പെരിന്തൽമണ്ണ: ബക്കറ്റിനു മുകളിൽ പന്തു വച്ച് അതിനു മുകളിൽ കയറിനിന്നു പിടലിയിലൊരു ഫുട്ബോൾ ബാലൻസ് ചെയ്ത് 57 സെക്കൻഡിൽ ഏഴു ജഴ്സികൾ അഴിച്ചുമാറ്റി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മുഹമ്മദ് ഷെമീൻ പാറൽ.
ഫുട്ബോളിന്റെ മുകളിൽ കയറി ബാലൻസ് ചെയ്തു നിന്നാണു ഷെമീൻ കാണികളെ അന്പരപ്പിച്ചത്.തൂത പാറൽ പള്ളിക്ക് സമീപം താമസിക്കുന്ന ഇറക്കിങ്ങൽ ഹബിബയുടെ മകനാണ് ഷെമീൻ.
അസാമാന്യ മെയ്വഴക്കത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഷെമീൻ നാടിനഭിമാനമായിരിക്കുകയാണ്. വീട്ടുകാരും നാട്ടുകാരും പ്രാദേശിക ക്ലബായ പാറൽ പാസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പൂർണ പിന്തുണയുമായി ഷെമീനു പിന്നിലുണ്ട്.
ഷെമീനിന്റെ ഈ പ്രകടനം കണ്ട ബന്ധുവായ ഷൗക്കത്തലി കുളപ്പടയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അപേക്ഷിക്കാനുള്ള പ്രേരണനല്കിയതെന്ന് ഷെമീൻ പറഞ്ഞു.
മൂന്നു പെയിന്റ് ബക്കറ്റിനു മുകളിൽ രണ്ടു ബക്കറ്റും അതിനു മുകളിൽ രണ്ടു ഫുട്ബോളും വച്ച് അതിനുമുകളിൽ കയറി നിന്ന് ബാലൻസ് ചെയ്ത് കഴുത്തിന്റെ പിൻഭാഗത്ത് ഒരു ഫുട്ബോൾ വച്ച് അതു വീഴാതെ നിർത്തി ജഴ്സി അഴിച്ചു മാറ്റുന്ന ഈ പ്ലസ് വണ്‍ കാരന്റെ പ്രകടനം ആരെയും അന്പരപ്പിക്കും.
മലപ്പുറം തൂത ദാറുൽ ഉലൂം എച്ച്എസ്എസിലെ വിദ്യാർഥിയാണ് മുഹമ്മദ് ഷെമീൻ പാറൽ.