ജീവിവർഗങ്ങളിൽ കാലാകാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമപ്രവർത്തനങ്ങളും അനുകൂലമായ ജീവിതസാഹചര്യങ്ങളും ചെറിയ കാലാവസ്ഥാമാറ്റങ്ങളും വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളും ജൈവവൈവിധ്യത്തെ നിലനിർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. അനുകൂലമല്ലാത്ത കാലാവസ്ഥ, അതിജീവിക്കാനാകാത്ത പാരിസ്ഥിതിക വ്യതിയാനം, ഭക്ഷണദൗർലഭ്യം, അധിനിവേശജീവികളുടെ ആധിപത്യം തുടങ്ങിയവയെല്ലാം ജൈവവൈവിധ്യശോഷണത്തിന് കാരണമാകുന്ന ഘടകങ്ങളാണ്.
ജൈവവൈവിധ്യത്തിന് മനുഷ്യൻ ഏൽപ്പിക്കുന്ന കോട്ടങ്ങൾ വളരെ വലുതാണ്. റോഡ്, റെയിൽ, കെട്ടിടം, ഡാം, വ്യവസായങ്ങൾ എന്നിവയ്ക്കുവേണ്ടി മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. രാസവസ്തുക്കൾ, കീടനാശിനികൾ, കളനാശിനികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ കാരണം ജൈവവൈവിധ്യശോഷണം സംഭവിക്കുന്നു. മനുഷ്യൻ ഭക്ഷണത്തിനും, മരുന്നിനും, തുകലിനും, തൂവലിനും വേണ്ടി ജീവികളെ കൊല്ലുന്നു. കുന്നിടിക്കലും, വയലുകളുടെ നികത്തലും, തണ്ണീർത്തടങ്ങളിൽ മണ്ണിടുന്നതും ജീവികളുടെ ആവാസങ്ങൾ നശിപ്പിക്കുന്നു.
തീവ്രതയേറിയ ശോഷണം
1600നും 1900ത്തിനും ഇടയിൽ 75ൽപ്പരം സസ്യവർഗങ്ങളും ജന്തുവർഗങ്ങളും ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി. 1900ത്തിനും 1970നും ഇടയിൽ അത്രതന്നെ ജീവികൾ നാശത്തിനിരയായി. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നാശത്തിന്റെ നിരക്ക് പിന്നെയും കൂടി. ഈ നിരക്കിലെ നാശം ഭൂമിയിലെ ജൈവവൈവിധ്യശോഷണത്തിന് ആക്കം കൂട്ടുന്നു.
ഉഷ്ണമേഖലാവനങ്ങൾ ജൈവവൈവിധ്യത്തിന്റെ കലവറകളാണ്. ഓരോ വർഷവും എതാണ്ട് 75,000 ചതുരശ്ര കിലോമീറ്റർ മഴക്കാടുകൾക്കു ക്ഷതം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ രീതി തുടർന്നാൽ വർഷങ്ങൾ കഴിയുന്പോൾ മഴക്കാടുകൾ മരുഭൂമികളായി മാറും.
ലോകത്തോടു വിടപറയുന്നവർ
ജൈവവൈവിധ്യശോഷണത്തിന്റെ വിവിധ കാരണങ്ങൾ നാം പരിചയപ്പെട്ടു. വിവിധ കാരണങ്ങളാൽ വംശനാശഭീഷണി നേരിടുന്ന ചില ജീവികളെ പരിചയപ്പെടാം.
വരയാട്
തെക്കൻ പശ്ചിമഘട്ട മലനിരകളിലെ ചോല വനങ്ങളിൽ കണ്ടുവരുന്ന സസ്തനിയാണ് വരയാടുകൾ. രോമത്തിനും മാംസത്തിനുമായി ഇവയെ വേട്ടയാടുന്നതിനാൽ ഇവ വംശനാശഭീഷണി നേരിടുന്നു. ഇവയുടെ കൊന്പുകൾ പിന്നിലേക്ക് വളഞ്ഞ് കാണപ്പെടുന്നു. ഇരവികുളം നാഷണൽ പാർക്ക് ഇവയുടെ സംരക്ഷണകേന്ദ്രമാണ്.
മലമുഴക്കി വേഴാന്പൽ
കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാനപക്ഷിയാണ് മലമുഴക്കി വേഴാന്പൽ. മലകളിൽ പ്രതിധ്വനിക്കുമാറുള്ള ശബ്ദവും ശക്തമായ ചിറകടി ഒച്ചയുമാണ് ഇവയ്ക്കു മലമുഴക്കി വേഴാന്പൽ എന്ന പേര് സമ്മാനിച്ചത്. ആവാസവ്യവസ്ഥകളുടെ നാശവും വേട്ടയാടലും ഇവയുടെ എണ്ണം കുറയാൻ കാരണമായി. വാഴച്ചാലിൽ ഇവയുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നു.
