ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതു കൊണ്ട് വിഭവങ്ങളൊന്നും ഉപയോഗിക്കാതിരിക്കുക എന്നല്ല അർഥമാക്കേണ്ടത്. പ്രകൃതിക്കുമേലുള്ള കടന്നുകയറ്റം കുറയ്ക്കുക എന്നതു തന്നെയാണ് ജൈവവൈവിധ്യസംരക്ഷണത്തിനുള്ള പോംവഴി. നിലവിലുള്ള സ്വാഭാവിക ആവാസവ്യവസ്ഥകളുടെ സംരക്ഷണം, വന്യജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ, ബയോസ്ഫിയർ റിസർവുകൾ, കമ്മ്യൂണിറ്റി റിസർവുകൾ എന്നിവ സംരക്ഷിക്കണം. അപൂർവമായ സസ്യ-ജന്തുജാലങ്ങളുടെ നേർക്കുള്ള കടന്നാക്രമണത്തിനും, അനധികൃത കയറ്റുമതിക്കും തടയിടണം.
പൊതുവെ രണ്ടു രീതിയാലാണ് ജൈവവൈവിധ്യ സംരക്ഷണം നടപ്പാക്കുന്നത്. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ തന്നെ സംരക്ഷിക്കുന്ന ഇൻസിറ്റു കണ്‍സർവേഷൻ രീതിയും ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയുടെ പുറത്ത് സംരക്ഷിക്കുന്ന എക്സിറ്റു കണ്‍സർവേഷൻ രീതിയും.
ഇൻസിറ്റു കണ്‍സർവേഷൻ
ജീവിയുടെ സ്വാഭാവിക ആവാസവ്യവസ്ഥകൾ മാനുഷിക ഇടപെടലുകൾ കഴിയുന്നതും ഇല്ലാതെ സംരക്ഷിക്കുന്ന രീതിയാണിത്. ഈ രീതിയിൽ ഭക്ഷ്യശൃംഖലയിലെ മുഴുവൻ കണ്ണികളെയും സംരക്ഷിക്കാനും ആവാസ വ്യവസ്ഥയുടെ സന്തുലനം നിലനിർത്താനും പറ്റും.
*വന്യജീവി സങ്കേതങ്ങൾ
*നാഷണൽ പാർക്കുകൾ
*ബയോസ്ഫിയർ റിസർവുകൾ
*കമ്യൂണിറ്റി റിസർവുകൾ
*കണ്‍സർവേഷൻ റിസർവുകൾ
ഇവ കൂടാതെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതിനുള്ള ചില പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. - പ്രോജക്റ്റ് ടൈഗർ, പ്രോജക്ട് എലിഫന്റ്, ഗിർ ലയണ്‍ പ്രോജക്ട്.
വന്യജീവി സങ്കേതങ്ങൾ
വന്യജീവികൾക്ക് ഭയലേശമന്യേ ജീവിക്കാനും അവയെ വംശനാശഭീഷണിയിൽനിന്ന് രക്ഷിക്കാനുമുതകുന്ന സംരക്ഷിതമേഖലകളാണ് വന്യജീവി സങ്കേതങ്ങൾ. മൃഗങ്ങളുടെ സ്വൈര ജീവിതത്തിനു തടസമാകാത്ത തരത്തിലും പരിസ്ഥിതിക്കു ദോഷം വരാത്ത വിധത്തിലും മനുഷ്യന്റെ നിയന്ത്രിതമായ ഇടപെടലുകൾ ഇവിടെ അനുവദിച്ചിട്ടുണ്ട്. കർശനവ്യവസ്ഥകൾക്കു വിധേയമായി വനവിഭവങ്ങൾ ശേഖരിക്കാനും കൃഷി ചെയ്യാനും മരം വെട്ടാനും ഉതകും വിധമാണ് വന്യജീവി സങ്കേതങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്.
പതിനായിരക്കണക്കിന് വന്യജീവിസങ്കേതങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നു. ഇന്ത്യയിൽ അഞ്ഞൂറിലേറെ വന്യജീവിസങ്കേതങ്ങളുണ്ട്. ഇന്ത്യയിൽ ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹങ്ങളിലാണ് ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ളത്. പാന്പ് ദ്വീപ്, ഓർക്കിഡ് ദ്വീപ്, മുട്ട ദ്വീപ്, മുള ദ്വീപ്, മണൽ ദ്വീപ്, കടലാമ ദ്വീപ് ഇവ ആൻഡമാൻ - നിക്കോബാർ ദ്വീപസമൂഹങ്ങളിലെ ചില വന്യജീവി സങ്കേതങ്ങളാണ്.
