ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Sunday, September 29, 2024 2:48 AM IST
കൊച്ചി: കേരളത്തിലെ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകള്‍ തേടി വിദേശ ടൂര്‍ ഏജന്റുമാര്‍ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ (കെടിഎം).
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗരസാമുദ്രിക കണ്വന്ഷന് സെന്ററില്‍ നടക്കുന്ന കെടിഎമ്മില്‍ എത്തിയ വിദേശ ടൂര്‍ ഏജന്റുമാര്‍ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ വളരാന്‍ കേരളത്തിനു വലിയ സാധ്യതകളുണ്ടെന്നും പ്രത്യേക പാക്കേജുകള്‍ ഉണ്ടാക്കി ഇതിനു തങ്ങളുടെ രാജ്യങ്ങളില്‍ പ്രചാരം നല്‍കുമെന്നും അറിയിച്ചു.
മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ പാക്കേജുകളാണ് ഇത്തവണ കെടിഎമ്മില്‍ തങ്ങള്‍ തേടുന്നത്. ആയുര്‍വേദ വെല്‍നെസ് ടൂറിസം മേഖലകള്‍ക്കുപുറമേ ഒരു പ്രത്യേക ടൂറിസം ഉത്പന്നം എന്നനിലയില്‍ കേരളത്തിന് ഹണിമൂണ്‍ ഡെസ്റ്റിനേഷനെ അവതരിപ്പിക്കാനാകുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ ഹണിമൂണ്‍, ഫാമിലി ഹോളിഡേ പാക്കേജുകളിലാണ് ഇപ്പോള്‍ തന്റെ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചിലിയന്‍ ടൂര്‍ ഏജന്റ് വെറോണിക്ക റിയോസെക്കോ പറഞ്ഞു.
മനോഹരമായ ഭൂപ്രകൃതി, ബീച്ചുകള്‍, കാലാവസ്ഥ, ഹൗസ് ബോട്ട്, ആതിഥേയ മര്യാദ തുടങ്ങിയവ കേരളത്തെ മികച്ച ഹണിമൂണ്‍ ഡെസ്റ്റിനേഷനാക്കുന്ന ഘടകങ്ങളാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്റെ ഹണിമൂണ്‍ പാക്കേജുകള്‍ക്കു സ്പെയിനില്‍ വലിയ വിപണിയുണ്ടെന്ന് സ്പെയിനിലെ ഇന്ക്രെബിള് മുണ്ടോ എന്ന ടൂര്‍ സ്ഥാപനത്തില്‍നിന്നുള്ള ഡീഗോ സെല്‍മ പറഞ്ഞു. വെല്‍നസ് ഡെസ്റ്റിനേഷനൊപ്പം സാഹസിക വിനോദത്തിന്റെയും മികച്ച കേന്ദ്രമാണു കേരളമെന്ന് യുകെ ആസ്ഥാനമായുള്ള ദോസ് ട്രാവല്‍ ഗയ്സിന്റെ പ്രതിനിധി പീറ്റര്‍ ഫോസ്റ്റര്‍ വ്യക്തമാക്കി.
കെടിഎം ഇന്നു സമാപിക്കും
കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് പുതിയ ദിശാബോധം നല്കിയ കേരള ട്രാവല്‍ മാര്‍ട്ട് ഇന്നു സമാപിക്കും.
വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ സാഗരസാമുദ്രിക കണ്വന്ഷന് സെന്ററിൽ നടക്കുന്ന മാര്‍ട്ടിലെ പവലിയനുകൾ ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നുമുതല്‍ പൊതുജനങ്ങള്‍ക്കു സൗജന്യമായി സന്ദര്‍ശിക്കാം. 347 സ്റ്റാളുകളാണ് കെടിഎമ്മിലുള്ളത്.
കേരളത്തിലെ ടൂറിസം മേഖലയുടെ നേര്‍ക്കാഴ്ച ട്രാവല്‍ മാര്‍ട്ടിലൂടെ സന്ദര്‍ശകര്‍ക്കു ദൃശ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.
76 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍
കെടിഎം 2024ല്‍ 76 രാജ്യങ്ങളില്‍നിന്നുള്ള 808 വിദേശ ബയര്‍മാരാണുള്ളത്. ഇതില്‍ 67 പേര് യുകെയില്‍നിന്നും 60 പേര് ഗള്‍ഫില്‍നിന്നും 55 പേര് യുഎസില്‍നിന്നും 34 പേര് റഷ്യയില്നിന്നുമുള്ളവരാണ്.
യൂറോപ്പിലെ മറ്റു ഭാഗങ്ങളില്‍നിന്ന് 245 ബയേഴ്സാണുള്ളത്. ആഫ്രിക്കയില്‍നിന്ന് 41 ഉം മറ്റുള്ളവര്‍ കിഴക്കന്‍ ഏഷ്യയില്നിന്നുമുള്ളവരാണ്. ഇന്ത്യയില്‍നിന്നുള്ള ബയേഴ്സില്‍ മഹാരാഷ്ട്ര (578) യാണു മുന്നില്‍.