യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി
Thursday, October 10, 2024 1:35 AM IST
ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് സൗകര്യമായ യുപിഐയിൽ വൻ ഇളവുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പിൻലെസ് ഇടപാടുകൾ സുഗമമായി നടത്താൻ സഹായിക്കുന്ന യുപിഐ ലൈറ്റ് വഴി നടത്താനാകുന്ന ഓരോ ഇടപാടിന്റെയും പരിധി 500 രൂപയിൽനിന്ന് 1,000 രൂപയായി ഉയർത്തി.
യുപിഐ ലൈറ്റ് വാലറ്റിൽ സൂക്ഷിക്കാവുന്ന പണത്തിന്റെ പരിധി 5,000 രൂപയായും വർധിപ്പിച്ചിട്ടുണ്ട്. യുപിഐ ലൈറ്റിന്റെ വാലറ്റ് പരിധി നേരത്തേ 2,000 രൂപയായിരുന്നു. യുപിഐ123പേയുടെ പരിധി 10,000 രൂപയായി ഉയരും. നേരത്തേ പരമാവധി തുക 5,000 രൂപയായിരുന്നു.
പിൻ നൽകാതെതന്നെ ചെറിയ മൂല്യമുള്ള ഇടപാടുകൾ നടത്താൻ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. പിൻ നൽകാതെതന്നെ ഉപയോക്താവിന് ആപ്പ് തുറന്ന് പേയ്മെന്റ് നടത്താൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. ഒക്ടോബർ 31 മുതൽ യുപിഐ ലൈറ്റ് അക്കൗണ്ടിൽ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യാൻ സാധിക്കും.
ഇതിനായി ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷൻ ഉപയോഗിക്കാനാകുമെന്ന് അടുത്തിടെ നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ സർക്കുലറിൽ അറിയിച്ചിരുന്നു. ഉപയോക്താവ് തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലൻസ് സ്വയമേ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.
കൂടാതെ ഓട്ടോ ടോപ്പ്-അപ്പ് മാൻഡേറ്റ് എപ്പോൾ വേണമെങ്കിലും അസാധുവാക്കാനും കഴിയും. അതേസമയം ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യാൻ കഴിയുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
5000 രൂപയിൽനിന്ന് 10,000 രൂപയാക്കിയാണ് യുപിഐ123 പേയുടെ പരിധി ഉയർത്തിയത്. നോൺ സ്മാർട്ട് ഫോൺ/ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കും യുപിഐ ഇടപാട് നടത്താൻ സഹായിക്കുന്നതാണ് യുപിഐ123പേ.
ഫീച്ചർ ഫോണുകളിലൂടെ കോൾ സൗകര്യം ഉപയോഗിച്ച് പണമിടപാട് നടത്താവുന്ന സംവിധാനമാണ് യുപിഐ123പേ. മലയാളം ഉൾപ്പെടെ 12 പ്രാദേശിക ഭാഷകളിൽ ഈ സൗകര്യം ലഭ്യമാണ്. യുപിഐയിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുമെന്നാണ് കരുതുന്നത്.