ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റണ്‍വേയും നിർമിക്കാനും 30 വർഷത്തേക്ക് ടെർമിനലിന്റെ നിയന്ത്രണം പാട്ടത്തിന് സ്വന്തമാക്കാനുമുള്ള അദാനിയുടെ നീക്കങ്ങൾക്കാണ് കെനിയൻ ഹൈക്കോടതി തടയിട്ടത്. പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം കോടതി റദ്ദാക്കുകയായിരുന്നു.
വിമാനത്താവളം സ്വകാര്യ കന്പനിക്ക് പാട്ടത്തിന് നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കൂട്ടായ്മയും മനുഷ്യാവകാശ കമ്മീഷനും ഒരു എൻജിഒയുമാണ് കോടതിയെ സമീപിച്ചത്.
ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി ചെയർമാനായുള്ള അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ 185 കോടി ഡോളറിന്റെ (ഏകദേശം 15,500 കോടി രൂപ) ഇടപാട് കെനിയയ്ക്ക് താങ്ങാവുന്നതല്ലെന്നും സാന്പത്തിക അസ്ഥിരതയ്ക്ക് ഇടവരുത്തുമെന്നും തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വാദിച്ചു.
സ്വകാര്യ കന്പനിക്ക് കരാർ നൽകുന്നത് പൊതുജനം അടയ്ക്കുന്ന നികുതിക്ക് മൂല്യം കൽപ്പിക്കാത്ത പ്രവൃത്തിയാകുമെന്ന് ഇവർ ഹർജിയിൽ പറഞ്ഞു.
ജെകെഐഎയുടെ വികസനത്തിനുള്ള ഫണ്ട് കണ്ടെത്താൻ നീണ്ടകാലത്തെ പാട്ടക്കരാറിനു പോകാതെതന്നെ രാജ്യത്തിനു തനിച്ച് കണ്ടെത്താനുള്ള കഴിവുണ്ടെന്നും ഹർജിക്കാർ വാദിച്ചു.