ആറാം ക്ലാസിലെ പത്താമത്തെ യൂണിറ്റായ രൂപത്തിനും ബലത്തിനും,
ഒൻപതാം ക്ലാസിലെ ആറാമത്തെ യൂണിറ്റായ ചലനത്തിന്റെ ജീവശാസ്ത്രം
എന്നീ അധ്യായങ്ങളിലെ പഠനപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു.
ഓർത്തിരിക്കാൻ
മനുഷ്യാസ്ഥികൂടം നിർമിച്ചിരിക്കുന്നത് 206 അസ്ഥികൾ കൊണ്ടാണ്.
അസ്ഥികൾക്കുള്ളിൽ സ്പോഞ്ച് പോലുള്ള അസ്ഥിമജ്ജ കാണപ്പെടുന്നു.
നവജാത ശിശുക്കളിൽ ഏതാണ്ട് 350 അസ്ഥികൾ ഉണ്ടാകും.
ശിശുക്കൾ വളരുന്പോൾ പല അസ്ഥികളും ഒന്നായിച്ചേർന്ന് 206 അസ്ഥികളായി തീരുന്നു.
ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി ചെവിയിലെ സ്റ്റേപ്പിസ് ആണ്.
ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി തുടയെല്ല് (Femur) ആണ്.
ശരീരത്തിലെ ഏറ്റവും ശക്തിയേറിയ അസ്ഥിയും തുടയെല്ലാണ്.
ശരീരത്തിലെ പകുതിയിലേറെ അസ്ഥികൾ കൈകളിലും കാലുകളിലുമായി കാണപ്പെടുന്നു.
നാക്കിനെ അതിന്റെ സ്ഥാനത്ത് നിർത്താൻ സഹായിക്കുന്ന ഹയോയ്ഡ് അസ്ഥി ഒരു സന്ധിയുമായി ചേരാതെ കാണപ്പെടുന്ന ഒരേയൊരു അസ്ഥിയാണ്.
12 ജോഡി വാരിയെല്ലുകളിൽ ആദ്യത്തെ ഏഴു ജോഡികൾ മാത്രമേ നേരിട്ട് മാറെല്ലുമായി ബന്ധപ്പെടുന്നുള്ളൂ.
8,9,10 ജോഡി വാരിയെല്ലുകൾ ഏഴാമത്തെ വാരിയെല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു.
11,12 ജോഡി വാരിയെല്ലുകൾ മറ്റു വാരിയെല്ലുകളുമായോ മാറെല്ലുമായോ ബന്ധപ്പെടുന്നില്ല.
ചിലരിൽ 13 ജോഡി വാരിയെല്ലുകൾ കാണപ്പെടുന്നു. എന്നാൽ മംഗോളിയരിൽ പൊതുവെ 11 ജോഡി വാരിയെല്ലുകൾ മാത്രമാണ് കാണപ്പെടുന്നത്.
ശരീരത്തിലെ ഏറ്റവും വലിയ സന്ധി കാൽമുട്ടിലെ സന്ധിയാണ്.
മനുഷ്യൻ നട്ടെല്ലുള്ള ജീവി വിഭാഗത്തിൽപ്പെടുന്ന ജീവിയാണ്. മനുഷ്യനുൾപ്പെടെ 10 ശതമാനം ജീവികളേ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുള്ളൂ.
അസ്ഥികൾ ശക്തിയുള്ളവയാണ്. പക്ഷേ, ശരീരത്തിലെ പല്ലുകളാണ് അസ്ഥികളെക്കാൾ ശക്തിയുള്ളത്.
കാത്സ്യം അടങ്ങിയ ഭക്ഷണം അസ്ഥികളുടെ കരുത്ത് കൂട്ടുന്നു.
അസ്ഥികളെക്കുറിച്ചുള്ള പഠനമാണ് ഓസ്റ്റിയോളജി.
അസ്ഥി ഭംഗം
അസ്ഥിഭംഗത്തിന്റെ ലക്ഷണങ്ങൾ - ശക്തമായ വേദന അനുഭവപ്പെടുക, അസ്ഥിഭംഗം സംഭവിച്ച അവയവം പ്രവർത്തിക്കാൻ കഴിയാതെ വരുക, സന്ധികളിലേതു പോലെ അസ്ഥികൾ ചലിക്കുക.
വിഷമഭംഗത്തിൽ അസ്ഥികൾ പൊട്ടുന്നതോടൊപ്പം ശരീരഭാഗത്തിന് മുറിവ് സംഭവിക്കാനും സാധ്യതയുണ്ട്.
അസ്ഥിസ്ഥാനഭ്രംശം
സന്ധികളിലെ അസ്ഥികൾക്ക് സ്ഥാനചലനം സംഭവിക്കുന്നു. ഇതുമൂലം സ്നായുക്കൾക്ക് തകരാറ് സംഭവിക്കാറുണ്ട്. സന്ധികളിൽ കഠിനമായ വേദന, നീർവീക്കം, ചലിപ്പിക്കാൻ പ്രയാസം എന്നിവയാണ് ലക്ഷണങ്ങൾ. അസ്ഥിസന്ധിക്ക് സ്ഥാന ഭ്രംശം സംഭവിച്ചാൽ ആ ഭാഗം ചലിപ്പിക്കാതെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
ഉളുക്ക്
അസ്ഥിസന്ധികളിലെ സ്നായുക്കൾ വലിയുകയോ, പിരിയുകയോ, പൊട്ടുകയോ ചെയ്യുന്നതാണ് ഉളുക്കിന് കാരണം. ഉളുക്കിയ ഭാഗം ഉയർത്തി വച്ച് നനഞ്ഞ തൂവാല കൊണ്ട് കെട്ടുകയാണ് ഉളുക്കിന് നല്കുന്ന പ്രഥമ ശുശ്രൂഷ.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്