കയ്പമംഗലം പഞ്ചായത്തിലെ ചളിങ്ങാട് സ്വദേശി ഇഷാൻ ഫാറൂഖ് നന്മനിറഞ്ഞ പ്രവൃത്തിയിലൂടെ നാട്ടിലേയും സ്കൂളിലേയും താരമായി മാറിയിരിക്കുകയാണ്.
താൻ പഠിക്കുന്ന കയ്പമംഗലം ആർസി യുപി വിദ്യാലയത്തിലെ നിർധന വിദ്യാർഥിക്കാണ് ഉപയോഗശൂന്യമായ സൈക്കിൾ നന്നാക്കി ഇഷാൻ ഫാറൂഖ് സൗജന്യമായി സമ്മാനിച്ചത്. സ്കൂളിലെ വിദ്യാർഥികളുടെ സൈക്കിൾ പണമൊന്നും വാങ്ങാതെ നന്നാക്കി നൽകുകയും ചെയ്തു.
ഇത്തരത്തിലുള്ള നന്മനിറഞ്ഞ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനു മികച്ച മാതൃകയൊരുക്കിയിരിക്കുകയാണ് ഈ ഏഴാം ക്ലാസുകാരൻ. ചളിങ്ങാട് ഇല്ലത്തുപറന്പിൽ ഇല്യാസിന്റയും ജാസ്മിന്റേ യും മകനായ ഇഷാൻ ഫാറൂഖ് കഴിഞ്ഞ കോവിഡ് കാലത്താണ് സൈക്കിളുകൾ റിപ്പയർ ചെയ്തു കൊടുക്കൽ ആരംഭിച്ചത്.
പിതാവായ ഇല്യാസ് വീട്ടിൽ വച്ച് സൈക്കിളുകളും ബൈക്കുകളും നന്നാക്കുന്നത് കണ്ടിരുന്ന ഇഷാന് ചെറുപ്പത്തിലേ തന്നെ സൈക്കിളുകളോടും അത് നന്നാക്കുന്നതിനോടും താല്പര്യമുണ്ടായിരുന്നു. ഇഷാൻ തന്റെ ആഗ്രഹം അറിയിച്ചപ്പോൾ എല്ലാവിധ പിന്തുണയും വീട്ടുകാർ നൽകി. വീടിനു പടിഞ്ഞാറുഭാഗത്ത് സൈക്കിൾ റിപ്പയറിംഗ് ചെയ്യാനായി മുറി ഒരുക്കി കൊടുക്കുകയായിരുന്നു.
കുറച്ച് സ്പാൻഡറുകൾ ഉൾപ്പെടെ വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അത് റിപ്പയറിംഗ് നടത്താൻ പര്യാപ്തമായിരുന്നില്ല. പോരാത്ത ഉപകരണങ്ങളും മറ്റും ഈ കുട്ടി മെക്കാനിക്ക് വാങ്ങുകയായിരുന്നു. ആദ്യം ബന്ധുക്കളുടെ സൈക്കിളുകൾ റിപ്പയർ ചെയ്തായിരുന്നു തുടക്കം. പിന്നീട് സുഹൃത്തുക്കളും സമീപത്തുള്ളവരും സൈക്കിൾ നന്നാക്കാൻ ഈ ഏഴാം ക്ലാസുകാരന്റെ അടുത്ത് എത്തുകയായിരുന്നു. സ്ക്രാപ്പ് വിൽപ്പനക്കാരിൽ നിന്നും മറ്റു വീടുകളിൽ ഉപയോഗിച്ച് ശൂന്യമായിരിക്കുന്ന സൈക്കിളുകളും കൊണ്ടുവന്നു നന്നാക്കി വിലകുറച്ച് വിൽപ്പന നടത്തി വരുകയാണ് ഇഷാൻ.
ടയറുകൾ ഉൾപ്പെടെയുള്ള അത്യാവശ്യം സ്പെയർ പാർട്സുകൾ ഇവിടെയുണ്ട്. പോരാത്തത് പുറമേ നിന്ന് വാങ്ങിക്കാറാണ് പതിവ്. ഒരു തവണ സൈക്കിളിന്റെ സ്പെയർ വാങ്ങി വരുന്പോൾ അപകടത്തിൽപ്പെട്ട് ഇഷാന്റ മുഖത്തിന് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം അർസി യുപി സ്കൂളിലെ ഒരു വിദ്യാർഥിയുടെ സൈക്കിൾ നന്നാക്കി കൊടുക്കുകയും പൈസ വാങ്ങാതിരിക്കുകയും ചെയ്തിനെ തുടർന്ന് പ്രധാന അധ്യാപിക ബേബി ജോസ് പാരിതോഷികം നൽകി ആദരിച്ചിരുന്നു. രണ്ടു സൈക്കിളുകൾ നിർധനരായ വിദ്യാർഥികൾക്ക് നൽകാമെന്ന് അറിയിച്ച ഏഴാം ക്ലാസുകാരൻ ഒരു സൈക്കിൾ കൈമാറുകയും ചെയ്തു.
ആട്, മുയൽ തുടങ്ങിയവ കൃഷി ചെയ്തു വരുന്നഇഷാൻ കയ്പമംഗലം കൃഷിഭവന്റെ കീഴിലെ മികച്ച വിദ്യാർഥി കർഷകൻ കൂടിയാണ്. ഇഷാൻ ഫറൂക്ക്. ഇർഫാൻ ഫാറൂക്ക് , ഫർഹ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ ഭാവിയിൽ മികച്ച രീതിയിലുള്ള ഒരു സൈക്കിൾ റിപ്പയറിംഗ് ഷോപ്പ് ആരംഭിക്കാനാണ് കൊച്ചു മെക്കാനിക്കിന്റെ ആഗ്രഹം.
വീടിന്റെ മുൻഭാഗത്ത് നിർധനരായവർക്ക് സൗജന്യമായി സേവനം നൽകുന്ന സൈക്കിൾ റിപ്പയറിംഗ് ഷോപ്പാണ് ഈ ഏഴാം ക്ലാസുകാരന്റെ ഉദ്ദേശിക്കുന്നത്.