കേരളത്തിലെ ചില വന്യജീവിസങ്കേതങ്ങൾ - ചൂലന്നൂർ മയിൽ സങ്കേതം, കുറിഞ്ഞിമല സങ്കേതം ( നിലകുറിഞ്ഞിക്കു വേണ്ടി), ചെന്തുരുണി സങ്കേതം (ചെങ്കുറുഞ്ഞി മരങ്ങൾക്കു വേണ്ടി), ചിന്നാർ സങ്കേതം ( ചാര മലയണ്ണാനും നക്ഷത്ര ആമകൾക്കും വേണ്ടി), മംഗള വനം (പക്ഷിസങ്കേതം), തട്ടേക്കാട് ( പക്ഷിസങ്കേതം)
നാഷണൽ പാർക്കുകൾ
വന്യജീവി സംരക്ഷണകേന്ദ്രങ്ങൾ എന്നതിലുമപ്പുറം ആ മേഖലയിലെ ചരിത്ര സ്മാരകങ്ങൾ, പൈതൃകമായി ലഭിച്ച പ്രകൃതിവിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിങ്ങനെ എല്ലാ ഘടകങ്ങളുടെയും ദീർഘകാലാടിസ്ഥാനത്തിലുള്ള സംരക്ഷണം ലക്ഷ്യമാക്കി രൂപീകരിക്കുന്നവയാണ് നാഷണൽ പാർക്കുകൾ. ഇവയുടെ പ്രഖ്യാപനം മിക്കവാറും ഏതെങ്കിലും ഒരു പ്രദേശത്തെ പ്രത്യേക ജീവജാലങ്ങളെയും അവയുടെ വൈവിധ്യത്തെയും അതോടൊപ്പം അവിടത്തെ അപൂർവമായ പരിസ്ഥിതി ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. വനങ്ങളിൽ സാധാരണയായി കാണപ്പെടുന്ന കാലിമേയ്ക്കൽ, മീൻ പിടിത്തം, മറ്റു വികസന പദ്ധതികൾ എന്നിവ ഇവിടെ പൂർണമായും നിരോധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ നാഷണൽ പാർക്കാണ് ജമ്മു കാശ്മീർ സംസ്ഥാനത്തിന്റെ കിഴക്കൻ ലഡാക്ക് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഹെമിസ് നാഷണൽ പാർക്ക്. ഗോംപ എന്നറിയപ്പെടുന്ന ഹെമിസ് ബുദ്ധവിഹാരം ഇവിടത്തെ പ്രത്യേകതയാണ്.
ബയോസ്ഫിയർ റിസർവുകൾ
ലോകത്തിലെ പ്രധാനപ്പെട്ട ആവാസ വ്യവസ്ഥകളെയും ജൈവവൈവിധ്യത്തെയും ജനിതക സ്രോതസുകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെട്ട വിശാലമായ ഭൂപ്രദേശമാണ് ബയോസ്ഫിയർ റിസർവ്. ഒരു ബയോസ്ഫിയർ റിസർവിൽ നിരവധി നാഷണൽ പാർക്കുകളും വന്യജീവി സങ്കേതങ്ങളും കാണപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവാണ് നീലഗിരി ബയോസ്ഫിയർ റിസർവ്. ഈ റിസർവ് കേരളം, തമിഴ്നാട്, കർണാടകം എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്നു. വയനാട്, മുതുമല എന്നീ വന്യജീവി സങ്കേതങ്ങളും സൈലന്റ് വാലി, നാഗർഹോള, മുക്കൂർത്തി എന്നീ നാഷണൽ പാർക്കുകളും നീലഗിരി ബയോസ്ഫിയർ റിസർവിൽ ഉൾപ്പെടുന്നു.
കമ്യൂണിറ്റി റിസർവുകൾ
വ്യക്തികളുടെയോ സമൂഹത്തിന്റെയോ താൽപ്പര്യപ്രകാരം വന്യജീവി സങ്കേതങ്ങളോ നാഷണൽ പാർക്കുകളോ ബയോസ്ഫിയർ റിസർവോ അല്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നതാണ് കമ്യൂണിറ്റി റിസർവുകൾ. ജനവാസകേന്ദ്രങ്ങൾക്കിടയിലെ പരിസ്ഥിതി പ്രാധാന്യമേറിയ പ്രദേശങ്ങളാണിവ. കേരളത്തിലെ ഒരോയൊരു കമ്യൂണിറ്റി റിസർവാണ് കടലുണ്ടി - വള്ളിക്കുന്ന് റിസർവ്. നിരവധിയിനം കണ്ടൽ ചെടികളുടെയും ദേശാടന പക്ഷികളുടെയും ആവാസകേന്ദ്രമാണിത്.
