ഇവി കാർ വിപണിയിൽ തരംഗമാകാൻ എംജി വിന്‍ഡ്സര്‍
Saturday, September 14, 2024 12:01 AM IST
കൊച്ചി: മാന്വല്‍ കോംപാക്ട് എസ്യുവിയുടെ വിലയില്‍ രാജ്യത്തെ ആദ്യത്തെ ഇന്റലിജന്റ് ഇ-സിയുവി വിന്‍ഡ്സര്‍ പുറത്തിറക്കി ജെഎസ് ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. സെഡാന്റെ യാത്രാസുഖവും എസ്യുവിയുടെ വിസ്തൃതിയും ഒരുപോലെ നൽകുന്ന വിന്‍ഡ്സര്‍, എയ്റോഗ്ലൈഡ് ഡിസൈനിലാണു പുറത്തിറക്കുന്നത്.
വിശാലമായ ഇന്റീരിയർ, സുരക്ഷ, സ്മാര്‍ട്ട് കണക്ടിവിറ്റി, ഡ്രൈവിംഗ് കംഫർട്ട് എന്നിവയ്ക്കൊപ്പം നിരവധി ഹൈടെക് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്ന ‘പ്യുവര്‍ ഇവി പ്ലാറ്റ്ഫോമില്‍’ നിര്‍മിച്ച വിന്‍ഡ്സര്‍ ഇവി ബിസിനസ് ക്ലാസ് അനുഭവം ഉറപ്പുനൽകുന്നുവെന്ന് എംജി മോട്ടോഴ്സ് അധികൃതർ അവകാശപ്പെടുന്നു.
റേഞ്ച് 331 കിലോമീറ്ററുള്ള വാഹനത്തിന്റെ വില 9.99 ലക്ഷം രൂപ മുതലാണ്. റെന്റൽ സ്കീമിൽ ബാറ്ററി എന്ന പുതിയ സ്കീമാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹന വിപണിയിൽ ആദ്യമായാണ് ഇത്തരമൊരു സർവീസ് കൊണ്ടുവരുന്നത്.
മൂന്നര രൂപ വീതം ഓടുന്ന ഓരോ കിലോമീറ്ററിനും ബാറ്ററി റെന്റായി നൽകുന്ന സ്കീമാണിതെന്നു ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഡയറക്ടര്‍ പാര്‍ഥ് ജിന്‍ഡാല്‍ പറഞ്ഞു.
എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇന്റലിജന്റ് സിയുവി ലഭ്യമാകുക. സ്റ്റാര്‍ബര്‍സ്റ്റ് ബ്ലാക്ക്, പേള്‍ വൈറ്റ്, ക്ലേ ബീജ്, ടര്‍ക്കോയ്സ് ഗ്രീന്‍ എന്നീ നിറങ്ങളിൽ വാഹനം വിപണിയിലെത്തും. ലിമിറ്റഡ് പിരീഡ് ലോഞ്ച് വിലയിൽ പ്രീ റിസര്‍വേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ മൂന്നിന് ബുക്കിംഗ് ആരംഭിക്കും.