രണ്ടു നവീന ഉത്പന്നങ്ങളുമായി മിൽമ വിപണിയിലേക്ക്
Friday, October 4, 2024 3:54 AM IST
തിരുവനന്തപുരം: കാഷ്യു വിറ്റ പൗഡർ, ടെണ്ടർ കോക്കനട്ട് വാട്ടർ എന്നീ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് മിൽമ.പുതിയ മിൽമ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ക്ഷീരവികസനമൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി നാളെ രാവിലെ 11 നു നിർവഹിക്കും. മസ്ക്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. വി. കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
ക്ഷീരസംഘങ്ങൾക്കായുള്ള ഏകീകൃത സോഫ്റ്റ് വെയർ പോർട്ടലായ ക്ഷീരശ്രീ പോർട്ടൽഓണ്ലൈൻ പാൽ സംഭരണ വിപണന ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഉത്പന്നങ്ങൾ പുറത്തിറക്കുക. കർഷകർ ക്ഷീരസംഘത്തിൽ നല്കുന്ന പാലിന്റെ അളവിനും ഗുണനിലവാരത്തിനും അനുസൃതമായി കൃത്യമായ വില നല്കുന്നതിനുള്ള ഓണ്ലൈൻ സംവിധാനമാണിത്.
കേരളത്തിന്റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച് മിൽമ അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽമ ടെണ്ടർ കോക്കനട്ട് വാട്ടർ. പ്രത്യേക സാങ്കേതികവിദ്യയുടെ മികവിൽ മനുഷ്യ കരസ്പർശമേൽക്കാതെ തയാറാക്കുന്ന ടെണ്ട ർ കോക്കനട്ട് വാട്ടർ ഒന്പതു മാസം വരെ കേടാകില്ല. 200 മില്ലി കുപ്പികളിൽ ഇളനീരിന്റെ പോഷകമൂല്യങ്ങൾ ചോർന്നുപോകാതെ തയ്യാറാക്കിയിട്ടുള്ള ടെണ്ടർ കോക്കനട്ട് വാട്ടറിന്റെ ഒരു ബോട്ടിലിന് 40 രൂപയാണ് വില.
അന്താരാഷ്ട്ര വിപണി ലക്ഷ്യം വച്ച് കശുവണ്ടിയിൽ നിന്നും അവതരിപ്പിക്കുന്ന ഉത്പന്നമാണ് മിൽമ കാഷ്യു വിറ്റ പൗഡർ. മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉത്പാദിപ്പിക്കുന്നത്. പാലിൽ ചേർത്ത് ഉപയോഗിക്കാവുന്ന ഹെൽത്ത് ഡ്രിങ്കാണ് മിൽമ കാഷ്യു വിറ്റ. ആറ് മാസം വരെ പ്രിസർവേറ്റീവുകൾ ചേർക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉത്പന്നം ചോക്ലേറ്റ്, പിസ്ത, വാനില എന്നീ ഫ്ളേവറുകളിൽ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക.