സൂചികയിൽ നഷ്ടദിനം
Friday, July 25, 2025 2:31 AM IST
മുംബൈ: ഒരു ദിവസത്തെ ഉയർച്ചയ്ക്കുശേഷം ഇന്ത്യൻ സൂചികകൾ ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്തു. 2026 സാന്പത്തികവർഷത്തെ ആദ്യപാദത്തെ വരുമാനത്തിലുണ്ടായ കുറവു കാരണം ഐടി ഓഹരികൾ താഴേക്കു പോയതും ആഗോള സൂചനകളിൽ നിക്ഷേപകർ പുലർത്തുന്ന ജാഗ്രതയും സൂചികകളുടെ ഇടിവിനു കാരണമായി. കന്പനികളുടെ ഒന്നാം പാദ വരുമാനം പ്രഖ്യാപിക്കുന്നതിനിടെ ഐടി, റിയൽറ്റി, ഉപഭോക്തൃവസ്തുക്കൾ (എഫ്എംസിജി), ഉൗർജം മേഖലകളിലെ ഓഹരികളിൽ കനത്ത വിൽപ്പനയാണ് നടന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിൽ സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പുവച്ചത് വിപണിയെ സ്വാധീനിച്ചില്ല.
വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 680 പോയിന്റിലധികം ഇടിഞ്ഞപ്പോൾ, നിഫ്റ്റി 25,050ന് താഴെയായി. വ്യാപാരം അവസാനിച്ചപ്പോഴേക്കും ബിഎസ്ഇ സെൻസെക്സ് 542 പോയിന്റ് (0.66%) ഇടിഞ്ഞ് 82,184ലും എൻഎസ്ഇ നിഫ്റ്റി 158 പോയിന്റ് (0.63%) നഷ്ടത്തിൽ 25,062ലും എത്തി.
ബിഎസ്ഇയിൽ വ്യാപാരം നടത്തിയ 4221 ഓഹരികളിൽ 1645 എണ്ണം നേട്ടത്തിലെത്തിയപ്പോൾ 2410 എണ്ണം നഷ്ടത്തിലായി. 166 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ വിപണി മൂലധനം ഒരു ദിവസംകൊണ്ട് 2.3 ലക്ഷം കോടി രൂപ ഇടിഞ്ഞ് 458.05 ലക്ഷം കോടിയിലെത്തി.
മേഖല സൂചികകളിൽ 2.21 ശതമാനം താഴ്ന്ന നിഫ്റ്റി ഐടിയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. തുടർന്ന് റിയൽറ്റി (1.04%), എഫ്എംസിജി (1.12%), ഫിനാൻഷൽ സർവീസസ് (0.62%), പ്രൈവറ്റ് ബാങ്ക് (0.58%) എന്നിവയുടെ ഓഹരികളും ഇടിവ് നേരിട്ടു. പൊതുമേഖല ബാങ്ക് (1.24%), ഹെൽത്ത്കെയർ (0.65%), ഫാർമ (0.55%) എന്നിവയുടെ ഓഹരികൾ ഉയർന്നു. നിഫ്റ്റി മിഡ്കാപ് 0.58 ശതമാനവും സ്മോൾകാപ് 1.09 ശതമാനവും നഷ്ടമാണ് നേരിട്ടത്.
വിപണിയിലെ തകർച്ചയ്ക്കുള്ള കാരണങ്ങൾ
ഒന്നാം പാദത്തിലെ നിരാശാജനകമായ ഫലങ്ങൾ ഐടി ഓഹരികളുടെ ഇടിവിനു കാരണമായി. കോഫോർജ്, പെർസിസ്റ്റന്റ് സിസ്റ്റംസ് തുടങ്ങിയ ഓഹരികൾ യഥാക്രമം ഒന്പത് മുതൽ എട്ട് ശതമാനം വരെ ഇടിഞ്ഞു. ഒന്നാം പാദ വരുമാനത്തിലെ കുറവിനെത്തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾ 1.4 ശതമാനമാണ് താഴ്ന്നത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫെഡറൽ റിസർവ് സന്ദർശിക്കുമെന്ന പ്രഖ്യാപനം വിപണിയെ സ്വാധീനിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനെതിരേ സമ്മർദം ചെലുത്താനുള്ള നീക്കങ്ങൾ അദ്ദേഹം ശക്തമാക്കി. രണ്ടു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് യുഎസ് പ്രസിഡന്റ് യുഎസ് കേന്ദ്രബാങ്കിലേക്ക് ഒൗദ്യോഗിക സന്ദർശം നടത്തുന്നത്.
ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വം വിപണിയെ ബാധിച്ചു. ഓഗസ്റ്റ് ഒന്നിന് അവസാനിക്കു ന്ന സമയപരിധിക്ക് മുന്പ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഒരു ഇടക്കാല വ്യാപാര കരാറിന്റെ പ്രതീക്ഷകൾ മങ്ങി.
രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വ്യാപാര പ്രതിനിധിസംഘം വാഷിംഗ്ടണിൽ നടന്ന അഞ്ചാം റൗണ്ട് ചർച്ചകളിൽ നിന്ന് ഒരു വഴിത്തിരിവും ഉണ്ടാക്കാതെ മടങ്ങി.