഷന് മുറി, പൊതുജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ശുചിമുറികള്‍ ഉള്‍പ്പെടെ നാല് ശുചിമുറികളും 1971 മുതലുള്ള റിക്കാര്‍ഡുകള്‍ സൂക്ഷിക്കാനുള്ള റിക്കാര്‍ഡ് മുറിയുമാണ് ഒരുക്കിയിട്ടുള്ളത്. ആവശ്യമായ വാട്ടര്‍സപ്ലൈ, സാനിറ്ററി സൗകര്യങ്ങള്‍, മഴവെള്ള സംഭരണി, ഭിന്നശേഷി സൗഹൃദ റാമ്പ്, അഗ്നി സുരക്ഷാ സംവിധാനങ്ങള്‍, ഗോവണി എന്നിവയും പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.