ചെറുവിരൽ കൊണ്ടു വിസ്മയം തീർത്ത് ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയിരിക്കുകയാണ് കരുവാരകുണ്ട് പുന്നക്കാട് സ്വദേശിനി കെ.പി. നിദ ഫാത്തിമ.
ബെന്റിംഗ് സ്മാൾ ഫിംഗർ ഇനത്തിൽ മലയാളം മഞ്ചസിന്റെ റിക്കാർഡ് തകർത്താണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനി കൂടിയായ നിദ ഫാത്തിമ ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ സ്ഥാനം പിടിച്ചത്.
ബെന്റിംഗ് സ്മാൾ ഫിംഗർ എന്നതു കേട്ടാൽ അത്ര ബുദ്ധിമുട്ട് തോന്നില്ലെങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. മലയാളം മഞ്ചസ് എന്ന യൂട്യൂബർ പത്ത് മിനിറ്റും ഏതാനും സെക്കൻഡുകളും ചെറുവിരൽ രണ്ടു വശങ്ങളിലേക്ക് പിടിച്ചു റിക്കാർഡിട്ടത് ഇനി പഴങ്കഥ. 35 മിനിറ്റും രണ്ടു സെക്കൻഡും എടുത്താണ് നിദ ഫാത്തിമ തന്റെ കൈയിലെ ചെറുവിരലുകൾ വശങ്ങളിലേക്കു പിടിച്ച് മലയാളം മഞ്ചസിന്റെ റിക്കാർഡ് മറികടന്നത്. കൗതുകത്തിനു തുടങ്ങിയത് റിക്കാർഡ് നേട്ടം വരെ എത്തിയതിന്റെ സന്തോഷത്തിലാണ് നിദ.
ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയത് മാത്രമല്ല, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയാണ് മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥിനിയായ നിദ ഫാത്തിമ. പുന്നക്കാട് മില്ലുംപടിയിലെ കിഴക്കേപറന്പിൽ അബ്ദുൾമജീദ് - ഷജീറ ദന്പതിമാരുടെ മൂന്നു മക്കളിൽ മൂത്തയാളായ നിദയ്ക്ക് പോലീസ് സബ് ഇൻസ്പെക്ടർ ആകണമെന്നാണാഗ്രഹം.