രക്തകോശങ്ങൾ പ്ലാസ്മയിലാണ് കാണപ്പെടുന്നത്. ദഹന ഫലമായുണ്ടാകുന്ന ഗ്ലൂക്കോസ്, അമിനോആസിഡുകൾ, ഫാറ്റി ആസിഡുകൾ, ഗ്ലിസറോൾ തുടങ്ങിയ ലഘു ഘടകങ്ങൾ കോശങ്ങളിലെത്തുന്നത് പ്ലാസ്മയിലൂടെയാണ്. പ്ലാസ്മയിൽ ജലവും പ്രോട്ടീനുകളും മറ്റു ഘടകങ്ങളായ കൊഴുപ്പ്, പഞ്ചസാര, ലവണങ്ങൾ, യൂറിയ, യൂറിക് ആസിഡ് എന്നിവയും അടങ്ങിയിരിക്കുന്നു. പ്ലാസ്മയിലെ പ്രധാന പ്രോട്ടീനുകൾ ആൽബുമിൻ, ഗ്ലോബുലിൻ, ഫൈബ്രിനോജൻ എന്നിവയാണ്.
അരുണരക്താണുക്കൾ
ഏഴ് മുതൽ എട്ട് വരെ മൈക്രോമീറ്റർ വ്യാസമുള്ള അരുണരക്താണുക്കൾ ഇരു പ്രതലവും പതിഞ്ഞ വൃത്താകൃതിയിലുള്ളതാണ്. ഈ പ്രത്യേക ആകൃതി സൂക്ഷ്മ ധമനികളിലൂടെ കടന്നുപോകാൻ സഹായിക്കുന്നു. അരുണരക്താണുക്കൾക്ക് ചുവപ്പുനിറം നല്‍കുന്നത് ഹീമോഗ്ലാബിൻ എന്ന പ്രോട്ടീനാണ് ശ്വാസകോശങ്ങളിൽനിന്നും ഓക്സിജനെ വഹിച്ച് എല്ലാ കോശങ്ങളിലെത്തിക്കുന്നതും കോശങ്ങളിൽനിന്ന് കാർബണ്‍ ഡയോക്സൈഡിനെ തിരികെ ശ്വാസകോശങ്ങളിലെത്തിക്കുന്നതും. ഇവയുടെ ആയുർദൈർഘ്യം 120 ദിവസമാണ്. ഇവയുടെ എണ്ണം ഒരു ക്യുബിക് മില്ലി ലിറ്റർ രക്തത്തിൽ 45 ലക്ഷം മുതൽ 65 ലക്ഷം വരെയാണ്.
രക്തത്തിനുണ്ട് നിരവധി ധർമങ്ങൾ
ശ്വാസകോശങ്ങളിൽനിന്നും ഓക്സിജനെ ശരീരകോശങ്ങളിലേക്കും തിരികെ കാർബണ്‍ ഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്കും എത്തിക്കുന്നു.
ദഹനപ്രക്രിയയക്കു ശേഷം രുപപ്പെടുന്ന ലഘുപോഷക ഘടകങ്ങളായ ഗ്ലൂക്കോസ് , അമിനോ ആസിഡ്, ഫാറ്റി ആസിഡ്, ഗ്ലിസറോൾ എന്നിവയെ ശരീരകോശങ്ങളിലെത്തിക്കുന്നു.
ശരീരകോശങ്ങളിൽ രൂപപ്പെടുന്ന വിസർജ്യ വസ്തുക്കളെ വിസർജനാവയവങ്ങളിൽ എത്തിക്കുന്നു.
പുറമെ നിന്നുള്ള രോഗാണുക്കളുടെ ആക്രമണത്തെ ചെറുത്തു നിൽക്കുന്നു.
ഹോർമോണുകൾ, എൻസൈമുകൾ, ധാതുലവണങ്ങൾ എന്നിവയുടെ വാഹകരായി പ്രവർത്തിക്കുന്നു.
അമ്ലം, ക്ഷാരം, ജലാംശം എന്നിവയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു.
ശരീരത്തിലുണ്ടാകുന്ന ചൂട് ആവശ്യാനുസരണം വിതരണം ചെയ്യുകയും താപനില മാറ്റമില്ലാതെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്