കണ്‍സർവേഷൻ റിസർവുകൾ
വന്യജീവി സങ്കേതങ്ങൾ, നാഷണൽ പാർക്കുകൾ തുടങ്ങി നിലവിലെ സംരക്ഷിതകേന്ദ്രങ്ങളോടു ചേർന്ന് സ്ഥിതി ചെയ്യുന്നതോ, അവയെ തമ്മിൽ ബന്ധിപ്പിക്കുന്നതോ ആയ പ്രദേശങ്ങളാണ് കണ്‍സർവേഷൻ റിസർവുകൾ. ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച കണ്‍സർവേഷൻ റിസർവാണ് തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്തുള്ള തിരുവിദൈമരുതൂർ. നാനൂറിലധികം പക്ഷികളുടെ സംരക്ഷണമാണ് പൊതുജനപങ്കാളിത്തത്തോടെ ഇവിടെ സാധ്യമായത്.
എക്സിറ്റു കണ്‍സർവേഷൻ
വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ കുറച്ചെണ്ണത്തിനെ അവയുടെ തനത് ആവാസവ്യവസ്ഥയിൽനിന്നു മാറ്റി സംരക്ഷിതമായ രീതിയിൽ കൃത്രിമമായ സാഹചര്യങ്ങളൊരുക്കി സംരക്ഷിക്കുന്ന രീതിയാണ് എക്സിറ്റു കണ്‍സർവേഷൻ. സുവോളജിക്കൽ ഗാർഡനുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ, ജീൻ ബാങ്കുകൾ എന്നിവ ഈ രീതിക്ക് ഉദാഹരണങ്ങളാണ്.
സുവോളജിക്കൽ ഗാർഡനുകൾ
വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ സംരക്ഷണകേന്ദ്രം. വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജന്തുക്കളെ പ്രത്യേകമായി പാർപ്പിച്ച് പരിപാലിക്കുകയും വംശവർധനയ്ക്കു വേണ്ട സാഹചര്യങ്ങളൊരുക്കുകയും ചെയ്യുന്ന കേന്ദ്രങ്ങളാണിവ. കേരളത്തിൽ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ സുവോളജിക്കൽ ഗാർഡനുകളുണ്ട്.
ബൊട്ടാണിക്കൽ ഗാർഡനുകൾ
വൈവിധ്യമാർന്ന സസ്യജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള സംരക്ഷണ കേന്ദ്രങ്ങളാണ ബൊട്ടാണിക്കൽ ഗാർഡനുകൾ. ഇവിടയുള്ള സസ്യങ്ങൾക്ക് അവയുടെ വിവിരങ്ങൾ അടങ്ങിയ ബോർഡുകളുണ്ടാകും. അതിലൂടെ ഒട്ടുമിക്ക സസ്യങ്ങളെ തിരിച്ചറിയുന്നതിനും അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സാധിക്കുന്നു. തിരുവനന്തപുരത്ത് പാലോടുള്ള ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് ഒളവണ്ണയിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവ ഉദാഹരണങ്ങളാണ്.
ഇന്ത്യയിലെ ചില നാഷണൽ പാർക്കുകൾ
അസമിലെ കാസിരംഗ (ഒറ്റക്കൊന്പൻ കാണ്ടാമൃഗം, കടുവ, കാട്ടെരുമ, ചതുപ്പുമാനുകൾ ), കർണാടകത്തിലെ ബന്ദിപ്പൂർ ( കടുവകൾ), തമിഴ്നാടിലെ ഗൾഫ് ഓഫ് മാനാർ (ഡോൾഫിനുകൾ, തിമിംഗലങ്ങൾ, കടൽപ്പശുക്കൾ), രാജസ്ഥാനിലെ സരിസ്ക ( ബംഗാൾ കടുവ, പുള്ളിപ്പുലി, കാട്ടുപൂച്ച, മ്ലാവ്, നീലക്കാള, റീസസ് കുരങ്ങ്, ഹനുമാൻ കുരങ്ങ്).
കേരളത്തിലെ ആറു നാഷണൽ പാർക്കുകൾ
ഇരവികുളം, പെരിയാർ, ആനമുടി ചോല, മതികെട്ടാൻ ചോല, പാന്പാടും ചോല ( ഇവയെല്ലാം ഇടുക്കി ജില്ലയിൽ), സൈലന്റ് വാലി (പാലക്കാട് ജില്ല).
എം. നിസാർ അഹമ്മദ്
ഗവ. എച്ച്എസ്എസ്, വെഞ്ഞാറമ്മൂട്