വിപണിയിൽ തിരിച്ചുവരവ്
Thursday, July 24, 2025 12:36 AM IST
മുംബൈ: ഒരു ദിവസത്തെ നേരിയ ഇടിവിനുശേഷം ഇന്ത്യൻ ഓഹരി വിപണികൾ ശക്തമായ തിരിച്ചുവരവ് നടത്തി. യുഎസും ജപ്പാനും വ്യാപാര കരാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളുടെ പിൻബലത്തിലാണ് ഇന്നലെ ഓഹരി സൂചികകൾ ഉയർന്നത്.
ഏഷ്യൻ വിപണികളിലെ ഉറച്ച വാങ്ങൽ പ്രവണതകളും കോർപറേറ്റ് കന്പനികളുടെ വരുമാനത്തെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസവും നിക്ഷേപകരുടെ പ്രതീക്ഷകൾ ഉയർത്തി.
ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഓട്ടോമൊബൈൽ, ആരോഗ്യ സംരക്ഷണ മേഖലകളിലെ വാങ്ങലുകൾ വിപണിക്കു കരുത്ത് നൽകി.
ബിഎസ്ഇ സെൻസെക്സ് 539.83 പോയിന്റ് (0.66%) ഉയർന്ന് 82,726.64ൽ വ്യാപാരം പൂർത്തിയാക്കി. ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികളിൽ വാങ്ങൽ താത്പര്യം ഉയർന്നതോടെ വ്യാപാരത്തിനിടെ സെൻസെക്സ് 82,786.43 പോയിന്റ് വരെ ഉയർന്നു. എൻഎസ്ഇ നിഫ്റ്റി 159 പോയിന്റ് (0.63%) ലാഭത്തിൽ 25,219.90ൽ വ്യാപാരം അവസാനിപ്പിച്ചു.
ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ബജാജ് ഫിൻസെർവ്, മാരുതി സുസുക്കി, ശ്രീറാം ഫിനാൻസ്, അപ്പോളോ ഹോസ്പിറ്റൽസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇറ്റേണൽ എന്നിവയുടെ ഓഹരികൾ നേട്ടം കൊയ്തു. ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഫോസിസ്, അൾട്രാടെക് സിമന്റ്സ് എന്നിവയുടെ ഓഹരികൾ താഴ്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.
നേട്ടത്തിനുള്ള പ്രധാന കാരണങ്ങൾ
യുഎസ്-ജപ്പാൻ വ്യാപാരകരാർ: യുഎസ്എയും ജപ്പാനും തമ്മിലുള്ള വ്യാപാര കരാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഏഷ്യൻ വിപണികളിലുടനീളം നിക്ഷേപകരുടെ വാങ്ങൽ വികാരം മെച്ചപ്പെട്ടു. ജപ്പാനിൽ നിന്നുള്ള വാഹനങ്ങൾ ഉൾപ്പെടെ എല്ലാ ഇറക്കുമതികൾക്കും 15 ശതമാനം തീരുവ ഉൾപ്പെടുന്ന കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. യുഎസ്-ജപ്പാൻ വ്യാപാര കരാറിൽ അമേരിക്കയിൽ 550 ബില്യണ് ഡോളറിന്റെ ജാപ്പനീസ് നിക്ഷേപവും ഉൾപ്പെടുന്നു.
ശക്തമായ ആഗോള സൂചനകൾ: യുഎസ്-ജപ്പാൻ വ്യാപാരകരാർ പ്രഖ്യാപിച്ചതിനെത്തുടർന്ന് ദക്ഷിണകൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ 225, ഷാങ്ഹായിയുടെ എസ്എസ്ഇ കോംപോസിറ്റ്, ഹോങ്കോംഗിന്റെ ഹാങ് സെങ് സൂചികകൾ ലാഭത്തിലാണ് വ്യാപാരം നടത്തിയത്.
ചൊവ്വാഴ്ച യുഎസ് മാർക്കറ്റുകളും പോസിറ്റീവ് നിലയിലാണ് വ്യാപാരം പൂർത്തിയാക്കിയത്.കോർപറേറ്റ് വരുമാനം: ബാങ്കിംഗ്, ഡിജിറ്റൽ വിഭാഗങ്ങളിലെ ആദ്യ പാദ ഫലങ്ങൾ സ്ഥിരതയുള്ള പ്രകടനത്തെ സൂചിപ്പിക്കുന്നു.
വോളറ്റിലിറ്റി സൂചികയിലെ ഇടിവ്: ഇന്ത്യൻ വിപണിയുടെ ചാഞ്ചാട്ടങ്ങളുടെ സൂചികയായ ഇന്ത്യ വിക്സ് രണ്ടു ശതമാനത്തോളം താഴ്ന്ന് 10.54ലെത്തി.
താഴ്ന്ന വിക്സ് സാധാരണയായി വിപണിയിലെ അനിശ്ചിതത്വത്തിന്റെ കുറവിനെ പ്രതിഫലിപ്പിക്കുന്നു. ഇത് ഓഹരി വാങ്ങലിനെ പിന്തുണയ്ക്കുന്നു.