1654 കോടി രൂപയുടെ നിയമലംഘനം; മിന്ത്രയ്ക്കെതിരേ ഇഡി കേസെടുത്തു
Thursday, July 24, 2025 12:36 AM IST
ന്യൂഡൽഹി: ഫാഷൻ ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്രയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിദേശ നാണയ വിനിമയ ചട്ട(ഫെമ) ലംഘന പ്രകാരം കേസെ ടുത്തു. ഫെമ നിയമത്തിലെ വകുപ്പ് 6(3) പ്രകാരമുള്ള വ്യവസ്ഥകൾ മറികടന്ന് 1654.35 കോടി രൂപയുടെ നിയമലംഘനം മിന്ത്ര നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപ (ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ്) ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇ-കൊമേഴ്സ് വെബ്സൈറ്റായ മിന്ത്രക്കെതിരേ ഇഡി കേസെടുത്തത്.
മൊത്തക്കച്ചവടത്തിന്റെ മറവിൽ വിവിധ ബ്രാൻഡുകളിലൂടെ കന്പനി ചില്ലറക്കച്ചവടം ചെയ്യുകയാണെന്ന് ഇഡി ആരോപിക്കുന്നു. ഫ്ളിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് മിന്ത്ര.
ഹോൾസെയിൽ കാഷ് ആൻഡ് ക്യാരി ബിസിനസ് എന്ന വ്യാജേന മിന്ത്ര ഡിസൈൻസ് പ്രൈവറ്റ് ലിമിറ്റഡും സഹ കന്പനികളും മൾട്ടി ബ്രാൻഡ് റീട്ടെയിൽ ട്രേഡ് (എംബിആർടി) രീതികളാണ് അവലംബിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനമാണ്.- ഇഡി വ്യക്തമാക്കി.
മൊത്തം വ്യാപാരത്തിനെന്ന് അവകാശപ്പെട്ട് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുകയും ഇവരിൽനിന്ന് 1,654.35 കോടി രൂപയ്ക്ക് തുല്യമായ എഫ്ഡിഐ സ്വീകരിക്കുകയും ഉപഭോക്താക്കളുമായി നേരിട്ടുള്ള വിൽപ്പന നടത്തുകയും ചെയ്തെന്നാണ് ആരോപണം. മിന്ത്ര തങ്ങളുടെ സാധനങ്ങളുടെ ഭൂരിഭാഗവും വെക്ടർ ഇ-കൊമേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനു വിറ്റു.
വെക്ടർ ഇ കൊമേഴ്സ് പ്രൈവറ്റ് വഴിയാണ് റീട്ടെയിൽ വില്പന നടത്തിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു. വെക്ടർ ഇ-കൊമേഴ്സ് മിന്ത്രയുമായി ബന്ധമുള്ളതാണെന്നും ഇഡി കണ്ടെത്തി.
ഒരേസമയം മൊത്തവ്യാപാര(ബിടുബി)വും ചില്ലറ വ്യാപാര(ബിടുസി)വും നടത്തി നിയമങ്ങൾ മറികടക്കാൻ ഈ സംവിധാനം ഉപയോഗിച്ചതായും ഇഡി ആരോപിക്കുന്നു.
2010ൽ പ്രാബല്യത്തിലായ എഫ്ഡിഐ ഭേദഗതി പ്രകാരം മൊത്ത വ്യാപാര വില്പനയുടെ 25 ശതമാനം മാത്രമേ അനുബന്ധ ഗ്രൂപ്പ് കന്പനികൾക്ക് നൽകാൻ കഴിയൂ. ഈ പരിധി മിന്ത്ര ലംഘിച്ചതായാണ് പ്രധാന ആരോപണം.