സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 56,880 രൂപ
സ്വന്തം ലേഖിക
Friday, October 4, 2024 3:54 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 7,110 രൂപയും പവന് 56,880 രൂപയുമായി.
സെപ്റ്റംബര്‍ 27 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,100 രൂപ, പവന് 56,800 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്നലെ ഭേദിച്ചത്. പുതുക്കിയ വിലയനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും ചേര്‍ത്താല്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 61, 515 രൂപ വരും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,880 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2654 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.94 ആണ്.
വരുംദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുൾ നാസര്‍ പറഞ്ഞു.