സാംക്രമിക രോഗങ്ങൾ പകരുന്ന വിധം
സാംക്രമികരോഗത്തിനു കാരണമാകുന്ന രോഗാണുക്കൾ ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നത് പലതരത്തിലാണ്.
വായുവിലൂടെ: രോഗി സംസാരിക്കുകയും ചുമയ്ക്കുകയും തുമ്മുകയും തുപ്പുകയും മൂക്ക് ചീറ്റുകയും മറ്റും ചെയ്യുന്പോൾ അണുക്കൾ വായുവിൽ കലരുന്നു. ഈ വായു ശ്വസിക്കുന്ന ആളുകൾക്ക് രോഗബാധയുണ്ടാകുന്നു. വായുവിലൂടെ പകരുന്ന ചില രോഗങ്ങളാണ് ചിക്കൻപോക്സ്, സാർസ്, ക്ഷയം, ജലദോഷം, മുണ്ടിനീര് തുടങ്ങിയവ.
ജന്തുക്കളിലൂടെ: നായ, എലി, പക്ഷികൾ, വവ്വാലുകൾ തുടങ്ങിയവയിലൂടെ പല രോഗങ്ങളും പകരുന്നു. പേവിഷബാധ, പ്ലേഗ്, എലിപ്പനി തുടങ്ങിയവ ജന്തുക്കളിലൂടെ പകരുന്ന രോഗങ്ങളാണ്. എലി നശീകരണം, മാലിന്യനിർമാർജനം, രോഗ ബാധിതരായ ജീവികളുമായുള്ള സഹവാസം കുറയ്ക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരവസ്തുക്കൾ അടച്ചു സൂക്ഷിക്കുക എന്നിവയിലൂടെ രോഗബാധ പകരുന്നത് തടയാൻ കഴിയുന്നു.
ശരീരദ്രവങ്ങളിലൂടെ: എയ്ഡ്സ്, എബോള
മലിനജലത്തിലൂടെ: കോളറ, ടൈഫോയ്ഡ്, വയറുകടി തുടങ്ങിയ രോഗങ്ങൾ മലിനജലത്തിലൂടെ വ്യാപിക്കുന്ന രോഗങ്ങളാണ്. മലിനജലവും തുറന്നുവച്ച ഭക്ഷണവും ഒഴിവാക്കുന്നത് ഇത്തരം രോഗങ്ങളുടെ വ്യാപനം തടയുന്നു. രോഗിയുടെ മലത്തിലും ഛർദിയിലും കാണപ്പെടുന്ന രോഗാണുക്കളെ ഈച്ചയും പാറ്റയും ആഹാര വസ്തുക്കളിൽ എത്തിക്കുന്നു. ഇത്തരം രോഗാണുക്കൾ കുടിവെള്ളത്തിലും എത്തിച്ചേരുന്നു. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാരവസ്തുക്കൾ അടച്ച് സൂക്ഷിക്കുക എന്നിവയിലൂടെ രോഗം പകരുന്നത് തടയാൻ കഴിയുന്നു.
കൊതുകളിലൂടെ: ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മന്ത്, മലന്പനി, ജപ്പാൻജ്വരം,മഞ്ഞപ്പനി തുടങ്ങിയ പല സാമക്രമികരോഗങ്ങളുടെ വ്യാപനത്തിന് പ്രധാന പങ്ക് വഹിക്കുന്ന ഷഡ്പദമാണു കൊതുകുകൾ. ചിക്കുൻഗുനിയ, ഡെങ്കിപ്പനി, മഞ്ഞപ്പനി തുടങ്ങിയവ വ്യാപിപ്പിക്കുന്നത് ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകകളാണ്. അനോഫിലിസ് വിഭാഗത്തിലെ കൊതുകുകൾ മലന്പനി പകർത്തുന്നു. മന്ത്, ജപ്പാൻ ജ്വരം എന്നിവ പകർത്തുന്നത് ക്യൂലക്സ് വിഭാഗത്തിലെ കൊതുകുകളാണ്.
കൊതുകിനെ തടയാം
*ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക.
*കുളിമുറിയിലെ ഓവ് വൃത്തിയായി സൂക്ഷിക്കുക.
*വീട്ടിലെ പൂപ്പാത്രങ്ങളുടെയും പൂച്ചെട്ടികളിലെയും ജലം മാറ്റുക.
*റബർപ്പാലെടുക്കുന്ന ചിരട്ട ഉപയോഗം കഴിഞ്ഞാൽ കമഴ്ത്തി വയ്ക്കുക.
*വെള്ളമെടുക്കുന്ന പാത്രങ്ങളെല്ലാം കമിഴ്ത്തി വയ്ക്കുക.
*കൊതുകുവലകൾ ഉപയോഗിക്കുക.
*കൊതുകു നശീകരണികൾ ഉപയോഗിക്കുക.
*വെള്ളം കെട്ടിക്കിടക്കത്തക്ക രീതിയിൽ കളിപ്പാട്ടങ്ങൾ, ചിരട്ട, ടയർ, കൊക്കോതൊണ്ട്, കുപ്പികൾ, പ്ലാസ്റ്റിക് *കവറുകൾ തുടങ്ങിയ വസ്തുക്കൾ വലിച്ചെറിയാതിരിക്കുക.
ഓഗസ്റ്റ് 20 കൊതുകിനുവേണ്ടി ഒരു ദിനം
കൊതുകുകളെ വളർത്താനല്ല ഈ ദിനം ആചരിക്കുന്നത്. കൊതുകുകൾ പെരുകുന്നതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ബോധവത്കരിക്കുന്നതിനാണ് ഈ ദിനാചരണം. മലന്പനിക്ക് കാരണമായ പ്ലാസ്മോഡിയത്തെ അനോഫിലിസ് എന്ന ഇനം കൊതുകിന്റെ ഉദരത്തിൽനിന്ന് റൊണാൾഡ് റോസ് കണ്ടെത്തിയത് 1897 ഓഗസ്റ്റ് 20നായിരുന്നു.
ഈഡിസ്
പിൻകാലുകൾ മുകളിലേക്ക് ഉയർന്നിരിക്കുന്നു, കാലിലും ഉദരത്തിലും വെളുത്ത അടയാളങ്ങൾ, തല ചെറുതായി താഴ്ന്നിരിക്കുന്നു.
അനോഫിലിസ്
പിൻകാലുകൾ വലിച്ചു നീട്ടി വച്ചിരിക്കുന്നു. മെലിഞ്ഞ ശരീരം, ചിറകിൽ കറുത്ത പുള്ളികൾ.
ക്യൂലക്സ്
പിൻകാലുകൾ മുകളിലേക്ക് ഉയർന്നിരിക്കുന്നു, ചിറകിൽ പുള്ളികളില്ല, ഉദരത്തിൽ ചെറിയ ശൽക്കങ്ങൾ കാണപ്പെടുന്നു.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്