സ്വര്‍ണവില മുകളിലേക്ക്
Saturday, September 14, 2024 12:01 AM IST
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ സ്വര്‍ണവിലയില്‍ പവന് 7,760 രൂപയുടെ വര്‍ധന. നിലവില്‍ അന്താരാഷ്ട്ര സ്വര്‍ണവില കുതിച്ചുകയറുകയാണ്.
സംസ്ഥാനത്ത് ഇപ്പോള്‍ ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, നികുതി ഉള്‍പ്പെടെ 59,000 രൂപയ്ക്ക് അടുത്ത് നല്‍കണം. ഇന്നലെ സ്വര്‍ണവില ഗ്രാമിന് 6,825 രൂപയും 54,600 രൂപയുമായി.
24 കാരറ്റ് തങ്കക്കട്ടി കിലോഗ്രാമിന് ബാങ്ക് നിരക്ക് 75 ലക്ഷം രൂപ കടന്നിട്ടുണ്ട്. 2024 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ വില 2,063 ഡോളറായിരുന്നു. എട്ടു മാസത്തിനിടെ 507 ഡോളറിന്റെ വില വ്യത്യാസമാണ് അന്താരാഷ്ട്രതലത്തില്‍ ഉണ്ടായത്.
ഗ്രാമിന് 970 രൂപയുടെ വര്‍ധനവാണു രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില മുന്നോട്ടു കുതിക്കുമെന്ന സൂചനയാണ് വിപണി നല്‍കുന്നതെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
യുഎസ് പണപ്പെരുപ്പ കണക്കുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് സ്വര്‍ണം പുതിയ റിക്കാര്‍ഡ് ഉയരത്തിലെത്തിയത്.