മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും രാഷ്ട്രീയവും മതവും കലർത്തരുത്. ഏതു രാജാവിന്റെ മകനാണെങ്കിലും “നാർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്.”
“കൊച്ചുകുട്ടികളല്ലേ, അവർ കമ്പനി കൂടും, സംസാരിക്കും; ചിലപ്പോൾ പുകവലിക്കും.” കേരളത്തിന്റെ സാംസ്കാരിക മന്ത്രിയാണ് ആപത്കരമായൊരു സംസ്കാരത്തെ നിസാരവത്കരിച്ചിരിക്കുന്നത്. കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ പാർട്ടി എംഎൽഎയുടെ മകനെതിരേ കേസെടുത്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഇത്തരം ‘കൊച്ചുകുട്ടികൾ’ അവരുടെതന്നെ ആയുസിനും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തിനും ഭീഷണിയായിരിക്കുന്ന കാലത്ത് ഈ വാക്കുകൾ വമിപ്പിക്കുന്നത് വിഷപ്പുകയാണ്. പക്ഷേ, മാധ്യമങ്ങൾ തന്റെ വാക്കുകളെ വളച്ചൊടിച്ചെന്നും പാർട്ടിയിലെ ഒരു എംഎൽഎ വേട്ടയാടപ്പെടുന്പോൾ നോക്കിനിൽക്കാനാകില്ലെന്നും പറഞ്ഞ്, അദ്ദേഹം വീണ്ടും ന്യായീകരണം നടത്തി. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ കാഴ്ചക്കാരാകാതെ സംരക്ഷകരാകുന്ന നിലപാട്! ഇതു നാടിനു ശിക്ഷയാണ്.
യു. പ്രതിഭ എംഎൽഎയുടെ മകൻ കഞ്ചാവുകേസിൽ പ്രതിയായ വർത്ത പുറത്തുവന്നതോടെ മാധ്യമങ്ങൾക്കെതിരേ എംഎൽഎ രോഷാകുലയായി പ്രതികരിക്കുകയും കേസെടുത്ത എക്സൈസിനെതിരേ സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിക്കുകയും ചെയ്തതാണ് വിവാദമായത്. മന്ത്രിയുടെ ചില പരാമർശങ്ങൾകൂടി: “വലിച്ചത് ശരിയാണെന്നല്ല.
ചെയ്തിട്ടുണ്ടെങ്കിൽ തെറ്റ്. പക്ഷേ, ഇത് വലിയൊരു മഹാ അപരാധമാണോ? ഞാനും വല്ലപ്പോഴും ഒരു സിഗരറ്റ് വലിക്കാറുണ്ട്. എം.ടി. വാസുദേവന്‍ നായര്‍ കെട്ടുകണക്കിന് ബീഡി വലിക്കാറുണ്ട്. പുകവലിച്ചതിനെന്തിനാണ് ജാമ്യമില്ലാ വകുപ്പ് ഇടുന്നത്.” കുട്ടികൾ കേസുകളിൽ പെടുന്പോൾ നിസഹായരായി തലകുനിച്ചുനിൽക്കുന്നവരാണ് മാതാപിതാക്കൾ. അതിനു മന്ത്രിയെന്നോ എംഎൽഎയെന്നോ സാധാരണക്കാരെന്നോ വ്യത്യാസമൊന്നുമില്ല.
പക്ഷേ, എംഎൽഎയുടെ കാര്യത്തിലേ മന്ത്രിക്കു വിഷമമുള്ളൂ. എംഎൽഎയെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും സജി ചെറിയാന് അവകാശമുണ്ട്. പക്ഷേ, കുറ്റക്കാരെ ന്യായീകരിക്കാൻ കുറ്റത്തെ നിസാരവത്കരിച്ചതാണ് ഇവിടെ കുറ്റം. ചില സംസ്ഥാനങ്ങളിൽ 21 വയസും രാജ്യവ്യാപകമായി 18 വയസും പുകവലിക്കുന്നതിനു പ്രായപരിധിയുള്ള രാജ്യത്ത് അതിനു വിപരീതമായി പ്രസ്താവന നടത്തുന്നത് ഉത്തരവാദിത്വമില്ലായ്മ മാത്രമല്ല, കുറ്റവും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കലുമാണ്.
