Rh നെഗറ്റീവ് രക്തമുള്ള മാതാവ് Rh പോസിറ്റീവ് രക്തമുള്ള കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത് അമ്മയുടെ രക്തത്തിലേക്ക് കുഞ്ഞിന്റെ Rh ഘടകം എത്താനുള്ള സാധ്യതയുണ്ട്. അപ്പോൾ അമ്മയുടെ ശരീരം ഈ ഘടകത്തിനെതിരേ ആന്റിബോഡികൾ രൂപപ്പെടുത്തുന്നു. പിന്നീടുള്ള ഗർഭങ്ങളിൽ കുഞ്ഞ് Rh പോസിറ്റീവ് ആണെങ്കിൽ നേരത്തെ രൂപപ്പെട്ട ആന്റിബോഡികൾ പ്ലാസന്റ വഴി ഭ്രൂണത്തിൽ പ്രവേശിച്ച് അരുണ രക്താണുക്കൾ കട്ടപിടിച്ച് ഭ്രൂണം നശിക്കാനിടയാകുന്നു. ഇതിനെ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസ് എന്ന് പറയുന്നു. ജനിച്ച ഉടനെ കുട്ടികളിൽ കണ്ടുവരുന്ന മഞ്ഞപ്പിത്തത്തിന്റെ കാരണം ഇതാണ്. അത്തരം കുട്ടികളുടെ മുഴുവൻ രക്തവും നീക്കി പകരം പുതിയത് നല്കി കുഞ്ഞിനെ രക്ഷപ്പെടുത്തുന്നു. പക്ഷേ, പലപ്പോഴും കുഞ്ഞ് ഗർഭാശയത്തിൽ വച്ചുതന്നെ മരണപ്പെടുകയാണ് ചെയ്യുന്നത്. Rh നെഗറ്റീവ് രക്തമുള്ള മാതാവിന് Rh പോസിറ്റീവ് രക്തമുള്ള കുഞ്ഞാണ് ജനിക്കുന്നതെങ്കിൽ ആന്റിബോഡിയുടെ ഉത്പാദനം തടയാൻ ആവശ്യമായ കുത്തിവയ്പ് ഇപ്പോൾ ലഭ്യമാണ്.
ABO, Rh രക്തഗ്രൂപ്പുകൾക്ക് പുറമെ മറ്റു നൂറോളം രക്തഗ്രൂപ്പുകളും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. MN, Duffy, Kell, Kidd, Lewis എന്നിവ ഇവയിൽ ചിലതാണ്. ഇത്തരം രക്തഗ്രൂപ്പിലെ പ്രതിപ്രവർത്തനങ്ങൾ എറിത്രോബ്ലാസ്റ്റോസിസ് ഫീറ്റാലിസിസിന് കാരണമാകാറുണ്ട്.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്