പറപ്പൂക്കര: രാപ്പാൾ മേഖലയിൽ ഇപ്പോൾ വിശ്വജിത്ത് എന്ന നാലാം ക്ലാസുകാരന്റെ കുഞ്ഞൻ ജീപ്പാണു ചർച്ചാ വിഷയം. ഓട്ടോറിക്ഷയുടെ വലിപ്പവും ആകർഷകമായ രൂപവുമുള്ള ജീപ്പ് വിശ്വജിത്ത് തന്നെയാണ് ഓടിക്കുന്നതും.
ഒറ്റനോട്ടത്തിൽ മോട്ടോർ വാഹനമാണ് വരുന്നതെന്നു തോന്നുമെങ്കിലും അടുത്തറിഞ്ഞാൽ ആരും അദ്ഭുതപ്പെടും. ഉപയോഗശൂന്യമായ വസ്തുക്കൾക്കൊണ്ട് സാധാരണ സൈക്കിൾ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയിലാണു വിശ്വജിത്തിന്റെ ജീപ്പ് ഓടുന്നത്. മകന്റെ ആശയം രൂപകല്പന ചെയ്തത് അച്ഛൻ പേഴേരി രജീഷാണ്.
അച്ഛന്റെ വണ്ടിയോടിക്കാൻ എപ്പോഴും വാശിപിടിക്കുന്ന വിശ്വജിത്തിനെ രജീഷ് എപ്പോഴും നിരുത്സാഹപ്പെടുത്താറാണു പതിവ്. എന്നാൽ സൈക്കിളിനു ബോഡിയുണ്ടാക്കുക എന്ന ആശയം അച്ഛനും സ്വീകാര്യമായി. പിന്നെ ഉപയോഗശൂന്യമായ ഫ്ലക്സ്, മരം, ഇന്റീരിയർ - ഫാബ്രിക്കേഷൻ സാമഗ്രികൾ, സീലിംഗ് വർക്കുകളുടെ ബാക്കി എന്നിവയെല്ലാം രജീഷിനു അസംസ്കൃത വസ്തുക്കളായി.
ഉറപ്പുള്ള സ്റ്റിയറിംഗ് ബോക്സും സീറ്റുകളും വശങ്ങളിൽ ഡോറുകളുമെല്ലാമുള്ള ജീപ്പ് ഓടുന്നത് സൈക്കിൾ ചക്രങ്ങളിലാണ്. സാധാരണ സൈക്കിൾ പെഡൽ ചവുട്ടിതന്നെയാണ് രജീഷിന്റെ ജീപ്പും ഓടിക്കുന്നത്. ഡ്രൈവറെ കൂടാതെ രണ്ടുപേർക്കു പിറകിലിരുന്ന് യാത്ര ചെയ്യാവുന്ന ജീപ്പ് നിയന്ത്രിക്കുന്നത് സ്റ്റിയറിംഗും ബ്രേയ്ക്കും ഉപയോഗിച്ചു തന്നെയാണ്.
സംഭവം കേട്ടറിഞ്ഞെത്തിയ കെ.കെ. രാമചന്ദ്രൻ എംഎൽഎ വിശ്വജിത്തിന്റെ ജീപ്പ് ഓടിച്ചു നോക്കിയ ശേഷം അച്ഛനേയും മകനേയും അഭിനന്ദിച്ചാണു മടങ്ങിയത്.
13 വർഷം വിദേശത്തായിരുന്ന രജീഷ്, ഇപ്പോൾ സിനിമാരംഗത്ത് പ്രൊഡക്ഷൻ കോഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്. ജോലി കഴിഞ്ഞുള്ള ഇടവേളകളിലായിരുന്നു ജീപ്പിന്റെ പണി, മൂന്നുമാസം കൊണ്ടാണു പൂർത്തിയാക്കിയത്.
വിശ്വജിത്തിനൊപ്പം സഹോദരങ്ങളായ വിസ്മയയും വസുദേവുമാണ് ഇപ്പോൾ ജീപ്പിലെ പതിവു യാത്രികർ. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിച്ചിരിക്കുന്ന വിശ്വജിത്തിന്റെ അമ്മ ശരണ്യ സ്റ്റിയറിംഗ് സ്റ്റഡിയാക്കുന്നതിനു പ്രയോഗിച്ച എളുപ്പ വഴിയും മകന്റെ ജീപ്പാണ്.