അതും കുട്ടികളിൽ നിന്നു പിടിച്ചത് പുകയിലയല്ല, ചെറിയ അളവിലാണെങ്കിലും കഞ്ചാവാണെന്നിരിക്കേ. മന്ത്രിയുടെ പ്രതികരണത്തിനു പിന്നാലേ, ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ. ജയരാജിന് സ്ഥലംമാറ്റമുണ്ടായി. ഇതു പ്രൊമോഷന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചിട്ടുണ്ട്. അതു ശരിയാകാം.
പക്ഷേ, ആലപ്പുഴയുടെ തെക്കന്‍ മേഖലയിലെ ബിനാമി കള്ളുഷാപ്പുകള്ക്കെതിരേയും സ്പിരിറ്റ് കടത്തിനെതിരേയും കർശന നടപടി സ്വീകരിച്ചതിലൂടെ ഉന്നതർക്ക് അനഭിമതനായ, കൊല്ലം സ്വദേശിയായ ഉദ്യോഗസ്ഥനെ വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെ മലപ്പുറത്തേക്ക് മാറ്റിയതാണ് സംശയത്തിനിടയാക്കിയത്.
ആശ്രിതരെ ചേർത്തുനിർത്തുന്നതും അനഭിമതരെ കൈകാര്യം ചെയ്യുന്നതുമായ രാഷ്ട്രീയം കേരളത്തിന് അത്ര പരിചയമില്ലാത്തതല്ലല്ലോ! മന്ത്രി സജി ചെറിയാൻ പുക വലിക്കുന്നതുകൊണ്ട് പുകവലി മഹത്തരമാകില്ല. അതുപോലെ, പുകവലിയെ നിസാരവത്കരിക്കാൻ അദ്ദേഹം എംടിയെ കൂട്ടുപിടിച്ചതും അപലപനീയമാണ്.
എംടിയുടെ മഹത്വം അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രതിഭയിലാണ്, പുകവലിയിലല്ല. ഇത്തരം താരതമ്യങ്ങൾ കുബുദ്ധിയാണ്. കഴിഞ്ഞ മേയിലെ കണക്കനുസരിച്ച്, 1,140 സ്കൂളുകളിൽ ലഹരി ഇടപാട് എക്സൈസ് വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോളജ് വിദ്യാർഥികളിൽ 31.8 ശതമാനം ലഹരി ഉപയോഗിക്കുന്നു.
ഇപ്പോഴതിന് ആൺ-പെൺ ഭേദവുമില്ല. 79 ശതമാനം കൗമാരക്കാർ ആദ്യം ലഹരി ഉപയോഗിച്ചത് സുഹൃത്തുക്കൾ വഴിയാണ്. എന്‍ഡിപിഎസ് ആക്ട് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റന്‍സ് ആക്ട്) പ്രകാരം, 2024 ജനുവരി മുതല്‍ ഡിസംബര്‍ 18 വരെ 7,830 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
7,617 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്നിന് അടിമകളായ ‘കുട്ടികൾ’ ഏതു കുറ്റകൃത്യത്തിനും അറപ്പില്ലാത്തവരാണ്. മയക്കുമരുന്നു കൊടുത്ത് ലൈംഗിക ചൂഷണം നടത്തുന്ന കേസുകളുമുണ്ട്. സംഭവം നിസാരമല്ല. ഇക്കഴിഞ്ഞ പുതുവത്സര രാത്രി തൃശൂർ തേക്കിൻകാട് മൈതാനത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതികളായ 14, 16 വയസുള്ള വിദ്യാർഥികൾ ലഹരി അടിമകളായിരുന്നു.
സർക്കാരിന്റെ കൊട്ടിഘോഷിച്ച എല്ലാ നടപടികളെയും മറികടന്ന് മയക്കുമരുന്ന് നാടാകെ വ്യാപിക്കുകയാണ്. സർക്കാരും പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവുമൊക്കെ ഒന്നിച്ചുനിന്നാലേ മയക്കുമരുന്നു വ്യാപനത്തെ ചെറുക്കാനാകൂ.
ബഹുമാനപ്പെട്ട നേതാക്കളേ, മയക്കുമരുന്നിന്റെ കാര്യത്തിലെങ്കിലും നിങ്ങൾ രാഷ്ട്രീയവും മതവും കലർത്തരുത്. ഏതു രാജാവിന്റെ മകനാണെങ്കിലും “നാർകോട്ടിക്സ് ഈസ് എ ഡെർട്ടി ബിസിനസ്.”