മതസൗഹാർദം നിലനിർത്തുക, ദേശസ്നേഹം വളർത്തുക തുടങ്ങിയ സന്ദേശവുമായി ചങ്ങനാശേരി എസ്ബി സ്കൂൾ വിദ്യാർഥി ഇളവരശന്റെ സൈക്കിൾ യാത്രയ്ക്ക് സ്കൂൾ കാന്പസിൽനിന്നും തുടക്കമായി.
ആയിരം കിലോമീറ്റർ സൈക്കിൾ യാത്രയ്ക്കാണ് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിയായ ഇളവരശൻ തുടക്കം കുറിച്ചത്. ചങ്ങനാശേരിയിൽനിന്നും പുനലൂർ വഴി ആര്യങ്കാവ്, ചെങ്കോട്ട, തെങ്കാശി, രാജപാളയം, മധുര, തിരുച്ചി വഴി ചെന്നൈയിലേക്കാണ് സൈക്കിൾ യാത്ര ഒരുക്കിയിരിക്കുന്നത്.
ചങ്ങനാശേരി ഒന്നാംനന്പർ ബസ് സ്റ്റാഡിനടുത്തുള്ള ആദിത്യ ടവറിനു സമീപം ചെരുപ്പു തുന്നുന്ന തമിഴ്നാട് സ്വദേശി രാജു-മാരിയമ്മ ദന്പതികളുടെ മകനാണ് ഇളവരശൻ. ഇവരുടെ കുടുംബം കുറിച്ചി മിഷൻപള്ളിക്കു സമീപം വാടകയ്ക്കു താമസിക്കുകയാണ്. തനിക്കും മാതാപിതാക്കൾക്കും ഏക സഹോദരി മഞ്ജുളയ്ക്കും വീടും സ്ഥലവും ഇല്ലെങ്കിലും നിശ്ചയദാർഢ്യമുള്ള മനസുമായാണ് ഇളവരശൻ യാത്ര നടത്തുന്നത്.
സൈക്കിൾ യാത്രയുടെ ഫ്ളാഗ് ഓഫ് കർമം ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു നടമുഖത്ത്, പ്രിൻസിപ്പൽ ഡോ. ആന്റണി മാത്യു, ഹെഡ്മാസ്റ്റർ ഫാ. റോജി വല്ലയിൽ, വാഴപ്പള്ളി പഞ്ചായത്ത് അംഗം ഷീല തോമസ്, എം.സി. മാത്യു, ലാലിച്ചൻ ജോസഫ്, ഫ്രാൻസിസ് സാലസ്, ബിജു ജോസഫ്, ബിജുമോൻ, വർഗീസ് ആന്റണി എന്നിവർ ചേർന്ന് ഇളവരശനെ യാത്രയാക്കി.