അശോകമരം
അമിതമായ ചൂഷണം കാരണം വംശനാശഭീഷണി നേരിടുന്ന സസ്യമാണ് അശോകമരം. ആറു മുതൽ ഒന്പതു വരെ മീറ്റർ ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ തളിരിലകൾക്ക് ചുവപ്പുനിറമാണ്. ഈ സസ്യങ്ങൾ ഇന്ത്യ, ബർമ, ശ്രീലങ്ക എന്നിവിടങ്ങളിൽ കാണപ്പെടുന്നു.
വംശനാശം സംഭവിച്ചവർ
ഡോഡോ
ഇന്ത്യൻ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപുകളിലുണ്ടായിരുന്ന വലുപ്പം കൂടിയതും പറക്കാൻ കഴിയാത്തതുമായ പക്ഷികളായിരുന്നു ഡോഡോകൾ. 1505ൽ പോർച്ചുഗീസുകാർ ഈ ദ്വീപിലെത്തി. ആഹാരത്തിനായി വേട്ടയാടപ്പെട്ട ഈ പക്ഷികൾക്ക് മനുഷ്യൻ മൗറീഷ്യസിൽ കാലുകുത്തി നൂറു വർഷത്തിനുള്ളിൽ വംശനാശം സംഭവിച്ചു.
സഞ്ചാരി പ്രാവ്
19-ാം നൂറ്റാണ്ടിൽ ഇവയുടെ എണ്ണം 500 കോടിയായിരുന്നു. മാംസത്തിനും തുകലിനും ഇവയെ വ്യാപകമായി വേട്ടയാടിയതോടെ ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. മാർത്ത എന്ന പേരിലറിയപ്പെട്ടിരുന്ന അവസാനത്തെ സഞ്ചാരി പ്രാവ് 1914 സെപ്റ്റംബർ ഒന്നിന് സിൻസിനാറ്റി മൃഗശാലയിൽ വച്ച് ജീവൻവെടിഞ്ഞു.
റെഡ് ഡാറ്റാ ബുക്ക്
വിവിധ രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന പരിസ്ഥിതി സംരക്ഷണ സംഘടനയാണ് ഐയുസിഎൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കണ്സർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്വറൽ റിസോഴ്സസ്) വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങൾ ഐയുസിഎനിന്റെ നേതൃത്വത്തിൽ തയാറാക്കുന്നതാണ് റെഡ് ഡാറ്റാ ബുക്ക്. ചില രാജ്യങ്ങൾ സ്വന്തം നിലയിൽ റെഡ് ഡാറ്റാ ബുക്ക് തയാറാക്കുന്നുണ്ട്. ഈ പുസ്തകത്തിൽ ഓരോ ജീവിയെയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്.
*വംശനാശം സംഭവിച്ച ജീവിവർഗങ്ങൾ (Extinct (EX))
*ആവാസവ്യവസ്ഥയിൽ വംശനാശം സംഭവിച്ച ജീവിവർഗങ്ങൾ ( Extinct in the wild (EW))
*ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവിവർഗങ്ങൾ ( Critically endangered (CR))
*വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങൾ ( Endangered (EN))
*വംശനാശസാധ്യതയുള്ള ജീവിവർഗങ്ങൾ ( Vulnerable (VU))
*സംരക്ഷണം ആവശ്യമുള്ള ജീവിവർഗങ്ങൾ ( Near threatened (NT))
*നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗങ്ങൾ ( Least concern (LC))
*വസ്തുതകൾ അപര്യാപ്തമായ ജീവിവർഗങ്ങൾ ( Data deficient (DD))
*വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗങ്ങൾ ( Not evaluated (NE))
മതിയായ സംരക്ഷണം നല്കിയില്ലെങ്കിൽ റെഡ് ഡാറ്റാ ബുക്കിൽ പ്രതിപാദിക്കുന്ന പല ജീവജാതികളും എന്നെന്നേക്കുമായി അപ്രത്യക്ഷമായേക്കാം. ജൈവവൈവിധ്യശോഷണം എത്രത്തോളമുണ്ടെന്ന് മനസിലാക്കി സംരക്ഷണപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിന് റെഡ് ഡാറ്റാ ബുക്കിലെ വിവരങ്ങൾ സഹായകമാണ്.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്