ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ഇന്ന്
Monday, September 30, 2024 11:51 PM IST
കണ്ണൂർ: ഇന്ത്യയിലെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉത്പാദന കേന്ദ്രം സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ കെൽട്രോൺ കോംപണന്റ് കോംപ്ലക്സിൽ ഇന്നു രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 42 കോടി മുതൽമുടക്കുള്ള പദ്ധതിയുടെ ആദ്യഘട്ടം 18 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്.
ഐഎസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. നാലു കോടി രൂപ ചെലവിൽ നിർമിച്ച ഡ്രൈറൂമുകളും വിദേശത്തുനിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷിനറികളും ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്നു.
നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്നു കോടി രൂപയുടെ വാർഷിക ലാഭവുമാണു പ്രതീക്ഷിക്കുന്നത്. പ്രതിദിന ഉത്പാദനശേഷി 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും. ഇതോടെ കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉത്പാദകരിലൊന്നായി മാറും.
വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. എം. വിജിൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർ പങ്കെടുക്കും.