കടലുണ്ടിക്കും കുമരകത്തിനും കേന്ദ്ര ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡ്
Friday, September 27, 2024 10:54 PM IST
തിരുവനന്തപുരം: ലോകടൂറിസം ദിനത്തിൽ ഇരട്ട പുരസ്കാരത്തിളക്കവുമായി കേരള ടൂറിസം. കേന്ദ്ര സർക്കാരിന്റെ ബെസ്റ്റ് റൂറൽ ടൂറിസം വില്ലേജ് അവാർഡിലാണ് കേരളം രണ്ടു പുരസ്കാരങ്ങൾക്ക് അർഹമായത്. ഉത്തരവാദിത്വ ടൂറിസം മിഷന്റെ മികവുറ്റ പദ്ധതികളാണ് കേരളത്തെ പുരസ്കാരത്തിന് അർഹമാക്കിയത്.
ഉത്തരവാദിത്വ മിഷൻ പദ്ധതികൾ മികച്ച രീതിയിൽ നടപ്പാക്കിയ കടലുണ്ടി, കുമരകം എന്നീ ഗ്രാമപഞ്ചായത്തുകൾക്കാണ് പുരസ്കാരം. കടലുണ്ടിക്കു ബെസ്റ്റ് റെസ്പോണ്സിബിൾ ടൂറിസം വില്ലേജ് അവാർഡും കുമരകത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണു ലഭിച്ചത്.
തുടർച്ചയായ രണ്ടാം വർഷമാണ് ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്വ ടൂറിസം മിഷന്റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയതോടെ കാന്തല്ലൂരിന് സുവർണ പുരസ്കാരം ലഭിച്ചിരുന്നു.
ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സാന്നിധ്യത്തിൽ കേന്ദ്ര ടൂറിസം, സാംസ്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കേരള റെസ്പോണ്സിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. അനുഷ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.