ടാറ്റ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: എൻ. ചന്ദ്രശേഖരൻ
Wednesday, October 16, 2024 12:22 AM IST
ന്യൂഡൽഹി: ഉത്പാദന രംഗത്ത് അഞ്ചുവർഷത്തിനകം ടാറ്റ ഗ്രൂപ്പ് അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ചെയർമാൻ എൻ. ചന്ദ്രശേഖരൻ.
സെമി കണ്ടക്ടറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, ബന്ധപ്പെട്ട വ്യവസായങ്ങൾ എന്നീ മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നും എൻ ചന്ദ്രശേഖരൻ പറഞ്ഞു. ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത രാഷ്ട്രമാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ ഉത്്പാദന മേഖലയുടെ പ്രാധാന്യം ചന്ദ്രശേഖരൻ എടുത്തുപറഞ്ഞു. ഉൽപ്പാദനമേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ, വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓരോ മാസവും ഏകദേശം പത്തുലക്ഷം യുവാക്കളാണ് ഇന്ത്യയിൽ തൊഴിൽ രംഗത്തേക്ക് കടന്നുവരുന്നത്. രാജ്യത്തിന്റെ ഭാവി വളർച്ചയ്ക്ക് ഉത്പാദനരംഗത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സെമികണ്ടക്ടർ, അസംബ്ലി, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററികൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിലെ ടാറ്റ ഗ്രൂപ്പിന്റെ നിക്ഷേപങ്ങളുടെ ഫലമായി അടുത്ത അഞ്ച് വർഷത്തിനകം ഉത്പാദന മേഖലയിൽ അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ടാറ്റ ഗ്രൂപ്പിന്റെ ആസാമിൽ വരാനിരിക്കുന്ന സെമി കണ്ടക്ടർ പ്ലാന്റും ഇവികൾക്കും ബാറ്ററികൾക്കുമുള്ള മറ്റ് നിർമാണ യൂണിറ്റുകളുമായിരിക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.