A,B,O രക്തഗ്രൂപ്പുകളെ കണ്ടുപിടിക്കുക വഴി രക്തംമാറ്റൽ സുരക്ഷിതമാക്കിയത് കാൾ ലാൻഡ്സ്റ്റെയ്നർ ആണ്. 1868 ജൂണ് 14-ാം തീയതി ഓസ്ട്രിയയിലെ വിയന്നയിലാണ് കാൾ ലാൻഡ്സ്റ്റെയ്നർ (Karl Landsteiner) ജനിച്ചത്.
17-ാം നൂറ്റാണ്ടിൽ തന്നെ രക്തം മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. പക്ഷേ, ഇത്തരത്തിലെ രക്തനിവേശനം അപകടത്തിലാണ് അവസാനിച്ചത്. ആടിന്റെ രക്തമുപയോഗിച്ചായിരുന്നു പ്രധാനമായും രക്തനിവേശനം നടത്തിയിരുന്നത്. മാറ്റി വയ്ക്കാനുപയോഗിക്കുന്ന രക്തം കട്ടപിടിക്കുന്നതിനാൽ ഈ പ്രവർത്തനം പിന്നീട് നിരോധിക്കപ്പെട്ടു. കാൾ ലാൻഡ്സ്റ്റെയ്നർ തന്റെ സ്ഥാപനത്തിലെ ജോലിക്കാരുടെ രക്തസാന്പിളെടുത്ത് തമ്മിൽ കലർത്തിനോക്കി. ചില ജോഡികൾ തമ്മിൽ കലർത്തുന്പോൾ കട്ടപിടിക്കൽ നടന്നിരുന്നു. മറ്റു ചില സാന്പിളുകൾ തമ്മിൽ കലർത്തുന്പോൾ കട്ടപിടിക്കുന്നുമില്ല. വ്യക്തികളുടെ രക്തം തമ്മിൽ കലർത്തുന്പോൾ, ചിലപ്പോൾ കട്ട പിടിക്കുകയും, ചിലപ്പോൾ കട്ടപിടിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. ഇത് അദ്ദേഹത്തെ അലട്ടിയ പ്രശ്നങ്ങളിൽ പ്രധാനമായിരുന്നു. തന്റെ പരീക്ഷണങ്ങളുടെ ഫലം അദ്ദേഹം 1900ൽ പ്രസിദ്ധപ്പെടുത്തി. അദ്ദേഹത്തിന്റെ അപഗ്രഥനത്തിന്റെ അടിസ്ഥാനത്തിൽ A, B, O എന്നിങ്ങനെ മൂന്നു രക്തഗ്രൂപ്പുകളുണ്ടായിരുന്നു. AB എന്ന നാലാമത്തെ രക്തഗ്രൂപ്പ് തൊട്ടടുത്ത വർഷമാണ് കണ്ടുപിടിക്കപ്പെട്ടത്. ലാൻഡ്സ്റ്റെയ്നറുടെ ഈ കണ്ടെത്തൽ സുരക്ഷിതമായ രക്തനിവേശനത്തിന് വഴിതെളിച്ചു. പിന്നീട് MN എന്ന രക്തഗ്രൂപ്പു കൂടി അദ്ദേഹം കണ്ടെത്തി. Rh ഗ്രൂപ്പിന്റെ കണ്ടെത്തലിലും അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്. പോളിയോ വൈറസിനെ ആദ്യമായി വേർതിരിച്ചെടുത്തതും കാൾ ലാൻഡ്സ്റ്റെയിനറാണ്. 1930ൽ അദ്ദേഹത്തിനു നൊബേൽ സമ്മാനം ലഭിച്ചു.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്