ഇൻഫോസിസ് ഓഹരികൾ മടക്കിവാങ്ങുന്നു
Saturday, September 13, 2025 12:16 AM IST
ബംഗളൂരു: ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കന്പനികളിലൊന്നായ ഇൻഫോസിസ് ‘ഓഹരി ബൈബാക്ക്’ നടപടിയിലേക്ക് കടക്കുന്നു. 18,000 കോടി രൂപയുടെ ഓഹരികളാണ് തിരിച്ചുവാങ്ങുന്നത്.
നിലവിലെ വിലയേക്കാൾ 19% അധികമായി (പ്രീമിയം) ഒന്നിന് 1,800 രൂപയ്ക്കായിരിക്കും ബൈബാക്ക്. ഇങ്ങനെ 10 കോടി ഓഹരികൾ ആകെ 18,000 കോടി രൂപയ്ക്കാണ് തിരികെ വാങ്ങുന്നത്; ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്ക്. ഓഹരി ബൈബാക്കിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. അതിനുമുൻപ് ഓഹരികൾ സ്വന്തമാക്കാനുള്ള തിരക്കിലാണ് നിക്ഷേപകർ. നിലവിൽ 26 ലക്ഷം ഓഹരി ഉടമകളാണ് ഇൻഫോസിസിനുള്ളത്.
നിലവിൽ പൊതുവിപണിയിലുള്ള കന്പനിയുടെ ഓഹരികളിൽ 2.41 ശതമാനമാണ് മടക്കിവാങ്ങുന്നതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ഇൻഫോസിസ് വ്യക്തമാക്കി. ഓഹരി തിരികെ വാങ്ങാനുള്ള നീക്കത്തിന് യുഎസ് ഓഹരി വിപണികളുടെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) അനുമതി ലഭിച്ചെന്നും കന്പനി അറിയിച്ചു.
ഓഹരി തിരികെ വാങ്ങുന്നത് അഞ്ചാം തവണ
ഇൻഫോസിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബാക്കാണ് നടക്കുന്നത്. ഇതിനുമുന്പ് നാലു തവണ ഇൻഫോസിസ് ഓഹരി ബൈബാക്ക് നടത്തി. 2017ലാണ് ഓഹരി മടക്കിവാങ്ങൽ ആരംഭിച്ചത്. അന്ന് 13000 കോടി രൂപയുടെ ഓഹരികൾ വാങ്ങി. 2019ൽ 8260 കോടി, 2021ൽ 9200 കോടി, 2022ൽ 9300 കോടി രൂപ എന്നിങ്ങനെയായിരുന്നു മടക്കി വാങ്ങലുകൾ.